TopTop
Begin typing your search above and press return to search.

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി 'ഈജിപ്തിന്റെ ഖലീഫ'

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ഈജിപ്തിന്റെ ഖലീഫ

എസ്‌കോബാര്‍ മുതല്‍ മറ്റരാസിയെ ഇടിച്ചിട്ടതിന് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ സിദാന്‍ വരെ വിവിധ ലോകകപ്പുകളുടെ വേദനായാണ്. ആഘോഷാരവങ്ങള്‍ക്കിടയില്‍ പ്രമുഖ കളിക്കാരുടെ കണ്ണ് നീരും കളിക്കളത്തില്‍ വീഴാറുണ്ട്. റഷ്യന്‍ കാര്‍ണിവല്‍ ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയുടെ കണ്ണ് നീരാണ് സര്‍ ചക്രവര്‍ത്തിമാരുടെ, ലെനിന്റെ, സ്റ്റാലിന്റെ റഷ്യന്‍ മണ്ണില്‍ ആദ്യം നിറയുക. പരിക്കും, നിര്‍ഭാഗ്യവും മൂലം നൈലിന്റെ നൊമ്പരമായി മാറി ഈ സൂപ്പര്‍ താരം.

ഈജിപ്ഷ്യന്‍ ഫുട്‌ബോളിന്റെ വരമാണ് യുവ താരം മുഹമ്മദ് സല. 1990-ന് ശേഷം ഈജിപ്ത് ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയത് സാലയുടെ ചിറകിലേറിയാണ്. കഴിഞ്ഞ ഒക്ടോബറില്‍ കോംഗോയ്ക്കെതിരായ മത്സരത്തിലെ 95-ാം മിനിറ്റിലെ സലയുടെ ഗോളിലാണ് ഈജിപ്ത് റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന് തോല്‍വി വഴങ്ങിയെന്ന് സാഹചര്യത്തിലാണ് സലയെന്ന രക്ഷകന്‍ ഈജിപ്തിനെ പ്രതീക്ഷകളുടെ പിരമിഡിന് മുകളിലെത്തിച്ചത്.

ഈജിപ്തിനെ ലോകകപ്പിലേക്ക് നയിച്ച സലയുടെ ഗോള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി ഏറ്റവുമധികം ഗോള്‍ സ്‌കോര്‍ ചെയ്തു കൊണ്ട് റെക്കാഡിട്ടപ്പോള്‍ 'ഈജിപ്തിന്റെ ഖലീഫ ഇംഗ്ലണ്ടിന്റെ രാജാവ്' എന്നെഴുതിയ പത്ര തലക്കെട്ട് ഏറെ അര്‍ത്ഥവത്തുള്ളതാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലിലും, ചെല്‍സിയലും സല കളിച്ചു. എന്നാല്‍ ചെല്‍സിക്ക് സലയുടെ വില മനസിലായില്ല അവര്‍ സാലയെ റോമയ്ക്ക് വിറ്റു. പിന്നീട് ലിവര്‍പൂളിലെത്തിയ സല മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഒരു പക്ഷെ ലിവര്‍പൂള്‍ തയ്യാറായാല്‍, ഇന്ന് ലോകഫുട്ബോളില്‍ ഏറ്റവും വിലപിടിപ്പുള്ള താരമാകും സല. പ്രീമിയര്‍ ലീഗ് 2017-18 സീസണിലെ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണായി തെരഞ്ഞെടുക്കപ്പെട്ടതും സല ആയിരുന്നു.

റാമോസിന്റെ ടാക്ലിങ്ങ്‌

ലോകകപ്പിന് ദിവസങ്ങള്‍ക്കു മുന്‍പ് യുവേഫ ഫൈനലില്‍ റാമോസിന്റെ ടാക്ലിങ്ങില്‍ ഗുരുതരമായി പരിക്കേറ്റ സല ആദ്യ മത്സരത്തിനിറങ്ങിയില്ല, സല ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിന് ഇറങ്ങിയെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റഷ്യയോട് വീണ്ടും തോല്‍വി ഏറ്റു വാങ്ങി. ഇതിനോടകം ലോകകപ്പില്‍ നിന്ന് പുറത്തായ ഈജിപ്തിന്റെ അവസാന മത്സരം ഇന്ന് സൗദി അറേബ്യക്കെതിരെയാണ്.

കേവലം കളിക്കളത്തിനകത്ത് മാത്രം ഒതുങ്ങുന്ന ഒരു മനുഷ്യ ജീവിതം അല്ല സല. തന്റെ കാലഘട്ടത്തിലെ പല സൂപ്പര്‍ താരങ്ങളും ആഘോഷങ്ങളില്‍ തിമിര്‍ത്ത് നടക്കുമ്പോള്‍ ഈജിപ്തിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു സല നിന്നത്. അതുകൊണ്ട് കൂടിയാണ് ആരാധകര്‍ സലയെ 'ഈജിപ്തിന്റെ ഖലീഫ' എന്ന് വിളിക്കുന്നത്. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന തന്റെ ഗ്രാമമായ നാഗ്രിക് ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനായി ഒരു ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ വേണ്ടി ഒരു വന്‍തുക സാല ചിലവഴിച്ചിരിക്കുകയാണ്. ഫാക്ടറി നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം വാങ്ങാനും സല സ്വന്തം പണമാണ് ചിലവഴിച്ചിരിക്കുന്നത്. 450000 യു എസ് ഡോളര്‍ ആണ് അതിന് വേണ്ടി ചിലവാക്കിയത്.

ജേഴ്സി നല്‍കാമോയെന്ന് എന്ന് പേപ്പറിലെഴുതി ഉയര്‍ത്തിക്കാട്ടി ചോദിച്ച ആരാധകര്‍ക്കിടയിലിരുന്ന കുഞ്ഞിന് മത്സരശേഷം ജേഴ്സി ഊരി നല്‍കി സാല അത്ഭുതപ്പെടുത്തി. ഈജിപ്തില്‍ ബോംബ് സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതിന് ശേഷം നടന്ന മത്സരത്തില്‍, ഗോള്‍ നേടിയിട്ട് അതാഘോഷിക്കാതെ, നാടിനോട് ഐക്യപ്പെട്ട് നില്‍ക്കുന്ന സല സ്വന്തം രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ കൈയ്യടിയും ആദരവും പിടിച്ചുപറ്റി. കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ഈജിപ്തില്‍ ആനന്ദത്തിന്റെ മധുരം നിറച്ചത് സല നേടികൊടുത്ത അവരുടെ ലോകകപ്പ് പ്രവേശനമാണ്.വിഖ്യാത സംഗീതജ്ഞന്‍ ബോബ് മാര്‍ലി സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിച്ച ഫുട്ബോളിലൂടെ അശാന്തി നിറഞ്ഞ ഒരു രാജ്യത്തു പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ നട്ടു പിടിപ്പിച്ച മുഹമ്മദ് സാലയുടെ കാലുകളായിരുന്നു. റഷ്യയില്‍ കപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഈജ്പ്തിലെ വേദനിക്കുന്ന ജനങ്ങള്‍ കുറച്ച് നല്ല കളി നിമിഷങ്ങള്‍ സമ്മാനിക്കണമെന്ന് സാല തീര്‍ച്ചയായും കരുതിയിട്ടുണ്ടാവും. അതിന് പോലും സാധിക്കാതേ സങ്കടപ്പെട്ടു മടങ്ങുന്ന സല ഫുട്ബാള്‍ ആരാധകരുടെയും റഷ്യന്‍ കാര്‍ണിവലിലെയും ഹൃദയഭേദകമായ രംഗമാവും.

http://www.azhimukham.com/sports-russia-2018-third-phase-matches-start-today/

http://www.azhimukham.com/sports-i-want-to-meet-argentine-players-maradona/

http://www.azhimukham.com/sports-russia2018-egypt-against-saudi-match-preview/

http://www.azhimukham.com/sports-russia2018-uruguay-against-russia-match-preview/

http://www.azhimukham.com/sports-russia-2018-world-cut-prequarter-chance/


Next Story

Related Stories