TopTop
Begin typing your search above and press return to search.

വംശീയാധിക്ഷേപങ്ങൾ അതിരു കടക്കുന്നു, ജർമനി വിടാൻ ഒരുങ്ങി ഒസീൽ

വംശീയാധിക്ഷേപങ്ങൾ അതിരു കടക്കുന്നു, ജർമനി വിടാൻ ഒരുങ്ങി ഒസീൽ

ലോകകപ്പുകളില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ആദ്യമേ പുറത്തു പോകുന്ന ടീമുകളുടെ പരിശീലകന്‍ മുതല്‍ പ്രധാന കളിക്കാരുടെ വരെ തലയുരുളുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ച വെച്ചാലും നിര്‍ണായക മത്സരത്തിലെ ചെറിയ പിഴവിന് ഒരു ജീവിതകാലം മുഴുവന്‍ വില കൊടുക്കേണ്ടി വരും. തുടര്‍ച്ചയായ രണ്ടാം കിരീടം നേടാന്‍ പ്രാപ്തമായ ടീമെന്ന ഖ്യാതിയോടെ റഷ്യയില്‍ എത്തിയ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായത് മുതല്‍ ടീമില്‍ കലാപം ആരംഭിച്ചിരിക്കുകയാണ്.

ജര്‍മന്‍ താരങ്ങള്‍ക്കെതിരെ മത്സരശേഷം രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് മധ്യനിര താരം ഓസിലാണ്. മുന്‍ ജര്‍മന്‍ താരം മരിയോ ബസ്ലര്‍ ചത്ത തവളയുടെ ശരീരഭാഷയാണ് താരത്തിനെന്നാണ് വിശേഷിപ്പിച്ചത്. ഒരു ലീഡര്‍ എങ്ങനെയാവണം എന്നതിന്റെ ഉദാഹരണം കാണിക്കുന്നതില്‍ ഓസില്‍ പരാജയപ്പെട്ടെന്നും മുഴുവന്‍ ജര്‍മന്‍ താരങ്ങളും അവരുടെ നൂറു ശതമാനം തല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും ബസ്ലര്‍ പറഞ്ഞു. മെക്‌സിക്കോക്കെതിരായ മത്സരശേഷം ദേശീയ ടീമിന്റെ ജേഴ്‌സി അണിയാന്‍ ഓസില്‍ അര്‍ഹനല്ലെന്നും മുന്‍ ജര്‍മന്‍ താരം പറഞ്ഞിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരം ലെറോയ് സാനെയെ പോലുള്ള കളിക്കാരെ പുറത്തിരുത്തിയാണ് ജര്‍മനി ലോകകപ്പ് സ്‌ക്വാഡിനെ ഇറക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ മെക്‌സിക്കോയോട് തോല്‍വിയോടെ തുടങ്ങിയ ജര്‍മനി രണ്ടാമത്തെ മത്സരത്തില്‍ സ്വീഡനോട് ജയം നേടി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും നിര്‍ണായകമായ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റ് പുറത്താവുകയായിരുന്നു. എണ്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജര്‍മനി ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താവുന്നത്.ഒസിലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ കേവലം കളിക്കളത്തിലെ കാര്യങ്ങള്‍ മാത്രമല്ല രാഷ്ട്രീയ കാരണങ്ങളും ഉണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ ഒസില്‍ തന്റെ ജന്മനാടായ തുര്‍ക്കിയുടെ പ്രസിഡന്റ് ഉര്‍ദുഗാനെ സന്ദര്‍ശിച്ചത് ജര്‍മനിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒസിലിന്റെ തുര്‍ക്കി സന്ദര്‍ശന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഒസിലിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും താരം പ്രതികരിച്ചില്ല.

ജര്‍മന്‍ ടീമില്‍ നിന്ന് വിരമിക്കുകയും, ശിഷ്ട കാലം ഇംഗ്ലണ്ടില്‍ താമസിക്കാന്‍ ആലോചിക്കുകയും ചെയ്യുന്നു എന്ന് ഒസിലിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു സ്‌കൈ സ്‌പോര്‍ട്‌സ് ജര്‍മനി റിപ്പോട് ചെയ്യുന്നുണ്ട്. നേരത്തെ ജര്‍മനിയുടെ തോല്‍വി തന്റെ മകന് മേല്‍ ചാരി രക്ഷപെടാന്‍ ഉള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നതായി ഒസിലിന്റെ അച്ഛന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

2014 ജര്‍മന്‍ കിരീട നേട്ടത്തില്‍ മുഖ്യ പങ്കു വഹിച്ച മിഡ്ഫീല്‍ഡര്‍ ആണ് ഒസില്‍. ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ക്ലബ്ബായ ആഴ്സണലിന്റെ പ്രധാന താരം ആണ്. സഹ കളിക്കാര്‍ മുതല്‍ ആരാധകര്‍ വരെയുള്ളവരുടെ വംശീയ പരാമര്‍ശങ്ങളും താരത്തിന്റെ ഈ കടുത്ത നടപടിക്ക് കാരണമായി എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. എന്തായാലും ജര്‍മനിയുടെ ജേഴ്സിയില്‍ ഇനി ആ പത്താം നമ്പറുകാരന്‍ ഉണ്ടാവില്ല എന്ന് തന്നെയാണ് സൂചനകള്‍.


Next Story

Related Stories