TopTop
Begin typing your search above and press return to search.

സൗദി വലകുലുക്കി റഷ്യന്‍ ആക്രമണം; റഷ്യ-സൌദി മത്സരം അറിയേണ്ടതെല്ലാം

സൗദി വലകുലുക്കി റഷ്യന്‍ ആക്രമണം; റഷ്യ-സൌദി മത്സരം അറിയേണ്ടതെല്ലാം

ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിലെ ഉദ്ഘാടനമല്‍സരത്തില്‍ സൗദി ഗോള്‍മുഖത്ത് അപ്രതീക്ഷിത ആക്രമണത്തിലൂടെ 2018 ലോകപ്പില്‍ ആദ്യ ഗോള്‍ നേടി റഷ്യയുടെ യൂറി ഗസിന്‍സ്‌കി. ബ്രിട്ടീഷ് പോപ്പ് ഗായകന്‍ റോബി വില്ല്യംസും, ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയും അതിഥികളായെത്തുന്ന ഉത്ഘാടന ചടങ്ങിന് ശേഷം ഇന്ത്യൻ സമയം രാത്രി 8.30 നു ആരംഭിച്ച റഷ്യ-സൗദി മല്‍സരത്തിലേയും, അതിലൂടെ 2018 ലോകകപ്പിലെയും ആദ്യ ഗോളാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. മോസ്കോയിലെ ചരിത്ര പ്രാധാന്യമുള്ള ലൂസ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേന്നത്.

ഉദ്ഘാടന മത്സരത്തിലേക്ക് കടക്കുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും എടുത്തു പറയാവുന്ന സമീപകാല നേട്ടങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചതിന് ശേഷം തുടര്‍ച്ചയായി 7 കളികള്‍ റഷ്യ മുട്ടുമടക്കി. മൂന്ന് സൌഹൃദ മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റാണ് സൌദി വരുന്നത്. ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ സൗദിക്ക് ആയിരുന്നു ജയം. 1994 ല്‍ നടന്ന സൌഹൃദ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന് സൗദി റഷ്യൻ ടീമിനെ തോൽപ്പിച്ചു.

റഷ്യ

പതിനഞ്ചു രാജ്യങ്ങളായി സോവിയറ്റ് യൂണിയൻ വേര്‍പിരിഞ്ഞിട്ടു ഇരുപത്തിയേഴു വർഷങ്ങൾക്കു ശേഷം ആദ്യമായി ഒരു ലോകകപ്പ് ടൂർണമെന്റിന് റഷ്യ വേദിയാകുമ്പോൾ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഇതുവരെ ആതിഥേയ ടീം തോറ്റിട്ടില്ല എന്ന ചരിത്രം ആണ് റഷ്യയെ സംബന്ധിച്ചു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സ്വന്തം നാട്ടില്‍ ഏറ്റുവാങ്ങുന്ന തോല്‍വി ലോകത്തിന് മുന്നിലുള്ള തലകുനിക്കലാകും റഷ്യക്ക്.

റഷ്യയുടെ സമീപ കാല പ്രകടനം ഒട്ടും മികച്ചതുമല്ല. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഫെഡറേഷന്‍സ് കപ്പിലും യൂറോ കപ്പിലുമുമെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. എങ്കിലും എതിരാളികളുടെ അവസ്ഥയും അത്ര മെച്ചമല്ലാത്തത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.ഫൈദോര്‍ സ്മോലോവ് മുന്നേറ്റത്തില്‍ തിളങ്ങിയാല്‍ റഷ്യയ്ക്ക് മൂന്നു പോയന്റ് സ്വന്താമാക്കാൻ സാധിക്കും എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. യൂറി ഷിര്‍ക്കോവ്, അലക്സാണ്ടര്‍ ഗോളോവിന്‍, അലന്‍ സഗയോവ് തുടങ്ങിയവരും പ്രതീക്ഷയ്‌ക്കൊത്തുയരുമെന്നാണ് കരുതുന്നത്. ഗോള്‍ കീപ്പര്‍ ഐഗര്‍ അഗിന്‍ഫീവിന്‍റെ മിന്നുന്ന ഫോമാണ് റഷ്യയുടെ പ്രധാന ആത്മവിശ്വാസം.യു എസ് എസ് ആറിന്റെ മുൻ ഗോൾ കീപ്പർ കൂടിയായ സ്റ്റാനിസ്ലോ ചെർച്ചെസോവ് ആണ് പരിശീലകൻ.

സാധ്യത ടീം: ഇഗോര്‍ അക്കിന്‍ഫീവ്, യൂറി ഷിര്‍ക്കോവ്,, ഇല്യ കുറ്റേപ്പോവ്, സെര്‍ജിഇഗ്നാസേവിച്ച്,മരിയോ ഫെര്‍ണാന്‍റസ്, അലക്സാണ്ടര്‍ ഗോളോവിന്‍, ആന്‍റണ്‍ മിറാന്‍ ചുക്, റോമന്‍ സോബ്ണിന്‍, ഫൈദോര്‍ ചലോവ്, അലന്‍ സഗയോവ്, ഫൈദോര്‍ സ്മോലോവ്

ഫിഫ റാങ്കിംഗ്‌: 70

സൗദി അറേബ്യ

ആരും ഒരു സാധ്യതയും കല്‍പ്പിച്ച് കൊടുക്കാത്ത ഏഷ്യന്‍ രാജ്യങ്ങളുടെ അഭിമാനം ആദ്യ മത്സരത്തില്‍ തന്നെ ഉയർത്തുക എന്നതായിരിക്കും ഇന്ന് സൗദി അറേബ്യ ലക്ഷ്യമിടുക. 1994 ല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് സൗദി അറേബ്യയുടെ പ്രധാന നേട്ടം. 2006ന് ശേഷം സൗദിയുടെ ആദ്യ ലോകകപ്പാണിത്. കരുത്തരയായ ജപ്പാനെ തുരത്തി ഏഷ്യന്‍ മേഖലയില്‍ നിന്നും നേരിട്ട് യോഗ്യത നേടുന്ന ആദ്യ ടീമെന്ന ആത്മവിശ്വാസവും പേറിയാണ് സൗദി റഷ്യയിലേക്ക് വിമാനം കയറിയിരിക്കുന്നത്.

സന്നാഹമത്സരങ്ങളില്‍ ബഞ്ചിലിരുത്തിയ സ്റ്റാര്‍ സ്ട്രൈക്കര്‍ അല്‍ സഹ്ലാവിയെ ഇന്ന് ആദ്യ ഇലവില്‍ത്തന്നെ ഇറക്കുമെന്നാണ് സൂചന. സ്ട്രൈക്കര്‍ മുഹമ്മദ് അല്‍ സഹ്ലാവി മിന്നിയാല്‍ റഷ്യന്‍ പ്രതിരോധം കുലുങ്ങും. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം നവാഫ് അല്‍ ആബേദി പുറത്തായത് സൗദിക്ക് തിരിച്ചടിയാകും. പ്രതിരോധ താരം ഒസാമ ഹസാവി നയിക്കുന്ന സൗദിയുടെ പരിശീലകൻ മുൻ സ്പാനിഷ് താരം ജുവാൻ അന്റോണിയോ പിസി ആണ്.

സാധ്യത ടീം : അബ്ദുള്ള അല്‍ മയൗഫ്, ഒസാമ ഹസാവി, മന്‍സര്‍ അല്‍ ഹര്‍ബി, സല്‍മാന്‍ അല്‍ ഫരാജ്, തെസിര്‍ അല്‍ ജാസിം, യാസര്‍ അല്‍ ഷഹ്റാനി, അബ്ദുള്ള അല്‍ ഖൈബരി, മുഹമ്മദ് കാനോ, മുഹമ്മദ് അല്‍ ബ്രെയ്ക്, അലി അല്‍ ബുലൈഹി, മുഹമ്മദ് അല്‍ സഹ്ലാവി.

ഫിഫ റാങ്കിംഗ്‌: 67

ഷ്യ - സൗദി അറേബ്യ ലോകകപ്പ് ചരിത്രം

സോവിയറ്റ് യൂണിയന്‍ എന്ന പേരില്‍ 10 ലോകകപ്പുകളില്‍ കളിച്ചു. 1966ല്‍ സെമിഫൈനല്‍ വരെ എത്തി. അന്ന്‌ നാലാം സ്‌ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു.

സൗദി അറേബ്യ നാല്‌ തവണ മാത്രമാണ് ലോകകപ്പില്‍ കളിച്ചത്. 1994 ലെ അരങ്ങേറ്റ ലോകകപ്പില്‍ രണ്ടാംറൗണ്ട്‌ വരെ എത്തി. 1994 മുതല്‍ 2006 വരെ എല്ലാ ലോകകപ്പിലും കളിച്ചു. കഴിഞ്ഞ രണ്ട്‌ ലോകകപ്പുകളില്‍ യോഗ്യത നേടിയില്ല.


Next Story

Related Stories