TopTop
Begin typing your search above and press return to search.

അവിശ്വസനീയം ടോണി ക്രൂസ്...! ജര്‍മ്മനി ഇവിടെത്തന്നെയുണ്ടാകും

അവിശ്വസനീയം ടോണി ക്രൂസ്...! ജര്‍മ്മനി ഇവിടെത്തന്നെയുണ്ടാകും

സോചിയില്‍ തുടക്കത്തില്‍ തന്നെ ജര്‍മ്മനി നയം വ്യക്തമാക്കി. ആക്രമണം. അത് തെളിയിക്കുന്നതായിരുന്നു ആദ്യ മിനുട്ടുകളില്‍ ഗോളെന്ന് തോന്നിച്ച അവരുടെ മൂന്നു നീക്കങ്ങള്‍. അത് അവസാന നിമിഷം വരെ തുടര്‍ന്നു. ആ നിശ്ചയദാര്‍ഡ്യമാണ് തൊണ്ണൂറ്റി അഞ്ചാം മിനുട്ടില്‍ പിറന്ന ക്രൂസിന്‍റെ അതിമനോഹരമായ മഴവില്‍ ഗോള്‍. സ്പെയിനിനെതിരെ കളിയുടെ അവസാന നിമിഷത്തില്‍ റൊണാള്‍ഡോ നേടിയ ഗോളിനെ അനുസ്മരിപ്പിച്ചു ഈ ഗോള്‍.

ആദ്യ പത്തു മിനുട്ടില്‍ ജര്‍മ്മനി 122 പാസ് നടത്തിയപ്പോള്‍ സ്വീഡന്‍ 6 പാസ് മാത്രം. ഇതില്‍ നിന്നു വ്യക്തമാകും കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി എതിരാളികളെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രവുമായാണ് ജര്‍മ്മനി ഇറങ്ങിയിരിക്കുന്നത് എന്ന്. പലപ്പോഴും ഗോളി ഒഴികെയുള്ള എല്ലാ കളിക്കാരും സ്വീഡന്റെ പകുതിയില്‍ ആയിരുന്നു എന്നത് അവരുടെ ആളൌട്ട് അറ്റാക്കിംഗ് തന്ത്രത്തെ വെളിവാക്കുന്നതായിരുന്നു.

മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടില്‍ മാർക്കസ് ബർഗിന്റെ ഒറ്റയാൻ മുന്നേറ്റം പെനാല്‍റ്റി എന്നു തോന്നിച്ച ഒരു ഫൌളില്‍ അവസാനിക്കുന്നു. സ്വീഡന്‍ കളിക്കാര്‍ അതിശക്തമായി ആവശ്യപ്പെടെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. എന്നാല്‍ ബര്‍ഗിന്റെ മുന്നേറ്റം ജര്‍മ്മനിയുടെ പ്രതിരോധ നിരയുടെ ദൌര്‍ബല്യം തുറന്നു കാണിക്കുന്നതായിരുന്നു. ഏത് നിമിഷവും ജര്‍മ്മന്‍ വല കുലുങ്ങിയേക്കാം.

കളിയുടെ ഇരുപത്തിയഞ്ചാം മിനുട്ടില്‍ ടോയിവോനെന്‍റെ ചവിട്ടേറ്റ് ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ സെബാസ്റ്റ്യന്‍ റൂഡി മൂക്കിന് പരുക്കേറ്റ് പുറത്തുപോയത് ജര്‍മ്മനിക്ക് തിരിച്ചടിയാകുന്നു. പരുക്ക് ഭേദമാക്കി റൂഡിയെ തന്നെ ഇറക്കാന്‍ ജര്‍മ്മനി ശ്രമിച്ചെങ്കിലും അത് നടന്നില്ല. റൂഡിയുടെ മൂക്കില്‍ നിന്നും രക്തം ഈട് വീഴുന്നത് കാണാം. പകരക്കാരനായി ഗുന്‍ഡോഗന്‍ ഇറങ്ങുന്നു.

മുപ്പത്തി രണ്ടാം മിനുട്ടില്‍ ജര്‍മ്മനിയെ ഞെട്ടിച്ചു ടോയിവോനെന്‍റെ ഗോള്‍. ക്ലേസന്‍ നല്‍കിയ മനോഹരമായ ക്രോസ്സ് ഗോളി മാന്വല്‍ ന്യൂയറിന്റെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക്. മനോഹരമായ ഫിനിഷിംഗ്. സ്വീഡന്‍ 1 ജര്‍മ്മനി 0 . പന്ത് കൈവശം വെക്കുന്നതിലല്ല ഫിനിഷിംഗിലാണ് കാര്യം എന്നു തെളിയിക്കുന്നു സ്വീഡന്റെ കളി.

മുപ്പത്തി ഒന്‍പതാം മിനുട്ടില്‍ ജര്‍മ്മനി ഗോളടിച്ചു തോന്നിച്ച മറ്റൊരു നിമിഷം. റൂഡിക്ക് പകരമിറങ്ങിയ ഗുന്‍ഡോഗന്‍ എടുത്ത കിക്ക് ഗോളി റോബിന്‍ ഒസ്ലന്‍ സേവ് ചെയ്യുന്നു. എന്നാല്‍ ബൌണ്‍സ ചെയ്തു വന്ന പന്തിലേക്ക് എത്താനുള്ള മുള്ളറുടെ ശ്രമം സീഡിഷ് പ്രതിരോധത്തില്‍ തട്ടി വിഫലമാവുകയായിരുന്നു.

അധിക സമയത്ത് ജര്‍മ്മനിയുടെ ഹൃദയമിടിപ്പ് കൂട്ടിയ മറ്റൊരു നീക്കം. ലാര്‍സന്‍ നല്‍കിയ ക്രോസ് ബെര്‍ഗ് മനോഹരമായ ഹെഡറിലൂടെ വലയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ന്യൂയര്‍ അതിമനോഹരമായി രക്ഷപ്പെടുത്തുന്നു. ഇടവേള.സ്വീഡന്‍ 1, ജര്‍മ്മനി 0. ആദ്യ പകുതിയിലെ ബോള്‍ പൊസഷന്‍ ജര്‍മ്മനി 73% സ്വീഡന്‍ 27%.

ഇടവേള കഴിഞ്ഞു ജര്‍മ്മനിക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. വെര്‍ണര്‍ നല്കിയ പാസ് സ്വീഡന്‍ ഗോള്‍ പോസ്റ്റിന് മുന്‍പിലുള്ള ഗോമസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ട് പിറകിലുള്ള റ്യൂസ് പോസ്റ്റിലേക്ക് തട്ടിയിടുന്നു. ജര്‍മ്മനി 1, സ്വീഡന്‍ 1.

അന്‍പത്തിയൊന്നാം മിനുട്ടില്‍ ക്രൂസ് എടുത്ത ഫ്രീ കിക്ക് അതി മനോഹരമായ ഹെഡറിലൂടെ വലയിലാക്കാനുള്ള മുളളറുടെ ശ്രമം ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക്. അറുപതാം മിനുട്ടില്‍ മറ്റൊരു സുവര്‍ണ്ണാവസരം ജര്‍മ്മനി പാഴാക്കുന്നു. കിമ്മിച്ച് നല്കിയ മനോഹരമായ പാസ് റ്യൂസിനും കാനുവിനും കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല.

രണ്ടാം പകുതിയുടെ 15 മിനുറ്റ് കഴിഞ്ഞിട്ടും ജര്‍മ്മനിയുടെ ഗോള്‍മുഖത്തേക്ക് ഒരു ആക്രമണം പോലും നടത്താന്‍ കഴിയാതെ സ്വീഡന്‍. പ്രതിരോധത്തിലേക്ക് വലിയുന്നു. കളി നിയന്ത്രണം ജര്‍മ്മനിയുടെ കയ്യില്‍. കളി മുഴുവന്‍ സ്വീഡന്റെ പകുതിയില്‍. ഏത് നിമിഷവും ഗോള്‍ വീണേക്കാം.

ജര്‍മ്മനിക്ക് തിരിച്ചടി. ജെറോം ബോതാംഗിന് ചുവപ്പ് കാര്‍ഡ്. ബെര്‍ഗിനെ ഫൌള്‍ ചെയ്ത ബോതാംഗിന് രണ്ടാം മഞ്ഞ കാര്‍ഡ് കണിച്ചു ചുവപ്പാക്കി പുറത്തു പറഞ്ഞു വിടുന്നു.

കളി ജര്‍മ്മനിയുടെ കയ്യില്‍ നിന്നു പോകുകയാണോ എന്നു സംശയിച്ച നിമിഷങ്ങള്‍. ക്രൂസിന്‍റെ മനോഹരമായ ക്രോസ് ഗോമസിന്റെ ഗംഭീര ഹെഡിംഗ്. ഒസ്ലന്‍റെ അവിശ്വസനീയ സേവ്. ഇഞ്ചുറി ടൈമില്‍ ജൂലിയന്‍ ബ്രാന്‍ഡ് എടുത്ത ഇടിമിന്നല്‍ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുന്നു.

ഇഞ്ചുറി ടൈമിലെ അവസാന മിനുട്ടില്‍ ക്രൂസിന്‍റെ മഴവില്‍ ഗോള്‍! ഫ്രീ കിക്ക് ഗോളാക്കി ക്രൂസ് ജര്‍മ്മനിയെ എടുത്തുയര്‍ത്തിയത് രണ്ടാം റൌണ്ടിലേക്കുള്ള പ്രതീക്ഷകളിലേക്ക്. ഫ്രാന്‍സിനെ പോലെ, ഇറ്റലിയെ പോലെ, സ്പെയിനിനെ പോലെ മറ്റൊരു ദുരന്തമാകാന്‍ ജര്‍മ്മനിയില്ല.

ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി ജര്‍മ്മനി രണ്ടാം സ്ഥാനത്ത്. ഇനിയുള്ള കളി ദക്ഷിണ കൊറിയയുമായി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories