TopTop
Begin typing your search above and press return to search.

റഷ്യന്‍ അട്ടിമറി; അകിന്‍ഫീവ് ഹീറോ; പെനാല്‍റ്റി ഷൂട്ടൌട്ടില്‍ സ്പെയിന്‍ പുറത്ത്

റഷ്യന്‍ അട്ടിമറി; അകിന്‍ഫീവ് ഹീറോ; പെനാല്‍റ്റി ഷൂട്ടൌട്ടില്‍ സ്പെയിന്‍ പുറത്ത്

പെനാല്‍റ്റി ഷൂട്ടൌട്ടില്‍ രണ്ട് ഗോള്‍ പാഴാക്കിയ സ്പെയിന്‍ ലോകകപ്പില്‍ നിന്നും പുറത്ത്. റഷ്യൻ ഗോൾകീപ്പർ അകിൻഫീവിന്‍റെ അവിസ്മരണീയ പ്രകടനമാണ് ക്വാട്ടറിലേക്കുള്ള റഷ്യയുടെ പ്രവേശനം ഉറപ്പാക്കിയത്. എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയില്‍ അവസാനിച്ച കളി പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 4-3 എന്ന നിലയിലാണ് റഷ്യ വരുതിയിലാക്കിയത്.

കോക്കെയുടെയും ഇയാഗോ ആസ്പാസിന്റെയും കിക്ക് റഷ്യൻ ഗോൾകീപ്പർ അകിന്‍ഫേവ് മികച്ച രീതിയില്‍ സേവ് ചെയ്യുകയായിരുന്നു. ഇയാഗോ ആസ്പാസിന്റെ കിക്ക് കാല് കൊണ്ടാണ് തട്ടിയകട്ടിയത്. ഇത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച രക്ഷപ്പെടുത്തലുകളില്‍ ഒന്നാണ്.

രണ്ടു സമനിലയും ഒരു ജയവുമായി ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരായിട്ടാണ് സ്‌പെയിനിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശിച്ചത്. രണ്ടു ജയവും ഒരു തോല്‍വിയുമായി ഗ്രൂപ്പ് യില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് റഷ്യയുടെ വരവ്.

ആദ്യ പകുതിയിൽ യോഗ്യത മത്സരങ്ങൾ കളിക്കാതെ ആതിഥേയർ എന്ന ലേബലിൽ ലോകകപ്പിന് ക്വാളിഫൈ ചെയ്ത, കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റ റഷ്യയുടെ മുന്നിൽ കേളി കേട്ട സ്പാനിഷ് നിര വിയർക്കുന്ന കാഴ്ച കടുത്ത സ്പെയിൻ ആരാധകർക്ക് വരെ അത്ഭുതം ആയിരുന്നു. സ്പെയിനിന്റെ ആദ്യ ഗോൾ റഷ്യൻ താരത്തിന്റെ സംഭാവന ആയിരുന്നു.

മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ റഷ്യയുടെ യുറി സിര്‍ക്കോവിന്റെ ഹാന്‍ഡ് ബോളില്‍ ബോക്‌സിന് വലത് ഭാഗത്ത് നിന്ന് സ്‌പെയിന് ഫ്രീ കിക്ക്. ഇസ്‌കോയുടെ ഫ്രീ കിക്കില്‍ നിന്ന്‌ വല ചലിപ്പിക്കാന്‍ സെര്‍ജിയോ റാമോസ് ശ്രമിക്കുന്നതിനിടെ റഷ്യയുടെ ഇഗ്നാസേവെച്ചിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ഈ ലോകകപ്പിലെ പത്താമത്തെ സെല്‍ഫ് ഗോളാണിത്.

ഇനിയേസ്റ്റയുടെ പൊസിഷനില്‍ റയല്‍ മിഡ്ഫീല്‍ഡറായ മാര്‍ക്കോ അസെന്‍സിയോയെ ഇറക്കിയ സ്പെയിൻ കോച്ചിന്റെ തീരുമാനം തെറ്റായി പോയി എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ. ദിശാബോധം ഇല്ലാത്ത മധ്യ നിരയും, ഗോളടിക്കാൻ മറന്ന മുന്നേറ്റ നിരയും. സെൽഫ് ഗോളിൻറെ ഔദാര്യം ഏറെ നേരം അനുഭവിക്കാൻ സ്പെയിൻ പടയ്ക്കു കഴിഞ്ഞില്ല. റഷ്യയെടുത്ത കോര്‍ണര്‍ കിക്കിനിടെ ബോക്‌സിലേക്കുള്ള പന്ത് പീക്വെയുടെ കൈയില്‍ തട്ടിയതോടെ റഫറി ഹാന്‍ഡ് ബോളിന് പെനാല്‍റ്റി വിധിച്ചു. റഫറിയോട് തര്‍ക്കിക്കാന്‍ പോയ പീക്വേയ്ക്ക് മഞ്ഞക്കാര്‍ഡും. പെനാല്‍റ്റിയെടുക്കാന്‍ വന്ന സ്യൂബയ്ക്ക് പിഴച്ചില്ല. 42-ാം മിനിറ്റില്‍ റഷ്യ ഒപ്പം പിടിച്ചു. 1-1.ആദ്യ പകുതിക്കു മിനിട്ടുകൾക്ക് മുൻപ് ആയിരുന്നു ആതിഥേയരുടെ സമനില ഗോൾ.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾക്കു സ്പെയിൻ മുതിർന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളും, നിര്‍ഭാഗ്യവും വിനയായി. ജോർഡി ആലിബായുടെ ഹെഡർ റഷ്യൻ ഗോളി തടഞ്ഞു. തൊട്ടടുത്ത മിനുട്ടിൽ കോസ്റ്റയുടെ ഹെഡർ ലക്‌ഷ്യം തെറ്റി പുറത്തേക്ക് . മത്സരത്തിന്റെ അന്‍പത്തിയാറാം മിനുട്ടിൽ ഇസ്‌കോയെ ഫൗള്‍ ചെയ്തതിന് റഷ്യയുടെ ഇല്യ കുറ്റേപ്പോവിന് മഞ്ഞ കാർഡ്.

സ്പെയിനിനു വേണ്ടി ഇനിയസ്റ്റയും, റഷ്യക്ക് വേണ്ടി ഗോളടി വീരൻ ചെരിഷേവും ഇറങ്ങിയതോടെ ഇരു കൂട്ടരും കൂടുതൽ മുന്നേറ്റങ്ങൾക്ക് ശ്രമിച്ചു. പന്ത് കൈ വശം വെക്കുന്നതിൽ മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ സ്പാനിഷ് പടയ്ക്കു കഴിഞ്ഞില്ല. നിശ്ചിത സമയത്തിന് ശേഷം നാല് മിനുട്ട് ഇഞ്ചുറി ടൈം അനുവദിച്ചു. ചെരിഷേവിന്റെ മനോഹരമായ ഒരു ഷോട്ട് പോസ്റ്റിനു പുറത്തേക്കു പോവുമ്പോൾ റഫറി ഫൈനൽ വിസിൽ അടിച്ചു.

മുഴുവൻ സമയത്തു ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയിലായതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക്. റഷ്യൻ ലോകകപ്പിൽ വിജയികളെ നിർണയിക്കാൻ ആദ്യമായി എക്സ്ട്രാ ടൈമിന്റെ സഹായം തേടുന്നു. എക്സ്ട്രാ ടൈമിലും റഷ്യൻ പോസ്റ്റിൽ സ്പെയിൻ ആക്രമണം, 109 മിനുട്ടിൽ സ്‌പെയിനിന് അവസരം നഷ്ടമായി. റോഡ്രിഗോയുടെ ഒറ്റയാന്‍ കുതിപ്പ് പോസ്റ്റ് വരെ എത്തി. പന്ത് ഗോള്‍കീപ്പറുടെ പഞ്ചില്‍ കാര്‍വജലിന്റെ കാലിലേക്ക്. കാര്‍വജലും. റഷ്യൻ ലോകകപ്പിലെ ഏറ്റവും വിരസമായ മത്സരത്തിൽ എക്സ്ട്രാ ടൈമിലും ഗോൾ പിറന്നില്ല. മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക്. എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയില്‍ അവസാനിച്ച കളി പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 4-3 എന്ന നിലയിലാണ് റഷ്യ വരുതിയിലാക്കിയത്.


Next Story

Related Stories