TopTop
Begin typing your search above and press return to search.

'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' മിതാലി ദൊരൈ രാജ്

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മിതാലി ദൊരൈ രാജ്

'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' ഒരേഒരാളേയുള്ളൂ, അത് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറാണ്. സച്ചിന് ആ പേര് ചാര്‍ത്ത് കിട്ടിയത് കളിക്കളത്തിലെ പ്രകടനംകൊണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ പ്രകടനം വച്ച് നോക്കുകയാണെങ്കില്‍ മിതാലി രാജിനെയും 'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' എന്നു വിളിക്കാം. മിതാലിയുടെ ക്രിക്കറ്റ് കരിയര്‍ പരിശോധിക്കുകയാണെങ്കില്‍ താരത്മ്യം ചെയ്യാന്‍ സച്ചിന്‍ മാത്രമെയുള്ളൂ. ഇന്നത്തേ ഏറ്റവും 'മോസ്റ്റ് അഗ്രസീവ്' താരമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പോലും, ഇന്ത്യന്‍ വനിത ക്യാപ്റ്റന്‍ മിതാലിയുടെ കരിയറിന് മുന്നില്‍ ഒരു പടി പുറകിലാണ്. മിതാലി വീണ്ടും ശ്രദ്ധിക്കപ്പെടുന്നത് വനിത ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്തിന്റെ പേരിലാണ്. പുരുഷ ക്രിക്കറ്റിനെ പോലെ വനിതാ ക്രിക്കറ്റിനെയും ആരാധകര്‍ ആവേശത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയിട്ട്‌ അധികകാലമായിട്ടില്ല.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ (പ്രത്യേകിച്ച് വനിതകള്‍ക്ക്) കായിക മേഖലയ്ക്ക് വളരണമെങ്കില്‍ അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ കഴിവ് മാത്രം പോരാ ഗ്ലാമറും പ്രശസ്തിയും പണവും കൂടി വേണമെന്ന് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ലിയാണ്ടര്‍ പെയ്‌സ് ഒളിംപിക്‌സ് വെങ്കലം നേടി വന്നിട്ടും ടെന്നീസിന് പ്രശസ്തി വന്നത് സാനിയ മിര്‍സയുടെ കഴിവിനേക്കാള്‍ ഗ്ലാമറാണ് എന്നതാണ് സത്യം. അതുപോലെ സ്‌ക്വാഷില്‍ ദീപിക പള്ളിക്കല്‍. ഇതിന് ഒരു അപവാദമായി ബോക്‌സിംഗില്‍ മേരി കോമും, അത്‌ലറ്റിക്‌സില്‍ പിടി ഉഷയും, അഞ്ജു ബോബി ജോര്‍ജുമൊക്കെയുണ്ട്. പക്ഷെ ഇന്നും ആ മേഖല വലിയ ശ്രദ്ധ നേടിയിട്ടില്ല. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ ഇപ്പോള്‍ പ്രശസ്തി നല്‍കുന്നത് ഓപ്പണിംഗ് ഹിറ്റര്‍ സ്മൃതി മന്ദാനയുടെ സൗന്ദര്യമാണ്. സ്മൃതിയുടെ സ്‌ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയേക്കാളും ആ സൗന്ദര്യമാണ് ആരാധകരെ നേടികൊടുത്തത്. ഇപ്പോള്‍ മിതാലിയുടെ റെക്കോര്‍ഡ് ആഘോഷിക്കപ്പെടാനും ശ്രദ്ധിക്കപ്പെടാനും കാരണം സ്മൃതിയുടെ ഗ്ലാമര്‍ വൈറലായതിന്റെ തുടര്‍ച്ചയാണ്. ഒന്നര പതിറ്റാണ്ടിന് മുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് പുരുഷ താരങ്ങളെ പോലും ആസൂയപ്പെടുത്തികൊണ്ടിരിക്കുന്ന മിതാലിയ്ക്ക് ഒന്നോ രണ്ടോ അവസരങ്ങള്‍ ഒഴിച്ച് ഇപ്പോഴാണ് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നത്. കരിയര്‍ അവസാനിക്കാന്‍ അധികം നാളില്ലാത്ത മിതാലിക്ക് തന്റെ മുന്‍ഗാമികളുടെ അവസ്ഥയുണ്ടായില്ല എന്നത് തന്നെ ആശ്വാസം.

മിതാലി ദൊരൈ രാജ്?

തമിഴ്‌നാട്ടുകാരായ ദൊരൈ രാജിന്റെയും ലീലാ രാജിന്റെയും മകളായ മിതാലി ദൊരൈ രാജ്, 1982 ഡിസംബര്‍ 3-ന് ജോധ്പൂരിലാണ് ജനിച്ചത്. നൃത്തത്തിലായിരുന്നു മിതാലി ആദ്യം കൈവെച്ചത്. നൃത്ത പഠനം എട്ടുവര്‍ഷത്തോളം തുടരുകയും ചെയ്തു. മിതാലിക്ക് ക്രിക്കറ്റ് കിട്ടിയത് അമ്മയില്‍ നിന്നായിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായിരുന്നു ലീലാ രാജ്. അച്ഛന്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്നത് കൊണ്ട് ഇന്ത്യയിലെ പലിയിടത്തും മിതാലി താമസിച്ചിട്ടുണ്ട്. ഹൈദരാബാദ് സെന്റ് ജോണ്‍സ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പത്താം വയസ്സില്‍ മൂത്ത സഹോദരനോപ്പമായിരുന്നു ക്രിക്കറ്റ് പരിശീലനത്തിനു പോയിത്തുടങ്ങിയത്. കൃത്യം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1997-ല്‍ പതിഞ്ചാം വയസ്സില്‍ സാധ്യതാ ടീമില്‍ ഇടംനേടിയ മിതാലി ഇന്ത്യന്‍ ദേശീയ കുപ്പായത്തിലെത്തുന്നത് പിന്നെയും രണ്ട് വര്‍ഷത്തിന് ശേഷം പതിനേഴാം വയസിലായിരുന്നു. 1999-ല്‍ അയര്‍ലന്‍ഡിനെതിരെയുള്ള ആദ്യ രാജ്യാന്തര ഏകദിനത്തില്‍ തന്നെ സെഞ്ച്വറി (114 റണ്‍സിന് നോട്ടൗട്ട്) നേടി കൊണ്ടായിരുന്നു മിതാലി തന്റെ വരവ് അറിയിച്ചത്.

മിതാലി രാജ് മാതാപിതാകളോടൊപ്പം

ബാറ്റിംഗ് ഓള്‍റൗണ്ടറായ മിതാലി, വലം കൈക്കാരിയാണ്. വലംകൈ ലെഗ് ബ്രേക്ക് ബൗളറാണ്. 2002-ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു മിതാലിയുടെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റില്‍ മിതാലി ഒറ്റ സെഞ്ച്വറിയെ നേടിയിട്ടുള്ളൂ. അത് റിക്കോര്‍ഡുമാണ്. തന്റെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 214 റണ്‍സ് നേടിയ മിതാലി അന്ന് വാര്‍ത്തകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ മാധ്യമങ്ങളും ആരാധകരും കാര്യമായി ശ്രദ്ധിച്ചത് അന്നായിരുന്നു. 2006-ല്‍ ട്വന്റി-20 അരങ്ങേറ്റം നടത്തിയ മിതാലി, കുട്ടിക്രിക്കറ്റിലും മികച്ച പ്രകടനമാണ് നടത്തുന്നത്. 2005-ലെ ലോകകപ്പ് വിജയിയായ ഇന്ത്യയെ നയിച്ചത് മിതാലിയായിരുന്നു. 2008-ല്‍ ഇന്ത്യക്ക് നാലാം ഏഷ്യാ കപ്പ് കിരീടവും നേടിക്കൊടുത്തപ്പോഴും മിതാലിയായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ക്യാപ്റ്റന്‍ കൂള്‍ ധോണിയെപ്പോലെ മിതാലിയും ടീമിനെ നയിക്കുമ്പോള്‍ വളരെ കൂളാണ്. എന്നാല്‍ വിജയത്തിന് വേണ്ടിയുള്ള അഗ്രസീവ്‌നെസ് ഇപ്പോഴത്തെ ക്യാപ്റ്റന്‍ കോഹ്‌ലിയെ പോലെയാണ്. പല സമ്മര്‍ദ്ദ ഘട്ടത്തിലും ബാറ്റിംഗിന് തന്റെ സമയത്തിനായി പവലില്‍ ഇരിക്കുന്ന മിതാലിയെ കാണാന്‍ സാധിക്കുക പുസത്കങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നതാണ്. താന്‍ റൂമിയുടെ കവിതകളാണ് വായിക്കുന്നതെന്നും എതിരാളികളുടെ ഒരു പ്രകോപനത്തിലും വീഴാതെയും ക്രീസില്‍ കൂളായി ബാറ്റ് ചെയ്യാനും തന്ത്രങ്ങള്‍ മെനയാനും ആ കവിത വായനയാണ് സഹായിക്കുന്നതെന്ന് ഒരിക്കല്‍ മിതാലി പറഞ്ഞിട്ടുണ്ട്.

ഒട്ടേറെ റെക്കോര്‍ഡുകള്‍ നേടിയ മിതാലിയെ വനിതാ ക്രിക്കറ്റിലെ ടെന്‍ഡുല്‍ക്കര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതാ താരം, തുടര്‍ച്ചയായി ഏഴ് ഏകദിനങ്ങളില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട ആദ്യ വനിത, വനിതാ ഏകദിനത്തില്‍ 50-നു മുകളില്‍ ബാറ്റിങ് ശരാശരിയുള്ള രണ്ടുപേരിലൊരാള്‍ (മറ്റേ ആള്‍ ഓസ്‌ട്രേലിയയുടെ മെഗ്ലാനിങ്), ഏകദിനത്തില്‍ ആകെ നേടിയ അഞ്ച് സെഞ്ച്വറികളും നോട്ടൗട്ട് ഇന്നിങ്‌സുകള്‍, 2015-ല്‍ വിസ്ഡന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം, ഇന്ത്യന്‍ വനിതകളില്‍ ഏകദിനം-ടെസറ്റ്-ട്വന്റി20 എന്നിവയിലെല്ലാം ഏറ്റവുമധികം റണ്‍സ് നേടിയ താരം ഇതെല്ലാം മിതാലിയുടെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. വനിത ഏകദിന ക്രിക്കറ്റില്‍ നിലവിലെ ടോപ് സ്‌കോറര്‍ ഓസിസിന്റെ ചാര്‍ലോട്ട് എഡ്വേര്‍ഡിനെ മറികടന്ന് മിതാലി, 6000 റണ്‍സ് പിന്നിട്ട് നേടുന്ന ആദ്യ വനിതാ താരവുമായിരിക്കുകയാണ്. മിതാലിയുടെ റെക്കോഡ് ഗ്രാഫില്‍ ഇന്നത്തെ ഇന്ത്യയുടെ മാത്രമല്ല മറ്റ് രാജ്യങ്ങളിലെയും പുരുഷ താരങ്ങളും പിന്നിലാണ്. ഏകദിനത്തില്‍ മിതാലിയേക്കാള്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ളത് ആകെ 21 പുരുഷ താരങ്ങള്‍ മാത്രമാണ്. 170 മത്സരങ്ങളില്‍ നിന്ന് മിതാലി 48 അര്‍ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍ വിരാട് കോഹ്‌ലി 189 ഏകദിനത്തില്‍ നിന്ന് നേടിയ അര്‍ധ സെഞ്ച്വറി 43 എണ്ണം മാത്രമാണ്. ഇത് ഒരു ഉദ്ദാഹരണം മാത്രമാണ്.

മിതാലിയെ പുരുഷ താരങ്ങളുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. സച്ചിനെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നതുപോലെയാണ്, ആദ്യം അവരെ സച്ചിനുമായി താരതമ്യം ചെയ്തത്. നായകത്വത്തിലും ചില സ്വഭാവ സവിശേഷതകളിലും ധോണിയുമായും കോഹ്‌ലിയുമായി അവര്‍ക്ക് സാമ്യമുണ്ട്. പക്ഷെ അവരുടെ ശൈലിയും തന്ത്രങ്ങളും വേറെയാണ്. അതുകൊണ്ട് തന്നെയാണ് പുരുഷതാരങ്ങളെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അവരോട് ചോദിച്ചപ്പോള്‍ രോഷകുലയായി മറുപടി നല്‍കിയതും. പുരുഷതാരങ്ങളെ കുറിച്ച് ചോദിച്ചതിലായിരിക്കില്ല, ഒട്ടുമിക്ക പേരുടെയും ഉള്ളിലുള്ള മനോഭാവത്തോടെയുള്ള ചോദ്യത്തിന്റെ രീതിയായിരിക്കണം അവരെ ചൊടിപ്പിച്ചത്. പതിനെട്ട് കൊല്ലമായി അവര്‍ കളിക്കുന്നു. ഇതുപോലെയുള്ള പല ചോദ്യങ്ങളും 'കൂള്‍ മിതാലി' കേട്ടിട്ടുമുണ്ടാകും. ഇപ്പോള്‍ തങ്ങളും ശ്രദ്ധിക്കപ്പെടുന്നുണ്ട്, പുരുഷതാരങ്ങളുടെ നിഴല്‍ തങ്ങളില്‍ നിന്ന് അകന്ന് തുടങ്ങി എന്ന് മനസ്സിലായതുകൊണ്ടും കൂടിയാവണം അന്ന് അവര്‍ പൊട്ടിത്തെറിക്കാന്‍ കാരണം. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഇഷ്ട പുരുഷ താരം ആരെന്നായിരുന്നു ആ ചോദ്യം. അതിന് നല്‍കിയ ഉത്തരം 'ഒരു പുരുഷ താരമായിരുന്നെങ്കില്‍ നിങ്ങള്‍ അയാളോട് ഇഷ്ടപ്പെട്ട വനിതാ താരം ആരെന്ന് ചോദിക്കുമായിരുന്നോ?' എന്നായിരുന്നു. ആ ഉത്തരത്തിലുണ്ട് ആരാണ് മിതാലിയെന്നും എന്താണ് അവരുടെ നിലപാടുകളെന്നും.

മുപ്പത്തിനാലുകാരിയായ മിതാലി ഇത് തന്റെ അവസാന ലോക കപ്പായിരിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. സച്ചിന് ശേഷമുള്ള മികച്ച ഒരു ക്രിക്കറ്റ് താരമായ, അര്‍ജുന അവാര്‍ഡും പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള മിതാലിയുടെ കരിയര്‍ അവസാനിക്കുമ്പോള്‍ എങ്ങനെയായിരക്കും ഇവരെ രേഖപ്പെടുത്തുക. മിതാലിയെ മിതാലിയായിട്ട് തന്നെ രേഖപ്പെടുത്തുന്നതായിരിക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല അംഗീകാരം. ഒരു വനിതാ ധോണിയോ, വനിതാ കോഹ്‌ലിയോ അല്ല അവര്‍; മിതാലി മിതാലിയാണ്. 'ലേഡി മാസ്റ്റര്‍ ബ്ലാസ്റ്റര്‍' അല്ല മിതാലി, 'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' തന്നെയാണ്.

Next Story

Related Stories