TopTop
Begin typing your search above and press return to search.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഭരിക്കേണ്ടത് കായികതാരങ്ങളാണ്; രാഷ്ട്രീയക്കാരല്ല

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഭരിക്കേണ്ടത് കായികതാരങ്ങളാണ്; രാഷ്ട്രീയക്കാരല്ല

അഴിമുഖം പ്രതിനിധി

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജിവച്ചില്ലായിരുന്നെങ്കില്‍ അഞ്ജുവിനെ ഒരുപക്ഷേ പുറത്താക്കിയേക്കുമായിരുന്നു. വിഷയം അതല്ല. അടുത്തതാര്? കായിക സംഘടനയുടെ തലപ്പത്തേക്ക് വരുന്നത് കായികതാരമോ അതോ രാഷ്ട്രീയക്കാരോ?

രാഷ്ട്രീയത്തില്‍ കായികപ്രകടനങ്ങള്‍ പലതും നടക്കാറുണ്ട്, അതുപോലെയാകില്ല കായികരംഗത്ത് അത്തരം പ്രകടനം നടത്തിയാല്‍. അക്കാര്യം ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിക്കുമോ? അഞ്ജുവിന് പകരം വരുന്നൊരാള്‍ കായിക രംഗത്തു നിന്നാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ വരുന്നയാള്‍ക്കുമാത്രമായിരിക്കും പ്രയോജനം. ചലച്ചിത്ര അക്കാദമിയിലോ സംഗീത, ലളിതകല അക്കാദമികളിലോ ചെയര്‍മാനാക്കുന്നത് രാഷ്ട്രീയക്കാരെയല്ല, കലാമേഖലയില്‍ നിന്നുള്ളവരെയാണ്. പിന്നെയെന്തുകൊണ്ട് ആ കീഴ്‌വഴക്കം സ്പോര്‍ട്സ് കൗണ്‍സിലിന്റെ കാര്യത്തിലും തുടര്‍ന്നു കൂട?


പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഗജേന്ദ്ര ചൗഹാനെ കൊണ്ടുവന്നതും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഭരിക്കാന്‍ ചേതന്‍ ചൗഹാനെന്ന ക്രിക്കറ്റ് കളിക്കാരനെ കൊണ്ടുവന്നതും എങ്ങനെ നീതികേടാകുമോ അതുതന്നെയാകും കായിക സംഘടന ഭരിക്കാന്‍ ഏതെങ്കിലും രാഷ്ട്രീയക്കാരെ നിയമിക്കുന്നതും.

കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അഞ്ജുവിന്റെ പിന്‍ഗാമിയായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കസേരയില്‍ വരിക ടി പി ദാസന്‍ എന്ന സിപിഐഎം നേതാവായിരിക്കും. കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്തും ദാസന്‍ തന്നെയായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിച്ചത്. ഇപ്പോഴും തീരാത്ത വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാക്കി വച്ചതല്ലാതെ ദാസന്റെ രാഷ്ട്രീയക്കളികൊണ്ട് കേരളത്തിലെ കായികരംഗത്തിനോ കായിക താരങ്ങള്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. അതേ ദാസനെ തന്നെയാണ് വീണ്ടും അവരോധിക്കാന്‍ പോകുന്നതെങ്കില്‍ അതായിരിക്കും ഈ സര്‍ക്കാര്‍ നടത്തുന്ന വലിയൊരു ഫൗള്‍.ജനങ്ങള്‍ വേണ്ടെന്നു പറയുന്ന രാഷ്ട്രീയക്കാര്‍ പോലും ഭരണകര്‍ത്താക്കളാകുന്ന ദുഃസ്ഥിതി നമ്മുടെ ജനാധിപത്യസംവിധാനത്തിലുണ്ട്. തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുപോലും കിട്ടാത്തയാള്‍ ധനമന്ത്രിയാകും. അതപോലെയാണ് വിവിധ ബോര്‍ഡ്, കോര്‍പ്പററേഷനുകളുടെ തലപ്പത്തേക്ക് വരുന്നവരുടെ കാര്യവും. പാര്‍ട്ടിയിലോ ഭരണത്തിലോ സാന്നിധ്യം ഇല്ലാത്തവര്‍ക്ക് ഇരുന്നുണ്ണാന്‍ വിരിച്ചു കൊടുക്കുന്ന പായ പോലെ. കോഴിക്കോട് മുന്‍ മേയര്‍ ആണ് ദാസന്‍. പിന്നീട് പാര്‍ട്ടില്‍ നിന്നും പുറത്താക്കി. എങ്ങനെയോ തിരിച്ചു കയറി. അങ്ങനെയൊരാള്‍ക്ക് പാര്‍ട്ടി നല്‍കുന്ന ഔദാര്യമായിരിക്കും പ്രസ്തുത സ്ഥാനം.

മുഹമ്മദാലി ലോകത്തിന്റെ മുഴുവന്‍ അഭിമാനമായ ഒരു അമേരിക്കന്‍ ബോക്‌സര്‍ ആണെന്നു തിരിച്ചറിയാതെ അദ്ദേഹത്തെ മലയാളിയാക്കി അനുശോചനം അറിയിച്ച ഇ പി ജയരാജനാണ് കായിക മന്ത്രി. ഓരോ വകുപ്പിനും അതുമായി ബന്ധപ്പെട്ട് സാമാന്യവിവരമുള്ളവര്‍ തന്നെ മന്ത്രിയായി വരണമെന്ന് ചട്ടമൊന്നുമില്ല. അതുകൊണ്ട് ജയരാജന് കായികമന്ത്രിയുമാകാം. രാഷ്ട്രീയത്തില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ പദവികള്‍ വഹിക്കാനുള്ള മാനദണ്ഡമാണെന്ന തെറ്റിദ്ധാരണയും അദ്ദേഹമോ മറ്റാരെങ്കിലും കൊണ്ടു നടക്കുന്നത് ശരിയല്ല. ഓരോ വകുപ്പിലും ഐഎഎസുകാരായ സെക്രട്ടറിമാരെ നിയോഗിച്ചിരിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചിന്തിച്ചാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ദാസനെ പോലൊരു രാഷ്ട്രീയക്കാരനാണോ അഞ്ജുവിനെ പോലൊരു കായിക താരമാണോ ചേരുകയെന്നു മനസിലാകും.സ്‌കൂളില്‍ പഠിച്ചപ്പോള്‍ കാല്‍പന്തു കളി കണ്ടു നിന്നിട്ടുണ്ടെന്നത് കായികയോഗ്യതായി പറയരുത്. അങ്ങനെയെങ്കില്‍ ദാസനെക്കാള്‍ നല്ല ചോയ്‌സ് കളരിവിദഗ്ധനായ വി ശിവന്‍കുട്ടിയാണ്. അദ്ദേഹത്തിന്റെ അടിതടകള്‍ നിയമസഭയില്‍ നിന്നും ജനങ്ങളെല്ലാം നേരിട്ട് കണ്ടതാണ്. ഒന്നുകില്‍ മന്ത്രിക്ക് അത്തരത്തില്‍ ചിന്തിക്കാം, അതല്ലെങ്കില്‍ അഞ്ജു ബോബി ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടത്തിയ പ്രസ്താവനപോലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നും അഴിമതിയില്ലാതാക്കി കായികരംഗത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കാനുള്ള പ്രവര്‍ത്തികള്‍ നടത്താം. രണ്ടാമത്തെതാണ് തെരഞ്ഞെടുക്കുന്നതില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണം. അഞ്ജു ബോബി ജോര്‍ജ് ചെയ്തതോ പറഞ്ഞതോ മാത്രമാണ് ശരിയെന്നല്ല. അവരുടെ മെറിറ്റ് ഒരു കായികതാരം ആണെന്നതു തന്നെയാണ്. ദീര്‍ഘകാലമായി അവര്‍ ഈ രംഗത്ത് നില്‍ക്കുന്നു, അത്‌ലറ്റായി, ഇപ്പോള്‍ ട്രെയിനറായി. ഈ മേഖല നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും കുറവുകളും ആവശ്യങ്ങളുമെല്ലാം അവരെപോലൊരാള്‍ വേഗം മനസിലാകും. റിപ്പോര്‍ട്ടിനായി കാത്തിരിക്കയും പിന്നീടത് പഠിക്കാനായി മേശപ്പുറത്തു വയ്ക്കുകയും വേണ്ടിവരില്ല. ഒന്നുറപ്പാണ് ട്രാക്ക് തെറ്റിയാണ് നമ്മുടെ കായികരംഗത്തിന്റെ കുതിപ്പ്. നേരെയാക്കണമെന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതി ഉണ്ടായിരുന്നിരിക്കണം, കാലാകാലങ്ങളായി തുടരുന്നതു തന്നെയാണത്. അവിടെ ഇടപെടല്‍ അത്യാവശ്യം. അതേപോലെ പരിഹാരം കാണേണ്ട മറ്റനവധി വിഷയങ്ങളും കായികമേഖലയിലുണ്ട്. നമ്മുടെ സ്‌പോര്‍ട് ഹോസ്റ്റലുകളുടെ നിലവാരം, കായികതാരങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മെഡലുകള്‍ നേടിയതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാഷ് പ്രൈസോ, ജോലിയോ ഇതുവരെ കിട്ടാത്തവര്‍, സാമ്പത്തികപ്രയാസം മൂലം കായികരംഗം ഉപേക്ഷിക്കേണ്ടി വരുന്നവര്‍, പിന്തുണയും സഹായവും കിട്ടാതെ ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്ന താരങ്ങള്‍... ഇങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്തത്ര പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട്. ഇതൊക്കെ രാഷ്ട്രീയമായി പരിഹരിക്കാം എന്നു മന്ത്രി കരുതരുത്. മന്ത്രിക്ക് അറിയാവുന്ന കളിയല്ല ഇവിടെ വേണ്ടത്.

ഫൈനല്‍ വിസില്‍: ഒരു രാഷ്ട്രീയക്കാരനെ തന്നെ പ്രസിഡന്റ് ആക്കുമെന്ന വാശിയാണെങ്കില്‍ പിറവം മുന്‍ എംഎല്‍എ എം എം ജേക്കബിനെ പരിഗണിച്ചുകൂടെ... അദ്ദേഹം പുരസ്‌കാരങ്ങളൊക്കെ നേടിയൊരു വെറ്ററന്‍ സ്‌പോര്‍ട്‌സ്മാന്‍ ആണല്ലോ...

Next Story

Related Stories