TopTop
Begin typing your search above and press return to search.

കരോലിനയോടുള്ള പരാജയത്തിന്റെ കടം സിന്ധു വീട്ടുമോ..?

കരോലിനയോടുള്ള പരാജയത്തിന്റെ കടം സിന്ധു വീട്ടുമോ..?

ഇന്ത്യയുടെ പി.വി.സിന്ധു ഒരിക്കല്‍ക്കൂടി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വിമന്‍സ് സിംഗിള്‍സ് ഫൈനലില്‍ കടന്നിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോറ്റ സിന്ധുവിന് സ്വര്‍ണം കൈപ്പിടിയിലൊതുക്കാനുള്ള സുവര്‍ണാവസരം കൂടിയാണിത്. സ്‌പെയിനിന്റെ കരോലിന മാരിനാണ് കലാശപ്പോരില്‍ സിന്ധുവിന്റെ എതിരാളി.

സെമിയില്‍ ലോക രണ്ടാം നമ്പറായ അകാനെ യമാഗുചിയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് സിന്ധു ഫൈനലുറപ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയമെങ്കിലും രണ്ടാം സെറ്റില്‍ ജാപ്പനീസ് താരം ഉജ്ജ്വലമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ തുടര്‍ച്ചയായി നാലു പോയിന്റ് നേടിയാണ് യമാഗുചി തുടങ്ങിയത്. എന്നാല്‍, പിന്നീട് തിരിച്ചുവന്ന സിന്ധു 7-8 എന്ന നിലയിലായി. 9-9ന് സമനില പിടിച്ച സിന്ധു പിന്നീട് 11-10ന് മുന്നിലെത്തി. പിന്നീട് പടിപടിയായി മുന്നേറിയ സിന്ധു 21-16ന് ആദ്യ സെറ്റ് അവസാനിപ്പിച്ചു.

രണ്ടാം സെറ്റില്‍ പോരാട്ടം കുറേക്കൂടി കടുപ്പമായിരുന്നു. ഇവിടെയും ആദ്യ പോയിന്റ് യമാഗുചിയ്ക്കായിരുന്നു. 1-4ന് ലീഡ് ചെയ്ത ജാപ്പനീസ് താരം പിന്നീട് തുടര്‍ച്ചയായി ലീഡ് നിലനിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. കിണഞ്ഞു ശ്രമിച്ച സിന്ധുവിന്റെ വേഗംകൊണ്ട് മറികടന്ന ഗുചി 12-19 എന്ന സ്‌കോറില്‍ രണ്ടാം സെറ്റ് ഏതാണ്ടുറപ്പിച്ചതാണ്. എന്നാല്‍, തുടര്‍ച്ചയായി എട്ട് പോയിന്റുകള്‍ നേടി സിന്ധു സെറ്റില്‍ ആദ്യമായി മുന്നിലെത്തി (2019). 20, 21, 22 പോയിന്റുകളില്‍ സ്‌കോര്‍ ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ പിന്നീട് തുടര്‍ച്ചയായി രണ്ടു പോയിന്റുകള്‍ നേടി സിന്ധു മത്സരവും ഫൈനലും ഉറപ്പിക്കുകയായിരുന്നു.

ക്വാര്‍ട്ടറില്‍ ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-17, 21-19) തോല്‍പിച്ചാണ് സിന്ധു സെമിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം സിന്ധു ഫൈനലില്‍ തോല്‍പിച്ചത് നൊസോമിയോടായിരുന്നു. നൊസോമിയ്‌ക്കെതിരായ വിജയത്തിന്റെ ആത്മവിശ്വാസമാണ് സെമിയില്‍ സിന്ധുവിനെ തുണച്ചത്. നിര്‍ണായക ഘട്ടത്തില്‍ മനസ്സാന്നിധ്യം കൈവിടാതിരുന്നതാണ് കടുത്ത മത്സരത്തില്‍ സിന്ധുവിന് വിജയം സമ്മാനിച്ചത്.

Read More - ബാറ്റ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക്‌സ് ഫൈനലിന്റെ ആവര്‍ത്തനം: സിന്ധു കരോലിന മാരിനെ നേരിടും

അതേസമയം, ഫൈനല്‍ സിന്ധുവിന് ഇതിലും കടുപ്പമാകുമെന്ന് പ്രഖ്യാപിച്ചാണ് കരോലിന മാരിന്‍ അവസാന മത്സരത്തിനൊരുങ്ങുന്നത്. സെമിയില്‍ ചൈനയുടെ ഏഴാം നമ്പര്‍ താരം ഹീ ബിങ്ജിയാവോയെ തോല്‍പിച്ചാണ് (13-21, 21-16, 21-13) മാരിനെത്തുന്നത്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ്വാളിനെ (21-6, 21-11) എന്ന സ്‌കോറിന് നാണം കെടുത്തിയാണ് സ്പാനിഷ് താരം സെമിയിലെത്തിയതും. റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പിച്ചതും കരോലിനയാണ്.

പി.വി.സിന്ധു, കരോലിന മാരിൻ

ഒളിമ്പിക് സ്വണത്തിന് പുറമേ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ കിരീടം ചൂടിയ ചരിത്രവും ഇരുപത്തഞ്ചുകാരിയായ കരോലിനയ്ക്ക് കൂട്ടായുണ്ട്. 2014ല്‍ കോപ്പന്‍ഹേഗനിലും 2015ല്‍ ജക്കാര്‍ത്തയിലും ചാമ്പ്യന്‍ ഇവരായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടറില്‍ നൊസോമിയോട് തോറ്റ് (21-18, 14-21, 21-15) പുറത്താവുകയായിരുന്നു. കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാകും കരോലിന നാളെ അങ്കത്തിനിറങ്ങുക.

സിന്ധുവിന് കഴിഞ്ഞ വര്‍ഷത്തെ വെള്ളി കൂടാതെ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു വെങ്കലമാണ് സമ്പാദ്യം. 2013-ല്‍ ഗാങ്ഷൂവിലും 2014ല്‍ കോപ്പന്‍ഹേഗനിലുമാണ് സിന്ധു വെങ്കല മെഡലുകള്‍ സ്വന്തമാക്കിയത്. രണ്ടു തവണയും സിന്ധു സെമിയില്‍ തോല്‍ക്കുകയായിരുന്നു. സൈനയാണ് ലോക ചാമ്പ്യന്‍ഷിപ്പ് വിമന്‍സ് സിംഗിള്‍സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ള മറ്റൊരു താരം. 2015-ല്‍ വെള്ളിയും 2017-ല്‍ വെങ്കലവും. 2015 ഫൈനലില്‍ കരോലിന തന്നെയായിരുന്നു സൈനയെ തോല്‍പിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനുള്ള ഇന്ത്യയുടെ ശ്രമം ഇത്തവണയെങ്കിലും ഫലം കാണുമോ എന്നാണ് ഇന്ത്യന്‍ കായികലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നിലവില്‍ ലോക മൂന്നാം റാങ്കുകാരിയായ പുസര്‍ല വി. സിന്ധുവെന്ന ഹൈദരാബാദുകാരിക്ക് എട്ടാം റാങ്കുകാരിയായ മാരിനെ അതിനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ, മത്സരത്തിനിറങ്ങുന്ന ഒരു മണിക്കൂര്‍ സമയത്തെ പ്രകടനമാണ് ജയപരാജയങ്ങള്‍ നിശ്ചയിക്കുക.

മുമ്പ് എട്ടു തവണ ഇരുവരും എതിരിട്ടപ്പോള്‍ അഞ്ചു തവണയും ജയം കരോലിനയ്‌ക്കൊപ്പമായിരുന്നു. മൂന്നു തവണ സിന്ധുവിനൊപ്പവും. എന്നാല്‍, അവസാന മത്സരത്തില്‍ (ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍, 2016) സിന്ധുവിനായിരുന്നു (21-17, 21-13) ജയം. ഞായറാഴ്ച നാന്‍ജിങിലും സിന്ധുവിന് ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, മുമ്പ് സൈനയില്‍ നിന്ന് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും സിന്ധുവില്‍ നിന്ന് ഒളിമ്പിക് സ്വര്‍ണവും തട്ടിത്തെറിപ്പിച്ച കരോലിനയോടുള്ള മധുരപ്രതികാരം കൂടിയാകുമത്.

Next Story

Related Stories