TopTop
Begin typing your search above and press return to search.

ഐപിഎല്ലും നഷ്ടമാകും? ക്രിക്കറ്റില്‍ നിന്നും ഷമി ഹിറ്റ് വിക്കറ്റ് ആയി പുറത്തേക്കോ!

ഐപിഎല്ലും നഷ്ടമാകും?  ക്രിക്കറ്റില്‍ നിന്നും ഷമി ഹിറ്റ് വിക്കറ്റ് ആയി പുറത്തേക്കോ!

ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പൊലീസ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ തയ്യാറെടുക്കുന്നു. സിആര്‍പിസി സെക്ഷന്‍41എ പ്രകാരമാണ് ഷമിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഗാര്‍ഹികപീഢനം, ബലാത്സംഗം, കൊലപാതകശ്രമം തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകള്‍ വരെ ഉള്‍പ്പെടുത്തിയാണ് ഷമിക്കും, അദ്ദേഹത്തിന്റെ അമ്മ അന്‍ജുമാന്‍ ആറ ബാഗം, സഹോദരി,സബീന അഞ്ജും, സഹോദരന്‍ മൊഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീന്‍ എന്നിവര്‍ക്കെതിരേ പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്.

കൊല്‍ക്കത്ത പൊലീസിന്റെ ഡിറ്റക്റ്റീവ് വിഭാഗം ഹസിന്‍ ജഹാന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞിരിക്കുന്ന എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്നാണ് ജോയിന്റ് കമ്മിഷണര്‍(ക്രൈം) പ്രവീണ്‍ ത്രിപാഠി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഇപ്പോഴത്തെ വകുപ്പുകള്‍ പ്രകാരം ഷമിയെ അറസ്റ്റ് ചെയ്യാവുന്നതാണെങ്കിലും പൊലീസ് ഉടനെ അതിനു തയ്യാറാകില്ലെന്നും അറിയുന്നു. ഗാര്‍ഹിക വഴക്ക് ആയതിനാലും ഷമി പ്രശസ്തനായ ഒരു വ്യക്തിയായതിനാലും പൊലീസ് തിരക്കിട്ടൊരു നടപടിയിലേക്ക് നീങ്ങില്ല. മാത്രമല്ല, ഷമിയെപോലെ എല്ലാവരും തിരിച്ചറിയുന്നൊരാള്‍ക്ക്, പൊലീസിനെ വെട്ടിച്ച് മുങ്ങാന്‍ കഴിയില്ലെന്നതും അദ്ദേഹത്തെ ഇപ്പോള്‍ സ്വതന്ത്രനാക്കി നിര്‍ത്തുന്നതിന് കാരണമാണ്. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാകുന്നല്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്യുമെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. ജാദവ്പൂരില്‍ ഹസിന്‍ ജഹാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിനു സമീപം ഒരു പൊലീസ് പിക്കറ്റ് താത്കാലികമായി സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം ഭാര്യയില്‍ നിന്നുണ്ടായിരിക്കുന്ന ഗുരുരതരമായ ആരോപണങ്ങളും പൊലീസ് കേസും മുഹമ്മദ് ഷമി എന്ന ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളറുടെ കരിയര്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബിസിസിഐ അദ്ദേഹത്തെ കളിക്കാരുടെ കരാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനു പിന്നാലെ ഇപ്പോള്‍ ഷമിയുടെ ഐപിഎല്‍ ടീമായ ഡല്‍ഹി ഡയര്‍ഡെവിള്‍സും താരത്തിന്റെ കാര്യത്തില്‍ ഒരാലോചന നടത്തുകയാണ്. ബിസിസിഐയുടെ തീരുമാനം കാത്തിരിക്കുകയാണെന്നും അതിനുശേഷം മാത്രമെ ബംഗാള്‍ താരത്തെ ടീമിനൊപ്പം ചേര്‍ക്കണോ വേണ്ടയോ എന്നത് വ്യക്തമാക്കാന്‍ കഴിയൂ എന്നാണ് ഫ്രാഞ്ചെസി പറയുന്നത്. ഷമിയുടെ കാര്യത്തില്‍ ഏകപക്ഷീയമായ ഒരു തീരുമാനം എന്തായാലും ഉണ്ടാകില്ലെന്നാണ് ഡല്‍ഹി ഡയര്‍ഡെവിള്‍സ് ഉടമകള്‍ പറയുന്നത്. ബിസിസഐയുടെ നിലപാട് വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ പറയുന്നു. അസേമയം ടീമിന്റെ സത്‌പേര് കളയുന്നതരത്തിലുള്ള ഒന്നും അംഗീകരിക്കാന്‍ സാധ്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ആരാധകരുടെ എതിര്‍പ്പ് ടീമിന് ഉണ്ടാക്കിവയ്ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന സൂചനയും ഷമിയുടെ നില ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ പരുങ്ങലില്‍ ആണെന്നാണ് വ്യക്തമാക്കുന്നത്.

നേരത്തെ പരിക്ക് ഈ താരത്തെ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമാക്കുന്നതില്‍ നിന്നും തടസപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. ഭുവനേശ്വരും ബുംമ്രയും കഴിഞ്ഞ് മൂന്നാം ഫാസ്റ്റ് ബൗളറുടെ സ്ഥാനമായിരുന്നു ഷമിക്കെങ്കിലും അയാള്‍ വിശ്വസ്തനായ കളിക്കാരന്‍ ആയിരുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരുടെ നല്ലൊരു നില അവസരത്തിനായി കാത്തുനില്‍ക്കുകയാണ്, ജുനൈദ് ഉനദ്കട്ട്, ഷര്‍ദൂല്‍ താക്കൂര്‍ എന്നിവരൊക്കെ ഇപ്പോള്‍ തന്നെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നവരാണ്, തമിഴ്‌നാടിന്‍രെ വിജയ് ശങ്കര്‍ ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-ട്വന്റി പരമ്പരയില്‍ മികച്ച പ്രകടനമാണ് കാണിക്കുന്നത്. ഇതെല്ലാം ഒരര്‍ത്ഥത്തില്‍ ഷമിക്ക് തിരിച്ചടിയായിരുന്നു. അതിനൊപ്പമാണ് ഇപ്പോള്‍ അദ്ദേഹം വിവാദത്തില്‍പ്പെട്ടിരിക്കുന്നതും. ഐഎപിഎല്ലിലും കൡക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഷമിക്ക് ഉണ്ടാക്കുന്ന നഷ്ടം വലുതായിരിക്കും. അതിനെല്ലാം മേലെയാണ് ഹസിന്റെ പരാതിയില്‍ ഷമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍. അങ്ങനെയെങ്കില്‍ ഷമിയെ ബിസിസിഐ വിലക്കാനും സാധ്യതയാണ്. അതോടെ മുഹമ്മദ് ഷമിയുടെ കരിയര്‍ ഏതാണ് അവസാനിക്കും, തിരിച്ചുവരാന്‍ അദ്ദേഹത്തിന് ശ്രമിക്കാമെന്നു മാത്രം.


Next Story

Related Stories