TopTop

ടീം മോഡ്രിച്ച് മൂന്ന് നോക്കൗട്ട് മാച്ചുകളില്‍ കളിച്ചത് നാലു മത്സരങ്ങള്‍!

ടീം മോഡ്രിച്ച് മൂന്ന് നോക്കൗട്ട് മാച്ചുകളില്‍ കളിച്ചത് നാലു മത്സരങ്ങള്‍!
മോസ്‌കോയിലെ ലൂഷ്നികി സ്റ്റേഡിയത്തില്‍ ലോകകപ്പ് രണ്ടാം സെമിയ്ക്ക് അന്ത്യം കുറിച്ച് ലോങ് വിസില്‍ മുഴങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് ചുവടുവെച്ചു. ലോകറാങ്കിങില്‍ ഇരുപതാംസ്ഥാനക്കാരായ ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ റാങ്കിങുള്ള ടീമാണ്. അതിലുപരി, 44 വര്‍ഷത്തിനു ശേഷമാണ് ഒരു പുതിയ ടീം ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. ഇതിനുമുമ്പ് 1974-ല്‍ നെതര്‍ലന്‍ഡ്സ് ആണ് കന്നിക്കാരായി ലോകകപ്പ് ഫൈനല്‍ കളിച്ചത്.

ചരിത്രനേട്ടങ്ങളുടെ പട്ടിക നീളുമ്പോള്‍ മോഡ്രിച്ചിന്റെ ടീമംഗങ്ങള്‍ വിജയം അറിഞ്ഞൊന്ന് ആസ്വദിക്കാനാകാത്ത വിധം തളര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം മാത്രമല്ല, അതിനു മുമ്പത്തെ മത്സരങ്ങളും ഏറെ അധ്വാനിച്ചാണ് ക്രൊയേഷ്യ മറികടന്നത്. ഗ്രൂപ്പ് ഘട്ടം കടന്നാല്‍ ഫൈനലിലേക്കുള്ള ദൂരം മൂന്ന് മത്സരങ്ങള്‍ അഥവാ 270 മിനിറ്റാണെങ്കില്‍ നാലു മത്സരങ്ങളുടെ (360 മിനിറ്റ്) സമയം ഗ്രൗണ്ടില്‍ ചെലവിട്ടാണ് മോഡ്രിച്ചും സംഘവും ഫൈനലിലെത്തുന്നത്. പ്രീക്വാര്‍ട്ടര്‍ മുതല്‍ മൂന്ന് മത്സരങ്ങളിലും എക്സ്ട്രാ ടൈം പിന്നിട്ടാണവര്‍ ഫൈനലുറപ്പിച്ചത്.

പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെയും ക്വാര്‍ട്ടറില്‍ റഷ്യക്കെതിരെയും മുഴുവന്‍ സമയത്തും പിന്നീട് ലഭിച്ച അര മണിക്കൂര്‍ അധികസമയത്തും 1-1ന് സമനില പാലിച്ച ക്രൊയേഷ്യ പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളെയും 4-3ന് തോല്‍പിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ മൊത്തം 60 മിനിറ്റ് അധികം കളിച്ച ക്രൊയേഷ്യയുടെ സെമിയും അധികസമയത്തേക്ക് നീണ്ടതോടെ അവര്‍ നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലായി ഒരു മത്സര സമയം (90 മിനിറ്റ്) കൂടുതല്‍ എതിരാളികളുമായി പോരടിക്കേണ്ടിവന്നു. എന്നാല്‍, ഇംഗ്ലണ്ടിനെതിരെ മുഴുവന്‍ സമയത്ത് 1-1 എന്ന സ്‌കോര്‍ തന്നെയായിരുന്നെങ്കിലും അധികസമയത്ത് ഗോള്‍ കണ്ടെത്തിയതിലൂടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളാതെ കാക്കാനായി.

അധ്വാനിച്ച് നേടിയ ഫൈനല്‍ ബെര്‍ത്ത്

ഈ ലോകകപ്പ് സെമിയിലെത്തിയ നാലു ടീമുകളില്‍ ഫൈനലിലേക്ക് ഏറ്റവും കുറവ് സാധ്യത കല്‍പിച്ചിരുന്ന ടീമാണ് ക്രൊയേഷ്യ. ആറു ദിവസത്തിനിടെ 240 മിനിറ്റ് കളിച്ച ക്രൊയേഷ്യന്‍ ടീം ഇംഗ്ലീഷ് യുവനിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കുമോ എന്ന് കളിനിരീക്ഷകര്‍ സംശയിച്ചിരുന്നു. എന്നാല്‍, സാധ്യതകള്‍ മാറിമറിഞ്ഞ കടുത്ത പോരാട്ടമാണ് രണ്ടാം സെമിയില്‍ കണ്ടത്. പ്രതീക്ഷിച്ചതു പോലെ തന്നെ ഇംഗ്ലീഷ് മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു. ബോക്സിനു തൊട്ടു പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ഇംഗ്ലീഷ് താരം ട്രിപ്പിയര്‍ മനോഹരമായി വലിയിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ അവരുടെ ഒമ്പതാമത്തെ സെറ്റ്പീസ് ഗോള്‍.

പന്ത് കൈവശം വെച്ച് പൊസഷന്‍ ഗെയിമിന് ശ്രമിച്ച ക്രൊയേഷ്യയെ കരുത്തുറ്റ മുന്നേറ്റങ്ങള്‍ കൊണ്ട് ഇംഗ്ലണ്ട് കീറിമുറിച്ചപ്പോള്‍ പേരുകേട്ട ക്രൊയേഷ്യന്‍ മധ്യനിര നിഷ്പ്രഭമായി. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ക്രൊയേഷ്യന്‍ മധ്യനിര മൈതാനത്തില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട തുരുത്തുകളായി മാറി. മോഡ്രിച്ചിനെയും പെരിസിച്ചിനെയുമൊക്കെ കൃത്യമായി മാര്‍ക്ക് ചെയ്ത് അവര്‍ ക്രൊയേഷ്യന്‍ തന്ത്രങ്ങളുടെ വലക്കണ്ണികള്‍ വലുതാക്കി. എന്നാല്‍, ഫീല്‍ഡ് ഗോളുകളിലെ ദൗര്‍ബല്യം മികച്ച പല മുന്നേറ്റങ്ങളും ഗോളാക്കി മാറ്റുനനതില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കും മുമ്പ് ക്രൊയേഷ്യയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിട്ടുതന്നെ നിന്നു.രണ്ടാംപകുതിയില്‍ കളിയുടെ ഗതിമാറി. പന്ത് കൈമാറുന്നതിലും ഒന്നിച്ചു മുന്നേറുന്നതിലും ക്രൊയേഷ്യന്‍ മധ്യനിര താളം കണ്ടെത്തിത്തുടങ്ങി. ഇതോടെ മത്സരം അല്‍പം മന്ദഗതിയിലായി. രണ്ടാം പകുതിയുടെ പകുതി സമയം പിന്നിടുമ്പോഴേക്കും ആദ്യ ഗോളിന്റെ ആത്മവിശ്വാസത്തില്‍ അല്‍പം ആലസ്യം പൂണ്ട ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യയുടെ തിരിച്ചടിവന്നു. സിമേ വ്രസാല്‍കോ ബോക്സിനകത്തേക്ക് കൃത്യമായി ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലീഷ് താരം വാക്കറുടെ തലയ്ക്കു മുകളിലൂടെ പെരിസിച്ച് കാല്‍കൊണ്ട് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. സമനില വന്നതോടെ കളി വീണ്ടും ചൂടുപിടിച്ചു. പാസുകളിലൂടെ കരുപ്പിടിച്ച് ബോക്സിലേക്ക് വിടവ് കണ്ടെത്തി ക്രൊയേഷ്യയും പന്ത് കിട്ടുമ്പോഴെല്ലാം ആക്രമിക്കാന്‍ ശ്രമിച്ച് ഇംഗ്ലണ്ടും പല ശ്രമങ്ങളും നടത്തിയെങ്കിലും ഇരു പകുതികളിലും വീണ ഓരോ ഗോളോടെ മുത്സം 90 മിനിറ്റ് പൂര്‍ത്തിയാക്കി.

അധികസമയത്തിന്റെ തുടക്കത്തിലും ഇംഗ്ലണ്ട് ആധിപത്യം കാണിച്ചെങ്കിലും പതുക്കെ പന്തും കളിയും ക്രൊയേഷ്യ വരുതിയിലാക്കി. ഒടുവില്‍ ഗോള്‍ രഹിതമായ അധികസമയത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം 109-ാം മിനിറ്റില്‍ ക്രൊയേഷ്യ മുന്നിലെത്തി. ഇംഗ്ലീഷ് ബോക്സില്‍ ഉയര്‍ന്നുപൊങ്ങി താണുവന്ന പന്ത് പിന്നിലേക്ക് ഹെഡ് ചെയ്ത് ചെത്തിയിട്ട പെരിസിച്ചിന്റെ വൈഭവം നിമിഷാര്‍ധം കൊണ്ട് മന്‍സൂക്കിച്ച് ഗോളാക്കിമാറ്റി. അതോടെ ഇംഗ്ലണ്ടിന്റെ വിധിയും എഴുതപ്പെട്ടു. തുടക്കത്തില്‍ പതറിയിരുന്നെങ്കിലും മികച്ച ടാക്ലിങും പാസുകളും കൊണ്ട് ടീം ഗെയിമിലൂടെ മുന്നേറിയതാണ് ക്രൊയേഷ്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. കയ്യിലിരുന്ന കളിയുടെ നിയന്ത്രണം നഷ്ടമാകുന്നത് മനസ്സിലാക്കി തിരിച്ചുപിടിക്കാനുള്ള അനുഭവ സമ്പത്ത് ഇല്ലാതെ പോയത് ഇംഗ്ലണ്ടിന് ലൂസേഴ്സ് ഫൈനലിലേക്കുള്ള വഴി കാണിക്കുകയും ചെയ്തു.

ഫ്രാന്‍സിനെതിരെ ക്രൊയേഷ്യ നേടുമോ?

നല്ല നായകനും മികച്ച മധ്യനിരയുമാണ് ക്രൊയേഷ്യയുടെ കരുത്ത്. എന്നാല്‍, തുടര്‍ച്ചയായി നീണ്ട മത്സരങ്ങള്‍ കളിച്ച ടീമിന്റെ കാര്യക്ഷമത വീണ്ടെടുക്കുക എന്നതാണ് നിലവില്‍ ഫൈനലിനു മുമ്പ് അവര്‍ക്കുള്ള കടമ്പ. ഇംഗ്ലണ്ടിനെതിരെ വിജയഗോള്‍ നേടിയ മന്‍സൂക്കിച്ച് ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തിനിടെ പരിക്കേറ്റാണ് പുറത്തുപോയത്. പല താരങ്ങളും മത്സരത്തിനിടെ പേശീവലിവ് മൂലം വലയുന്നത് കാണാമായിരുന്നു. സുസജ്ജരായ ഫ്രാന്‍സിനെതിരെ ഫിറ്റായ ടീമിനെ എത്തിക്കുക എന്നത് ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്കോ ഡെലിച്ചിന് വെല്ലുവിളിയാണ്. കാരണം, ഒരു ചെറിയ പിഴവുപോലും കണ്‍മുന്നില്‍ നില്‍ക്കുന്ന സ്വപ്നത്തെ നഷ്ടമാക്കിക്കളയും. കരുത്തരായ ഫ്രാന്‍സിനെതിരെ 'ചെറിയ കളികളൊന്നും' മതിയാകില്ലെന്നും അദ്ദേഹത്തിനറിയാം. പക്ഷേ, ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ നിഷ്പ്രഭരാക്കി തുടങ്ങി ഇപ്പോള്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി സെമിയില്‍ വരെ എത്തിനില്‍ക്കുന്ന ക്രൊയേഷ്യയെ പറ്റി മുന്‍കൂട്ടി ഒന്നും പറയാനാവില്ല. അതിന് ജൂലൈ 15 വരെ കാത്തിരുന്നേ മതിയാകൂ.

Next Story

Related Stories