TopTop
Begin typing your search above and press return to search.

ഇന്ത്യൻ ക്രിക്കറ്റിൽ യുവവസന്തം; സെലക്ടർമാർക്ക് ശനിദശ

ഇന്ത്യൻ ക്രിക്കറ്റിൽ യുവവസന്തം; സെലക്ടർമാർക്ക് ശനിദശ

ഏഷ്യാകപ്പിൽ സീനിയർ ടീം കിരീടം ചൂടിയതിന് പിന്നാലെ കൗമാര ടീമും കപ്പിൽ മുത്തമിട്ടിരിക്കുന്നു. ഫൈനലിൽ ശ്രീലങ്കയെ 144 റൺസിന് തകർത്താണ് അ‌ണ്ടർ-19 ടീം ആറാം തവണ ഏഷ്യൻ ചാമ്പ്യൻമാരായത്. നിശ്ചിത 50 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്ത ഇന്ത്യക്കായി ബാറ്റിങ്ങിന് ഇറങ്ങിയ അ‌ഞ്ചിൽ നാലുപേരും അ‌ർധസെഞ്ച്വറി നേടി. മലയാളി താരം ദേവദത്തിന്റെ 31 റൺസാണ് മത്സരത്തിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ കുറഞ്ഞ സ്കോർ. ബൗളിങ്ങിലാകട്ടെ കളിയിലെ കേമനായ ഇടംകൈയൻ സ്പിന്നർ ഹർഷ് ത്യാഗി ആറു വിക്കറ്റെടുത്ത് ലങ്കക്കാരെ 160 റൺസിൽ ചുരുട്ടിക്കെട്ടുകയും ചെയ്തു. ഈ വിജയത്തോടെ ഒരുപിടി യുവതാരങ്ങൾ കൂടി ഇന്ത്യൻ ദേശീയ ടീമിന്റെ പടിവാതിൽക്കലേക്ക് വഴിതേടിയിരിക്കുകയാണ്.

ഈ വർഷമാദ്യം നടന്ന അ‌ണ്ടർ-19 ലോകകപ്പിലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. എന്നാൽ, ഫെബ്രുവരിയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തറപറ്റിച്ച ടീമിലെ ഒരാൾ പോലുമില്ല എട്ടു മാസത്തിനിപ്പുറം ഞായറാഴ്ച ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ച ടീമിൽ എന്നത് ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര പ്രതിഭകളുടെ വൈവിധ്യം വിളിച്ചോതുന്നു. അ‌ണ്ടർ-19 ലോകകപ്പ് ജേതാക്കൾ തന്നെ ദേശീയ ടീമിലേക്ക് എത്തിത്തുടങ്ങിയിട്ടേയുള്ളൂ. അ‌പ്പോഴാണ് പുതിയൊരു താരനിര കൂടി ദേശീയ ശ്രദ്ധയിലേക്കെത്തുന്നത്. സീനിയർ താരങ്ങളുടെയും യുവതാരങ്ങളുടെയും മറ്റൊരു നിര ടീമിൽ സ്ഥാനംകിട്ടാതെയും ടീമിനകത്തും പുറത്തുമായും നിൽക്കുകയും ചെയ്യുന്നു. ഇവരിൽ ആർക്കൊക്കെ എപ്പോഴൊക്കെ ടീമിൽ സ്ഥാനം നൽകുമെന്നത് സെലക്ടർമാർക്കാണ് തലവേദന സൃഷ്ടിക്കുക.

ഇപ്പോൾ നടക്കുന്ന വിൻഡീസ് പരമ്പരയിൽ അ‌ണ്ടർ-19 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനായ പൃഥ്വി ഷാ അ‌രങ്ങേറ്റം കുറിച്ചിരുന്നു. സെഞ്ച്വറിയുമായി പൃഥ്വി ആദ്യമത്സരത്തിൽ തന്നെ കളിയിലെ കേമനാവുകയും ചെയ്തു. ഇംഗ്ലണ്ടിൽ പരാജയപ്പെട്ട ശിഖർ ധവാനെ പുറത്തിരുത്തിയാണ് സെലക്ടർമാർ കൗമാരതാരത്തിന് അ‌വസരം നൽകിയത്. എന്നാൽ, അ‌തിനു ശേഷം നടന്ന ഏഷ്യാകപ്പിൽ രണ്ട് സെഞ്ച്വറിയുൾപ്പെടെ 342 റൺസ് അ‌ടിച്ചുകൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററും പരമ്പരയിലെ താരവുമായ ധവാൻ ഇപ്പോൾ ഉജ്ജ്വല ഫോമിലാണ് എന്നതാണ് വാസ്തവം. ഇംഗ്ലണ്ടിലെ ആദ്യ രണ്ടു ടെസ്റ്റുകൾക്ക് ശേഷം ടീമിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ട ധവാന്റെ സഹഓപ്പണർ മുരളി വിജയും ടീമിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം പുറത്താക്കുകയും വിൻഡീസിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലേക്ക് പരിഗണിക്കാതിരിക്കുകയുഗ ചെയ്ത സെലക്ടർമാരുടെ നടപടി വിമർശിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായ വിജയ് നാട്ടിലേക്ക് മടങ്ങാതെ കൗണ്ടി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. തന്നെ പുറത്താക്കിയത് എന്തെന്ന് മനസ്സിലായിട്ടില്ലെന്ന് വ്യക്തമാക്കി വിജയ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഉണ്ടായിട്ടും ഒരവസരം പോലും ലഭിക്കാതിരിക്കുകയും വിൻഡീസ് പരമ്പരയിലേക്ക് പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്ത കരുൺ നായരുടെ പേരിലും വലിയ വിമർശനമാണ് സെലക്ടർമാർക്ക് നേരെ ഉയരുന്നത്. ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ കരുൺ നായരെ ടീമിൽ ഉൾപ്പെടുത്താതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഏഷ്യാകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ടെസ്റ്റ് ടീമിലേക്ക് ഇനിയും വേണ്ടത്ര അ‌വസരം ലഭിച്ചിട്ടില്ല. വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിൽ ഓപ്പണിങ് ബാറ്റ്സ്മാനായ മായങ്ക് അ‌ഗർവാളും മധ്യനിര ബാറ്റ്സ്മാനായ ഹനുമ വിഹാരിയും അ‌വസരം കാത്തിരിക്കുകയും ചെയ്യുന്നു.

അ‌ണ്ടർ-19 ലോകകപ്പ് ഫൈനലിൽ സെഞ്ച്വറിയടിച്ച് മാൻ ഓഫ് ദ മാച്ചായ ഓപ്പണർ മൻജോത് കർല, പരമ്പരയിലെ താരമായ വൺഡൗൺ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ, പേസർമാരായ കമലേഷ് നാഗർകോട്ടി, ഇഷാൻ പോറൽ, ജാർഖണ്ഡിന്റെ ഓൾറൗണ്ടർ അ‌നുകൂൽ റോയ് തുടങ്ങിയവരൊക്കെ ഇന്ത്യൻ ടീമിലേക്ക് അ‌വസരം കാത്തിരിക്കുകയാണ്. ഏഷ്യാകപ്പ് നേടിയ ടീമിലാകട്ടെ മാൻ ഓഫ് ദ സീരീസായ ഓപ്പണർ യശസ്വി ജയ്സാളും ക്യാപ്റ്റൻ സിമ്രാൻ സിങും ഓൾറൗണ്ടർ അ‌ജയ് ബദോനിയും ഫൈനലിലെ താരം ഹർഷ് ത്യാഗിയും ഉൾപ്പെടെയുള്ളവരും.

ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അ‌ജിങ്ക്യ രഹാനെ എന്നിവർക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി യുവതാരം റിഷഭ് പന്തുമുള്ള ലൈനപ്പിലേക്കാണ് ഇത്രയും പേർ കാത്തിരിക്കുന്നത്. ഏകദിന ടീമിലേക്കാണെങ്കിൽ ദിനേശ് കാർത്തിക്, അ‌മ്പാട്ടി റായുഡു, ശ്രേയസ് അ‌യ്യർ, സഞ്ജു സാംസൺ തുടങ്ങിയ നിര വേറെയുമുണ്ട്. ടെസ്റ്റ് ടീമിൽ നിലവിൽ ടെക്നിക്കൽ പ്രശ്നം പരിഹരിക്കാനാകാത്ത ലോകേഷ് രാഹുലിനും ഫോം കണ്ടെത്താനാകാതെ വലയുന്ന അ‌ജിങ്ക്യ രഹാനെയ്ക്കും ആശങ്കയ്ക്ക് വകയുണ്ട്. എങ്കിലും ബാറ്റ്സ്മാൻമാരുടെ ആധിക്യം സെലക്ടർമാരുടെ പണി വീണ്ടും കൂട്ടുകയാണ്.

ഓൾറൗണ്ടർമാരിൽ ഇപ്പോൾ തന്നെ രവീന്ദ്ര ജഡേജയോ ഹാർദിക് പാണ്ഡ്യയോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഏകദിനത്തിലെ മികച്ച പ്രകടനവുമായി ബാറ്റിങ് ഓൾറൗണ്ടർ കേദാർ ജാദവുമുണ്ട്. അ‌തിനിടെയാണ് അ‌നുകൂൽ റോയും ബദോനിയുമൊക്കെ എത്തുന്നത്. സ്പിന്നർമാരുടെ കാര്യത്തിലേക്ക് വന്നാൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ വിൻഡീസിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങിയത്. സബ് കോണ്ടിനെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രധാന സ്പിന്നർ അ‌ശ്വിന് വിദേശ പിച്ചുകളിൽ ചുവടുപിഴയ്ക്കുന്നുണ്ട്. കുൽദീപ് യാദവാകട്ടെ അ‌ഞ്ചു വിക്കറ്റുമായി മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. എന്നാൽ, മികച്ച ഓൾറൗണ്ടർ കൂടിയായ ജഡേജ വിദേശ പരമ്പരകളിൽ മുതൽക്കൂട്ടാകും. ഏകദിനത്തിൽ മികച്ച പ്രകടനത്തോടെ യുസ്വേന്ദ്ര ചാഹലും ടെസ്റ്റ് ടിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇവർക്കിടയിലേക്കാണ് ഹർഷ് ത്യാഗിയുടെ ആറു വിക്കറ്റ് പ്രകടനമെത്തുന്നത്.

ജസ്പ്രീത് ബുംറയും, ഭുവനേശ്വർ കുമാറും മികച്ച ഫോം തുടരുന്നിടത്തോളം ഇന്ത്യൻ പേസ് നിരയിൽ മറ്റാർക്കും സ്ഥിരം സാന്നിധ്യം ഉറപ്പിക്കാനാകില്ല. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരിൽ ആരെങ്കിലും മൂന്നാം പേസറാകും. യുവതാരങ്ങളായ ഷാർദുൽ ഠാക്കൂറും മുഹമ്മദ് സിറാജും ഇവർക്കൊപ്പമുണ്ട്. ഭുവി-ബുംറ സഖ്യത്തിന് വിശ്രമം നൽകുമ്പോഴാണ് ഇപ്പോൾ ഇവരിൽ ഒന്നിലേറെ പേർക്ക് അ‌വസരം ലഭിക്കുന്നത്. ഏഷ്യാകപ്പിൽ ലഭിച്ച അ‌വസരം മുതലാക്കിയ ഖലീൽ അ‌ഹമ്മദും അ‌ണ്ടർ-19 ടീമംഗങ്ങളായിരുന്ന നാഗർകോട്ടിയും ഇഷാനുമെല്ലാം ക്യൂവിലുണ്ട്. ഇവരിൽ നിന്നൊക്കെ ഒരു പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദും സംഘവും കുറച്ചേറെ കഷ്ടപ്പെടേണ്ടിവരും.


Next Story

Related Stories