TopTop
Begin typing your search above and press return to search.

PREVIEW: ഫ്രാാാ ന്‍സ്.. × ക്രൊയേ.. ഷ്യാാാ

PREVIEW: ഫ്രാാാ ന്‍സ്.. × ക്രൊയേ.. ഷ്യാാാ

ഒരു മാസം നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം. കായിക മത്സരങ്ങളിലെ ഏറ്റവും വലിയ മാമാങ്കത്തില്‍ ആരു ജേതാക്കളാകുമെന്ന് മോസ്‌കോയിലെ ലൂഷ്നികി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന മത്സരം ഉത്തരം തരും. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച ഫ്രാന്‍സും, ടീം ഗെയിമിന്റെ കരുത്തില്‍ പടികളോരോന്നായി ചവിട്ടിക്കയറി ഫൈനലില്‍ ഇടംപിടിച്ച ക്രൊയേഷ്യയും അന്തിമ പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നമ്പോള്‍ അതിനെ കാവ്യനീതിയെന്നു തന്നെ വിശേഷിപ്പിക്കണം. പേരും പെരുമയും മികച്ച കളിക്കാരുമുണ്ടെങ്കിലും കളത്തില്‍ അതെങ്ങനെ പ്രതിഫലിക്കുന്നു എന്നതാണ് കാര്യമെന്ന് ഫ്രാന്‍സും ഒത്തുപിടിച്ചാല്‍ ആര്‍ക്കും മുന്നേറാമെന്ന് ക്രൊയേഷ്യയും കാണിച്ചുതരുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് നേടിയ കിരീടം ഒരിക്കല്‍ക്കൂടി നാട്ടിലെത്തിക്കുക എന്നതാണ് ഫ്രഞ്ച് പടയുടെ ലക്ഷ്യമെങ്കില്‍ ലോകകിരീടത്തിന്റെ പുതിയ അവകാശികളാവുക എന്നതാണ് മോഡ്രിച്ചും സംഘവുമാഗ്രഹിക്കുന്നത്.

ഫ്രാന്‍സ്

ഉജ്ജ്വലമായിരുന്നു ഫ്രാന്‍സിന്റെ ഫൈനലിലേക്കുള്ള യാത്ര. പ്രത്യേകിച്ചും നോക്കൗട്ട് സ്റ്റേജില്‍. ഗ്രൂപ്പ് സിയിലെ ചാമ്പ്യന്‍മാരായിരുന്നു അവര്‍. ഓസ്ട്രേലിയയെയും പെറുവിനെ തോല്‍പിച്ച ഫ്രഞ്ച് പട പക്ഷേ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാനെത്തിയത്. എന്നാല്‍, എംബപ്പെ എന്ന കൗമാരതാരത്തിന്റെ കുതിപ്പില്‍ മെസ്സിയുടെ ടീമിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ നോക്കൗട്ട് ആരംഭിച്ചത്. ക്വാര്‍ട്ടറില്‍ ഉറുഗ്വായെയും സെമിയില്‍ ബെല്‍ജിയത്തെയും തകര്‍ത്ത ഫ്രാന്‍സ് എന്തിനും പോന്നവരായി വളര്‍ന്നുകഴിഞ്ഞു.

ടീമിന്റെ കെട്ടുറപ്പും അതോടൊപ്പം എല്ലാ മേഖലയിലുമുള്ള എണ്ണം പറഞ്ഞ താരങ്ങളുടെ സാന്നിധ്യവുമാണ് ഫ്രാന്‍സിന്റെ കുതിപ്പിനു പിന്നില്‍. ലോകകപ്പ് ഫൈനലിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഏതാനും ടീമുകളില്‍ ഒന്നായിരുന്നു ഫ്രാന്‍സ്. മറ്റുള്ളവര്‍ ഇടയ്ക്ക് വീണപ്പോഴും ഫ്രാന്‍സ് കുതിപ്പു തുടര്‍ന്നു. എംബപ്പെയ്ക്കൊപ്പം ഗ്രീസ്മാനും ജിറൂഡും ചേരുന്ന മുന്നേറ്റ നിര ഏത് എതിരാളികള്‍ക്കെതിരെയും ഗോളടിക്കാന്‍ പ്രാപ്തരാണ്. കാന്റെ പോഗ്ബ എന്നിവരുള്‍പ്പെടുന്ന മധ്യനിരയും ഉംറ്റിറ്റിയും വാരാനയുമൊക്കെ കാക്കുന്ന പിന്‍നിരയും ഇതുവരെ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് ഗോള്‍ വഴങ്ങിയിട്ടുള്ളത്. മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിനെ പിടിച്ചുകെട്ടാനായാല്‍ തന്നെ ഫ്രാന്‍സിന്റെ പകുതി ഭവരമൊഴിഞ്ഞു.

കടലാസിലെ കരുത്തില്‍ ഏറെ മുന്നിലാണെങ്കിലും പ്രധാന ടൂര്‍ണമെന്റ് ഫൈനലില്‍ 'കവാത്തു മറക്കുമോ' എന്നതാണ് ഫ്രഞ്ച് ആരാധകരുടെ ചങ്കിടിപ്പേറ്റുന്നത്. 2016 യൂറോ ഫൈലില്‍ കുടിച്ച കയ്പുനീര്‍ ഇനിയുമവര്‍ മറന്നിട്ടില്ല. എന്നാല്‍, 1998ല്‍ നായകനായി തങ്ങള്‍ക്ക് കപ്പ് നേടിത്തന്ന ദിദിയര്‍ ദെഷാംപ്സ് ഇത്തവണ കോച്ചായി ആ നേട്ടം ആവര്‍ത്തിക്കുമെന്ന് തന്നെയാണെന്ന് അവരുടെ വിശ്വാസം. അങ്ങനെയെങ്കില്‍ ബ്രസീലിന്റെ മാരിയോ സാഗല്ലോ, ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ എന്നിവരുടെ ഗണത്തിലേക്കാകും ദെഷാംപ്സ് എത്തുക.

സാധ്യതാ ടീം: ഹ്യൂഗോ ലോറിസ്; ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, സാമുവല്‍ ഉംറ്റിറ്റി, ലൂകാസ് ഹെര്‍നാന്‍ഡെസ്; പോള്‍ പോഗ്ബ, എന്‍ഗോളൊ കാന്റെ; കിലിയന്‍ എംബപ്പെ, ആന്റോണ്‍ ഗ്രീസ്മാന്‍, ബ്ലെയ്‌സ് മറ്റിയൂഡി; ഒളിവര്‍ ജിറൂഡ്.

ഫിഫ വേള്‍ഡ് കപ്പിലെ ‘ഫ്രാന്‍സ് × ക്രൊയേഷ്യാ’ കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..ക്രൊയേഷ്യ

ലോകകപ്പ് തുടങ്ങുമ്പോള്‍ തങ്ങള്‍ ഫൈനലില്‍ കളിക്കുമെന്ന് ക്രൊയേഷ്യന്‍ താരങ്ങള്‍ പോലും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍, പ്രതിഭയും പരിചയവും കെട്ടുറപ്പും കൈമുതാലാക്കി അവര്‍ അന്തിമ പേരാട്ടത്തിന് എത്തിയിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അപ്രതീക്ഷിത കുതിപ്പോടെയാണ് ക്രൊയേഷ്യ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നൈജീരിയയും അര്‍ജന്റീനയെയും ഐസ്ലാന്‍ഡും ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പില്‍ നിന്ന് എല്ലാ കളികളും ജയിച്ചാണവര്‍ നോക്കൗട്ടിലെത്തിയത്. നോക്കൗട്ടില്‍ പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനോടും ക്വാര്‍ട്ടറില്‍ റഷ്യയോടും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ ജയിച്ചത്. സെമിയില്‍ അധികസമയത്തേക്ക് നീങ്ങിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്ത് ഫൈനലിലുമെത്തി.

മധ്യനിരയാണ് ക്രൊയേഷ്യയുടെ കരുത്ത്. മോഡ്രിച്ചും റാക്കിറ്റിച്ചും ബ്രൊസോവിച്ചും പിന്‍നിരയില്‍ ലവ്രനും വിദയും ചേരുമ്പോള്‍ മധ്യനിരയില്‍ ക്രൊയേഷ്യ സമ്പന്നരാകുന്നു. രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ നിന്നും ടീമിനെ കരകയറ്റിയ ഗോള്‍കീപ്പര്‍ സുബാസിച്ചും വിശ്വസ്തനാണ്. മന്‍സൂക്കിച്ചിന്റെ നേതൃത്വത്തില്‍ പെരിസിച്ചും റെബികും ചേരുന്ന മുന്നേറ്റ നിരയും അവശ്യഘട്ടങ്ങളില്‍ ഗോള്‍ നേടാന്‍ കഴിവുള്ളവരാണ്. എന്നാല്‍, ഭാവനാ സമ്പന്നമായി കളി മെനയുമ്പോഴും വേഗമേറിയ കളിക്കാര്‍ക്ക് മുന്നില്‍ അവര്‍ പതറിപ്പോകുന്നുണ്ട്. സെമിയിലെ ആദ്യപകുതിയില്‍ ഇംഗ്ലീഷ് സ്റ്റെര്‍ലിങിന്റെ വേഗത്തിനു മുന്നില്‍ ക്രൊയേഷ്യ ചിതറിപ്പോയിരുന്നു.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അധികസമയം (30 മിനിറ്റ്) പൂര്‍ത്തിയാക്കിയ ക്രൊയേഷ്യന്‍ ടീമിന്റെ കായിക ക്ഷമത കോച്ച് സ്ലാറ്റ്കോ ഡെലിക്കിനെ അലട്ടുന്ന പ്രശ്നമാണ്. നിലവില്‍ വലിയ പരിക്കുകളൊന്നും ടീമിനെ അലട്ടുന്നില്ല. എന്നാല്‍, സെമിയുടെ അവസാകന മിനിട്ടുകള്‍ ആയപ്പോഴേക്കും മന്‍സൂക്കിച്ച് ഉള്‍പ്പെടെയുള്ളവര്‍ പേശീ വലിവു മൂലവും മറ്റും കയറിയിരുന്നു. മികച്ച റിസര്‍വ് താരങ്ങള്‍ കൂടിയുള്ള ക്രൊയേഷ്യ ഒരു മത്സരത്തിലേക്ക് കൂടി തങ്ങളുടെ പോരാട്ടവീര്യം കാത്തു സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഫൈനലില്‍ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.

സാധ്യതാ ടീം: ഡാനിയേല്‍ സുബാസിച്ച്; സിമേ വ്രസാല്‍കോ, ദെയാന്‍ റവ്‌ലേന്‍, ദോമഗോജ് വിദ, ഇവാന്‍ സ്ട്രിനിക്; ഇവാന്‍ റാക്കിട്ടിച്ച്, മാര്‍സെലോ ബ്രൊസോവിച്ച്, ആന്റെ റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാന്‍ പെരിസിച്ച്, മാരിയോ മന്‍സൂക്കിച്ച്.

https://www.azhimukham.com/sports-russia2018-modric-s-croatia-vs-france-preview/

https://www.azhimukham.com/sports-who-is-athlet-sprinter-hima-das/


Next Story

Related Stories