TopTop
Begin typing your search above and press return to search.

ഗ്രൂപ്പ് സിയില്‍ ഒന്നാമരാകാന്‍ ഫ്രാന്‍സ്: അട്ടിമറിക്കാന്‍ ഓസ്‌ട്രേലിയ

ഗ്രൂപ്പ് സിയില്‍ ഒന്നാമരാകാന്‍ ഫ്രാന്‍സ്: അട്ടിമറിക്കാന്‍ ഓസ്‌ട്രേലിയ

ലോകകിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ മുന്‍നിരയിലുള്ള ഫ്രാന്‍സ് തന്നെയാണ് ഗ്രൂപ്പ് സിയിലെ കരുത്തര്‍. ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും പെറുവും പോരാടുക ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അട്ടിമറികള്‍ക്കു എപ്പോഴും സാധ്യതാ തുറന്നിടുന്ന ഇടമാണ് ലോകകപ്പ് മത്സരങ്ങള്‍. 2002 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചത് ലോക ഫുട്ബാള്‍ കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ്, അതുകൊണ്ട് തന്നെ അമിത ആത്മവിശ്വാസം ഇല്ലാതെയാവും ഫ്രഞ്ച് പട ഓസ്ട്രേലിയയെ നേരിടാന്‍ ഇന്ന് ഇറങ്ങുക.

ഏഷ്യയിലെ ചാമ്പ്യന്മാരായി ലോകകപ്പിന് യോഗ്യത നേടിയ ഓസ്ട്രേലിയന്‍ ടീമിനെ സംബന്ധിച്ചു വലിയ അതിമോഹങ്ങള്‍ ഒന്നും ഇല്ല. കങ്കാരുക്കളുടെ അഞ്ചാമത്തെ ലോകകപ്പ് ടൂര്‍ണമെന്റ് ആണിത്. കഴിഞ്ഞ രണ്ടു ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്തായ സോക്കറൂസ് 2006ലെ മികച്ച പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.ഫ്രാന്‍സ്

ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളെ എല്ലാ പൊസിഷനുകളിലും വിന്യസിക്കാന്‍ പോന്ന താരനിബിഡമായ നിരയാണ് ഫ്രാന്‍സിന്റേത്. 1998 ലോകകപ്പിലെ ജൈത്ര യാത്രയ്ക്ക് ശേഷം രണ്ടാം കിരീടം ലക്ഷ്യമിടുന്ന ഫ്രാന്‍സിന് കരുത്താകുന്നത് അവരുടെ താര നിര തന്നെയാണ്. അന്റോയ്ന്‍ ഗ്രീസ്മാന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തില്‍ പിഎസ്ജി താരം കൈലിയന്‍ എംബപെ, ബാര്‍സിലോന താരം ഒസ്മാന്‍ ഡെംബെലെ, ചെല്‍സി സ്‌ട്രൈക്കര്‍ ഒളിവര്‍ ജിരൂദ് എന്നിവരുണ്ട്. മിഡ്ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പ്രോഗ്ബയുടെ സാന്നിധ്യവും ഫ്രാന്‍സിന് കരുത്താകും.

കൈലിയന്‍ എംബപെക്കു പരിക്കേറ്റത് ഫ്രഞ്ച് പടയ്ക്കു തിരിച്ചടിയാവും എന്നാല്‍ മത്സരത്തിന് മുന്‍പ് പരിക്ക് ഭേദമാകും എന്ന് ഫ്രാന്‍സ് പ്രതീക്ഷിക്കുന്നു.

മാഴ്‌സെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ദിമിത്രി പായെയും റയല്‍ മഡ്രിഡ് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയുമാണ് പ്രധാന അസാന്നിധ്യം. അത്ലറ്റിക്കോയ്‌ക്കെതിരെ യൂറോപ്പ ലീഗ് ഫൈനലില്‍ പരുക്കേറ്റതാണ് പായെയ്ക്കു തിരിച്ചടിയായത്. വിവാദങ്ങളില്‍ പെട്ട ബെന്‍സേമ 2015 ഒക്ടോബറിനു ശേഷം ഫ്രഞ്ച് ടീമിനു വേണ്ടി കളിച്ചിട്ടില്ല.

യുവേഫയില്‍ ഗ്രൂപ്പ് എ ജേതാക്കളായാണ് റഷ്യന്‍ ലോകകപ്പിന് ഫ്രാന്‍സ് എത്തുന്നത്. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളുടെ മുന്‍നിരയില്‍ ഫ്രാന്‍സുമുണ്ട്.

സാധ്യത ടീം

ഹ്യുഗോ ലോറിസ്, ബെഞ്ചമിന്‍ ഉന്റിട്, സാമുവല്‍ ഉംറിറ്റി, റാഫേല്‍ വരാന്‍, ജിബ്രീല്‍ സിഡിബെ, ബൈസ് മറ്റുല്‍ഡി, പോള്‍ പോഗ്ബ, ഗ്രീസ്മാന്‍, എംബപ്പേ, ഒലിവര്‍ ജിറാഡ്.

ഫിഫ റാങ്കിങ് : 7

പരിശീലകന്‍ : ദിദിയര്‍ ദേശാംസ്

ഓസ്‌ട്രേലിയ

യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഓസ്‌ട്രേലിയ ഏഷ്യന്‍ പ്ലേ ഓഫില്‍ സിറ്റിയേയും കോണ്‍കാകാഫില്‍ നിന്നുള്ള ഹോണ്ടുറാസിനെയും കീഴടക്കിയാണ് ലോകകപ്പിനിറങ്ങുന്നത്. കഴിഞ്ഞ രണ്ടു ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്തായ സോക്കറൂസ് 2006 ലെ മികച്ച പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കൗമാര താരം ഡാനിയേല്‍ അര്‍സാനി മുതല്‍ വെറ്ററന്‍ സ്‌ട്രൈക്കര്‍ ടിം കാഹില്‍ വരെ മഞ്ഞക്കുപ്പായത്തില്‍ കൈ മെയ് മറന്ന് പൊരുതുമെന്ന് ഉറപ്പ്. 38കാരനായ സ്ട്രൈക്കര്‍ ടിം കാഹിലിന്റെ അവസാന ലോകകപ്പായിരിക്കും ഇത്. ഇത് വരെ മത്സരിച്ച ലോകകപ്പുകളില്‍ ഒന്നും ക്വാര്‍ട്ടറിനപ്പുറം ഏത്താന്‍ സോക്കേറേഴ്സിന് സാധിച്ചിട്ടില്ല. ഇന്ന് ഒരു സമനില നേടിയാല്‍ പോലും അത് കങ്കാരുക്കളുടെ വിജയമായിരിക്കും.

സാധ്യത ടീം

ടിം കാഹില്‍, മീ ജെഡിനാക്, മാത്യു ലക്കി, ആരോണ്‍ മോയ്, മാത്യു റയാന്‍, മാസ്സിമോ ലോന്‍ഗോ, ജെയിംസ് മക്ലാറന്‍, ടോം റോജിക്, ഡാനിയല്‍ ആര്‍സനി. റോബ്ബ് ക്രൂസ്, ടോമി ജൂറിക്.

ഫിഫ റാങ്കിങ് : 36

പരിശീലകന്‍ : ബെര്‍ട് വാന്‍ മാര്‍വിക്ക്

ഇരുവരും മുന്‍പ് നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ ഫ്രാന്‍സും ഒരു തവണ ഓസ്ട്രേലിയയും വിജയിച്ചു ഒരു മത്സരം സമനിലയില്‍ കലാശിച്ചു. അവസാനം ഇരു കൂട്ടരും ഏറ്റു മുട്ടിയപ്പോള്‍ ഫ്രാന്‍സ് മറുപടിയില്ലാത്ത ആറു ഗോളിനാണ് ഓസ്ട്രേലിയയെ തകര്‍ത്തത്.


Next Story

Related Stories