TopTop
Begin typing your search above and press return to search.

പ്രിയപ്പെട്ട പി.യു ചിത്ര, നീ കാതറിന്‍ സ്വിട്‌സറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പ്രിയപ്പെട്ട പി.യു ചിത്ര, നീ കാതറിന്‍ സ്വിട്‌സറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പ്രിയപ്പെട്ട ചിത്ര,

ഏറ്റവും വിഷമം പിടിച്ച സമയത്തിലൂടെയാണ് നീ കടന്നുപോവുന്നത് എന്നറിയാം. അവസരങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടപ്പോഴൊക്കെ പൊരുതിനിന്ന ചരിത്രമാണ് നമുക്കുള്ളത് എന്നറിയാമല്ലോ. അത് കൊണ്ട് ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ തെല്ലുപോലും തളരരുത്, മറിച്ച് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജമാവണം ഇത്. അതുകൊണ്ട് തന്നെ 50 വര്‍ഷം മുമ്പ് നടന്ന സമാനതകളില്ലാത്ത ഒരു പോരാട്ടത്തെ പറ്റി നീയറിയണം. 1966ലെ ഒരു ഡിസംബര്‍ മാസം, 'മാരത്തോണ്‍ ഓട്ടം നിന്നെപോലുള്ള ദുര്‍ബലരായ പെണ്ണുങ്ങള്‍ക്ക് പറഞ്ഞതല്ല എന്ന്' കോച്ചായ ആര്‍നി ബ്രിഗ്‌സ് തന്റെ മുഖത്ത് നോക്കി പറയുമെന്ന് അവള്‍ ഒരിക്കലും വിചാരിച്ചില്ലായിരുന്നു. അപമാനം കൊണ്ട് കാതറിന്‍ സ്വിട്‌സറിന്റെ തല താഴ്ന്നുപോയി. 19-കാരിയായ കാതറിന്‍ സ്വിട്‌സര്‍ അന്ന് സിറാക്യൂസ് സര്‍വകലാശാലയിലെ ഒരു മാധ്യമവിദ്യാര്‍ത്ഥിയായിരുന്നു. ആ നിമിഷം തന്നെ അവള്‍ മനസില്‍ കുറിച്ചു, ലോകത്തുള്ള സകല സ്ത്രീകള്‍ക്ക് വേണ്ടി, അവരൊക്കെ അബലരാണെന്ന് മുദ്രകുത്തുന്ന ആണ്‍പന്നികള്‍ക്ക് വേണ്ടി, 'ഞാന്‍ മാരത്തോണ്‍ ഓടുക തന്നെ ചെയ്യും..'

അക്കാലത്ത് സ്ത്രീകള്‍ക്ക് മാരത്തോണ്‍ പോലുള്ള ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലായിരുന്നു. കാതറിന്‍ സ്വിട്‌സറിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അവസാനം മനസില്ലാമനസോടെ കോച്ച് സമ്മതം മൂളി. പക്ഷെ ഒരു വനിതയ്ക്ക് അത്രയും കഠിനമായ മത്സരത്തില്‍ പിടിച്ചുനില്‍ക്കുവാന്‍ പറ്റുമോ എന്നതില്‍ കോച്ചിന് വിശ്വാസം തെല്ലുമില്ലായിരുന്നു. പിറ്റേന്ന് മുതല്‍ കാതറിനും ബ്രിഗ്‌സും പരിശീലനമാരംഭിച്ചു. നിരന്തര പരിശീലനത്തിനൊടുവില്‍ 1967ല്‍ അവര്‍ താന്‍ സ്ത്രീയാണെന്ന് വെളിപ്പെടുത്താതെ, പ്രശസ്തമായ ബോസ്റ്റണ്‍ മാരത്തോണ്‍ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തു. നീളന്‍ ജാക്കറ്റ് അണിഞ്ഞ്, ആരാലും കാണാതെ 'കെവി സ്വിട്‌സര്‍- 261 ' എന്ന നമ്പറില്‍ കാതറിനും, കോച്ച് ആര്‍നി ബ്രിഗ്സും, ജോണ്‍ ലിയോണാര്‍ഡ് എന്ന സുഹൃത്തും, പിന്നെ കാതറിന്റെ കാമുകനായ തോമസ് മില്ലറും മത്സരം തുടങ്ങുന്ന കവാടത്തിനടുത്തെത്തി. നീളന്‍മുടി ഒതുക്കിവെക്കാത്തതിനും, ലിപ്സ്റ്റിക് ഇട്ടതിനും തോമസ് കാതറിനെ വഴക്ക് പറഞ്ഞുകൊണ്ടേയിരുന്നു.

അങ്ങനെ ആ ചരിത്ര നിമിഷം വന്നെത്തി; മത്സരം ആരംഭിച്ചു. കുറച്ചൊന്നു ഓടിയപ്പോഴാണ് പിറകില്‍ നിന്നും കരുത്തനായ ഒരാള്‍ അവളെ കടന്നുപിടിച്ചത്. അപ്രതീക്ഷിതമായ അക്രമത്തില്‍ കാതറിന്‍ വീഴാന്‍ പോയി, പകച്ചു പോയ അവളെ അയാള്‍ വട്ടം പിടിച്ചു. പിറകില്‍ പിന്‍ ചെയ്ത നമ്പര്‍ അയാള്‍ വലിച്ചു പറിച്ചു. കയ്യില്‍ പിടിച്ചു താഴേക്ക് വീഴ്ത്താന്‍ ശ്രമിച്ചു, കുതറിമാറിയ കാതറീന്റെ കയ്യുറയില്‍ ആയിരുന്നു അയാളുടെ പിടിത്തം. 'എന്റെ മത്സരത്തില്‍ നിന്നും ഇറങ്ങി പോടി ' എന്ന് ആക്രോശിച്ചു കൊണ്ട് അയാള്‍ പിന്നെയും അവളെ ആക്രമിക്കാന്‍ തുടങ്ങി. ബോസ്റ്റണ്‍ മാരത്തോണ്‍ നടത്തിപ്പുകാരനായിരുന്ന ജോക്ക് സെമ്പിള്‍ ആയിരുന്നു ആ അക്രമി. അമേരിക്കന്‍ ഫുട്‌ബോള്‍ താരമായിരുന്ന തോമസ് മില്ലര്‍, ജോക്കിനെ തള്ളിമാറ്റി... അത്രയും കരുത്തുറ്റ ഒരു അക്രമം കാത്തിയുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. തോമസ്, ജോക്കിനെ തള്ളിയിടുകയും ചെയ്തപ്പോള്‍ കാതറിന്‍ സ്തബ്ധയായി. അയാള്‍ക്ക് വല്ലതും പറ്റിയോ? താനും കൂട്ടുകാരും ജയിലിലാവുമോ? കാത്തിയുടെ മനസില്‍ പലവിധ ചോദ്യങ്ങള്‍ ഉയര്‍ന്നു. താന്‍ വരേണ്ടിയിരുന്നില്ല എന്ന് വരെ അവള്‍ക്ക് തോന്നി. 'വേഗത്തില്‍ ഓട്...' ആര്‍നി ബ്രിഗ്സിന്റെ ഉയര്‍ന്ന ശബ്ദം അവളെ ഉണര്‍ത്തി....

താനിത് നിര്‍ത്തിയാല്‍ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് ലോകം പറയും, താനിത് നിര്‍ത്തിയാല്‍ ജോക്കിനെ പോലുള്ളവര്‍ എന്നും വിജയിച്ചു കൊണ്ടേയിരിക്കും, താനിത് നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് മാരത്തോണ്‍ ഓടാന്‍ പറ്റുമെന്ന് ലോകം ഒരിക്കലും അറിയാന്‍ പോവുന്നില്ല... അല്‍പ്പസമയത്തേക്ക് പകച്ചുപോയെങ്കിലും കാതറിന്‍ ആത്മസംയമനം വീണ്ടെടുത്തു, അനേകായിരം സ്ത്രീകള്‍ക്ക് വേണ്ടി താന്‍ ഇത് പൂര്‍ത്തിയാക്കണം എന്ന് അവര്‍ തന്നോട് തന്നെ പറഞ്ഞു... ഇപ്പോഴിത് നിര്‍ത്തിയാല്‍ കായികരംഗത്തെ വനിതകളെ പിന്നിലേക്ക്, നൂറ്റാണ്ടുകള്‍ പുറകിലോട്ട് വലിച്ചിടുന്ന പോലെയാവും ഇതെന്ന് കാതറിന്‍ വിചാരിച്ചു. അനിവാര്യമായ ഒരു ചരിത്രരചന; അത് തന്റെ കടമയാണെന്ന് അവള്‍ക്ക് തോന്നി...

ജോക്ക് സെമ്പില്‍ പിന്നെയും അവരെ തേടിയെത്തി. വലതുവശത്തെ പാതയിലൂടെ ഓടുന്ന ബസിന്റെ തുറന്ന വാതിലില്‍ നിന്നുകൊണ്ട്, മുഷ്ടിചുരുട്ടി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. 'നിങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം ആയിരിക്കുന്നു'. ആര്‍നി ബ്രിഗ്‌സ് അവളെ നോക്കി; കാതറിന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു 'നിങ്ങളൊക്കെ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും തുടങ്ങിവെച്ചത് ഞാന്‍ അവസാനിപ്പിക്കും. അത് മുട്ടിലിഴയേണ്ടി വന്നാല്‍ കൂടിയും ഇനി എനിക്കീ മാരത്തോണ്‍ ഫിനിഷ് ചെയ്യണം'. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ക്യാമറക്കണ്ണുകള്‍ തുറന്നുപിടിച്ചു കൊണ്ട് അവളുടെ കൂടെയോടി. 'എന്താണ് തനിക്ക് തെളിയിക്കാനുള്ളത്? ആരോടാണ് വാശി? എപ്പോഴാണ് ഓട്ടം നിറുത്തുക? എത്ര ദൂരം വരെ ഓടും? മാധ്യമപ്രവര്‍ത്തകരുടെ പരിഹാസച്ചുവയുള്ള ചോദ്യശരങ്ങള്‍ക്കിടെ, കൂവിവിളിക്കുന്ന ആണാള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൂടെ തലയുയര്‍ത്തിപ്പിടിച്ച് കാതറിന്‍ ഓടി; 41 കിലോമീറ്ററും ഓടിത്തീര്‍ത്തു.

സ്ത്രീകള്‍ക്ക് ഓടാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലത്ത്, ശക്തമായ കായികാക്രമണം വരെ നേരിട്ടുകൊണ്ട് മാരത്തോണ്‍ മത്സരത്തിന്റെ അതികഠിനമായ മുഴുവനും കിലോമീറ്ററും ഓടിത്തീര്‍ത്തു കാത്തി സ്വിട്‌സര്‍. മാരത്തോണ്‍ ഓടാനുള്ള കരുത്തും സ്റ്റാമിനയും മനക്കട്ടിയും സ്ത്രീകള്‍ക്കില്ല എന്നു പറഞ്ഞവരുടെ മുഖത്തേറ്റ അടിയായിരുന്നു അത്. അങ്ങനെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ചുവാങ്ങിയ ഒരു ചരിത്രമുണ്ട് ചിത്ര, നമുക്ക്. അതിനും ഒരു വര്‍ഷം മുന്‍പ്, ബോബി ഗിബ്സ് എന്ന ഓട്ടക്കാരി ബോസ്റ്റണ്‍ മാരത്തോണ്‍ ഓടാനെത്തിയിരുന്നു. വേഷം മാറി അവിടെയെത്തിയ ബോബി മത്സരം തുടങ്ങുന്ന കവാടത്തിനടുത്ത് കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു. മത്സരം തുടങ്ങിയപ്പോള്‍ ആരും കാണാതെ ആ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഇറങ്ങിയോടി കിലോമീറ്ററും ഓടിത്തീര്‍ത്തു. മാരത്തോണ്‍ ഓടാന്‍ സ്ത്രീകള്‍ക്ക് കരുത്തുണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു അന്ന് ബോബി ഗിബ്സ്... ഇങ്ങനെയൊരു ചരിത്രവും ചിത്രയുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

തടസങ്ങളെ പുഷ്പം പോലെ മറികടന്ന്, ഗെന്‍സബേ ഡിബാബയോടൊന്നിച്ച്, അബീബ അരേഗാവിയുടെ, ലോറ മുഇറിന്റെ, മറിയം യൂസഫ് ജമാലിന്റെ, ഫെയ്ത് കിപ്യോഗിന്റെ, സിഫാന്‍ ഹാസന്റെ, ജെന്നി സിംപ്സന്റെ, തോളോട് തോള് ചേര്‍ന്ന് ലോകവേദികളില്‍ മത്സരിക്കാന്‍ ചിത്രയ്ക്കാവട്ടെ... വെറുംകാലുകളില്‍ ഓടി സ്‌കൂള്‍മീറ്റുകളില്‍ റെക്കോര്‍ഡുകളുടെ സുവര്‍ണശോഭയില്‍ എത്തിയ ആ മെലിഞ്ഞ കുട്ടിയില്‍ നിന്നും ചിത്ര ഏറെദൂരം താണ്ടിയിരിക്കുന്നു. അതിലുമേറെ ഇനി മുന്നേറാനുമിരിക്കുന്നു. ഞങ്ങള്‍ക്കുറപ്പുണ്ട് ചിത്രയ്ക്ക് മെഡലുകള്‍ നേടുവാനുള്ള കഴിവുണ്ടെന്ന്... കരുത്തുണ്ടെന്ന് ... നിശ്ചയദാര്‍ഢ്യമുണ്ടെന്ന്!

ഒരു നല്ല മത്സരം വന്നപ്പോള്‍ സ്വന്തം വ്യക്തിഗത സമയം ഏഴ് സെക്കന്‍ഡോളം കുറച്ച് 4:17:92 എത്തിക്കാന്‍ നിനക്കായി, 4:13:46 എന്ന ഒ പി ജെയ്ഷയുടെ സമയവും, സിനിമോള്‍ പൗലോസിന്റെ 4:13:42 സമയവും, മരുന്നുമണമുള്ള 4:06:03 എന്ന സുനിതാറാണിയുടെ റെക്കോര്‍ഡും ഏറെ അകലെയല്ല എന്നോര്‍ക്കുക. ഓടാനുള്ള അവകാശത്തെ കായികമായ അക്രമത്തെ അതിജീവിച്ചും നേടിയെടുത്തതാണ് നമ്മുടെ ചരിത്രം. എത്ര തേച്ചുമായ്ച്ചുകളഞ്ഞാലും, പിന്നിലേക്ക് മാറ്റിയിരുത്തിയാലും സൂര്യശോഭയോടെ ഉദിച്ചുയരാന്‍ പെണ്ണിന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ കാതറിനും ബോബിയ്ക്കും പറ്റിയെങ്കില്‍ ചിത്രയോര്‍ക്കുക, അസാധ്യമായി ലോകത്ത് ഒന്നുമില്ല. ഈ തടസങ്ങളെ പ്രചോദനമായി കാണുക, നിന്റെ സമയം വരാനിരിക്കുന്നതേയുള്ളൂ.

ഈ നാട് മുഴുവനും നിന്നോടൊപ്പമുണ്ട്, 1500 മീറ്ററിന്റെ ഓരോ വളവിലും തിരിവിലും, വിയര്‍പ്പിലും കിതപ്പിലും, ശ്വാസത്തിലും ഈ നാട്ടിലെ ജനങ്ങളായ, സാധാരണക്കാരായ, ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ട്. ഓരോ സ്ട്രൈഡിലും കാതറിന്‍ സ്വിട്‌സറിന്റെ പോരാട്ടവീര്യം നിറയട്ടെ. ബോബി ഗിബ്‌സിന്റെ കരുത്ത് നിറയട്ടെ...

എന്ന് ,

സാധാരണക്കാരായ കായികപ്രേമികളില്‍ ഒരാള്‍.

Next Story

Related Stories