TopTop
Begin typing your search above and press return to search.

ബോള്‍ട്ടിന്റെ മിന്നല്‍ കുതിപ്പിന്റെ രഹസ്യം; അസാധാരണ കണ്ടു പിടുത്തങ്ങളുമായി ഗവേഷകര്‍

ബോള്‍ട്ടിന്റെ മിന്നല്‍ കുതിപ്പിന്റെ രഹസ്യം; അസാധാരണ കണ്ടു പിടുത്തങ്ങളുമായി ഗവേഷകര്‍

100, 200 മീറ്ററുകളില്‍ ലോക റെക്കോഡ്. തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്‌സുകളില്‍ 100, 200 മീറ്ററുകളിലും 4x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം. ട്രാക്കിലെ അത്ഭുതരാജകുമാരന്റെ പ്രകടനത്തെ അതിമാനുഷികം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ, ശാസ്ത്രജ്ഞന്മാര്‍ അതിനെ വെറും അത്ഭുതമായി കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. അമാനുഷിക വേഗതയുടെ പര്യായമായി മാറിയ ആ കാലുകളുടെ കരുത്തിന് പിന്നിലെ രഹസ്യം തിരക്കി അവരിറങ്ങി. ഓട്ടത്തിന്റെ ബയോമെക്കാനിക്‌സിനെ കുറിച്ച് പഠിക്കുന്നതില്‍ വിദഗ്ധരായ സതേണ്‍ മെതോഡിസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിന് പിന്നീല്‍.

ചില അസാധാരണ കണ്ടുപിടിത്തങ്ങളുമായാണ് അവര്‍ പൊങ്ങിയത്. അദ്ദേഹത്തിന്റെ ഇടതുകാലിനേക്കാള്‍ പതിമൂന്ന് ശതമാനം ശക്തിയിലാണ് വലതുകാല്‍ ട്രാക്കില്‍ പതിക്കുന്നത് എന്നവര്‍ കണ്ടെത്തി. ഓരോ കുതിപ്പിലും അദ്ദേഹത്തിന്റെ ഇടതുകാല്‍ 14 ശതമാനം സമയം വലതുകാലിനെക്കാള്‍ ട്രാക്കില്‍ വിശ്രമിക്കുകയും ചെയ്യുന്നു. കാലുകളുടെ കുതിപ്പ് അസമമായതാണോ ബോള്‍ട്ടിന്റെ വേഗത്തിന് കാരണം എന്നതാണ് ഇപ്പോള്‍ ഗവേഷകരെ കുരുക്കുന്നത്. കാരണം, പരമ്പരാഗത സങ്കല്‍പമനുസരിച്ച് ഇരുകാലുകളുടെ സന്തുലിതകുതിപ്പ് വേഗത കൂടാന്‍ സഹായിക്കും എന്നായിരുന്നു. ഇനി തന്റെ ക്രമരാഹിത്യത്തെ പരമാവധി പ്രയോജനപ്പെടുത്തിയാണോ ബോള്‍ട്ട് ഏറ്റവും വേഗമേറിയ മനുഷ്യനായി മാറിയത്? അതോ കൂടുതല്‍ സന്തുലിതമായ കുതിപ്പുകള്‍ നല്‍കി പ്രകൃതി കനിഞ്ഞിരുന്നെങ്കില്‍ 9.58 സെക്കന്റിലും വേഗതയില്‍ 100 മീറ്റര്‍ ഓടിത്തീര്‍ക്കാനും 1919 സെക്കന്റിനെക്കാള്‍ വേഗതയില്‍ 200 മീറ്റര്‍ ഓടിത്തീര്‍ക്കാനും ബോള്‍ട്ടിന് സാധിക്കുമായിരുന്നോ? പക്ഷെ ഇതൊരു മില്യണ്‍ ഡോളര്‍ ചോദ്യമാണെന്ന് എസ്എംയു ലാബിന്റെ ഡയറക്ടര്‍ പീറ്റര്‍ വെയ്‌നാഡ് പറയുന്നു.

സ്‌കോളിയോസിസ് (നട്ടെല്ലിന് വളവ് വരുന്ന രോഗം) രോഗത്തിന്റെ ആഘാതത്തെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ തന്റെ കുതിപ്പുകള്‍ സ്വാഭാവികമായി നിയന്ത്രിക്കുന്നതാവാം ബോള്‍ട്ടിന്റെ വേഗതയ്ക്ക് കാരണമെന്നും ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. അദ്ദേഹത്തിന്റെ ഒട്ടോബയോഗ്രഫി പ്രകാരം ഈ രോഗം മൂലം അദ്ദേഹത്തിന്റെ നട്ടെല്ല് വലത്തേക്ക് വളയുകയും വലതുകാലിന് ഇടതുകാലിനെക്കാള്‍ അരയിഞ്ച് നീളം കുറയുകയും ചെയ്തു. മിക്ക മികച്ച ഓട്ടക്കാര്‍ക്കും സന്തുലിതമായ കുതിപ്പാണ് ലഭിക്കുക. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ ആകണം എന്നില്ല. എന്നാല്‍ ബോള്‍ട്ടിന്റെ അസ്ഥിരത അസ്വാഭാവികമാണെന്ന് വെയ്‌നാഡ് കഴിഞ്ഞ മാസം ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അസന്ദുലിത ചുവടുകള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വേഗത കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് ഗവേഷകരുടെ അനുമാനം. കൂടുതല്‍ സന്ദുലിതമായിരുന്നു ബോള്‍ട്ടിന്റെ ചുവടുകളെങ്കില്‍ അത് അദ്ദേഹത്തെ സഞ്ചാരക്രമത്തെ അസാധാരണമാക്കിയേക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അവര്‍ അനുമാനിക്കുന്നു. ആറടി അഞ്ചിഞ്ച് ഉയരമുള്ള ബോള്‍ട്ട് പക്ഷെ ഉയരം കുറഞ്ഞ ഓട്ടക്കാരെക്കാള്‍ സ്‌ഫോടനാത്മക വേഗത്തിലാണ് ഓടി തുടങ്ങുന്നത് എന്നതാണ് വേറൊരു അത്ഭുതം. വെറും 41 കാല്‍വെപ്പുകളിലൂടെ അദ്ദേഹം 100 മീറ്റര്‍ പൂര്‍ത്തിയാക്കുന്നു. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് 43ഉം 45ഉം ചിലര്‍ക്ക് 48ഉം ആണ്. ആര്‍ക്കും 100 മീറ്ററും ഒരേ വേഗത്തില്‍ കുതിക്കാനാവില്ല. എന്നാല്‍ 60 മുതല്‍ 70 മീറ്റര്‍ ദൂരത്തിനുള്ളില്‍ തന്റെ പരമാവധി വേഗം കൈവരിച്ചു കഴിഞ്ഞാല്‍, പിന്നെ മറ്റുള്ളവരെക്കാള്‍ കാര്യക്ഷമമായി ബോള്‍ട്ടിന് തന്റെ ചലനവേഗം നിലനിറുത്താന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ അവസാനഘട്ടത്തില്‍ മറ്റുള്ളവരെക്കാള്‍ കുറച്ച് മാത്രമേ ബോള്‍ട്ടിന്റെ വേഗം കുറയുന്നുള്ളു.

ഏതായാലും ബോള്‍ട്ടിന്റെ കാലുകളുടെ നീളവ്യത്യാസത്തെ കുറിച്ച് ആറ് മാസം മുമ്പ് പഠനം തുടങ്ങുമ്പോള്‍ എസ്എംയു ഗവേഷകര്‍ക്ക് അറിയില്ലായിരുന്നു. 2011ല്‍ മൊണോക്കോയില്‍ നടന്ന മത്സരത്തിന്റെ വീഡിയോയില്‍ ബോള്‍ട്ടിന്റെയും മറ്റ് മൂന്ന് ഓട്ടക്കാരുടെയും ഓരോ 20 ചുവടുകള്‍ വീതം എടുത്താണ് പഠനം നടത്തിയത്. ബോള്‍ട്ടിന്റെ വലതുകാല്‍ 1080 പൗണ്ട് ശക്തിയില്‍ ട്രാക്കില്‍ ഇടിക്കുമ്പോള്‍ ഇടതുകാല്‍ 955 പൗണ്ട് ശക്തിയിലാണ് ഇടിക്കുന്നത്. അവിടെയാണ് കാലുകളുടെ നീളവ്യത്യാസം ബോള്‍ട്ടിനെ സഹായിക്കുന്നത്. വലതുകാല്‍ നീളം കുറഞ്ഞതായതിനാല്‍ അത് ട്രാക്കില്‍ പതിക്കാന്‍ കുറച്ചുകൂടി ദൈര്‍ഘ്യം എടുക്കുകയും അതിനാല്‍ തന്നെ ആ ചുവടിന് ചലനവേഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതായത് ഇരുകാലുകളുടെയും സന്ദുലിത ചലനം എന്ന യുക്തിയാണ് ഈ മനുഷ്യന്‍ പൊളിച്ചടുക്കുന്നത്.

ബോള്‍ട്ടിനെ സംബന്ധിച്ചിടത്തോളം നീളം കൂടിയ ഇടതുകാല്‍ കൂടുതല്‍ സമയം ട്രാക്കില്‍ വിശ്രമിക്കുക എന്ന സ്വാഭാവിക പൊരുത്തപ്പെടല്‍ ആണ് സംഭവിച്ചിരിക്കുന്നത്. ഇതുകാല്‍ സെക്കന്റിന്റെ 97,000 ഒന്ന് സമയം ട്രാക്കില്‍ ചിലവഴിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലതുകാല്‍ ചുവടൊന്നില്‍ സെക്കന്റിന്റെ 85,000 ത്തില്‍ ഒന്ന് സമയമാണ് ചിലവഴിക്കുന്നത്. ഇതോടെ ഇടതുകാല്‍ കുതിപ്പിന് ശക്തി സംഭരിക്കാന്‍ കുറച്ചുകൂടി സമയം ലഭിക്കുന്നു. അതായത് ഇടതുകാല്‍ കൂടുതല്‍ ശക്തിയില്‍ ട്രാക്കില്‍ നിന്നും ഉയര്‍ത്താന്‍ സാധിക്കുന്നുവെന്ന് ചുരുക്കം. ആളുകള്‍ സാധാരണയായി ശാസ്ത്രത്തിന് തങ്ങളുടെ ശരീരമാണ് സംഭാവന ചെയ്യാറുള്ളതെന്നും എന്നാല്‍ ബോള്‍ട്ടിന് അദ്ദേഹത്തിന്റെ ശക്തി സംഭാവന ചെയ്യാവുന്നതാണെന്നും വെയ്്‌നാഡ് പറയുന്നു.

ഏതായാലും ഈ പഠനങ്ങളിലൊന്നും താല്‍പര്യം കാണിക്കാത്ത ഒരേ ഒരാളെയുള്ളു. അത് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട് തന്നെയാണ്. 'ഇത്തരം കാര്യങ്ങള്‍ പഠിക്കുന്ന തരത്തിലുള്ള ആളല്ല അദ്ദേഹം,' എന്ന് ബോള്‍ട്ടിന്റെ ഏജന്റ് റിക്കി സിംസ് ഒരു ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. പക്ഷെ, ബോള്‍ട്ട് ഓട്ടം നിറുത്തിയാലും ആ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്ന ഒരു താരം പ്രത്യക്ഷപ്പെടുന്നത് വരെയെങ്കിലും ഇത്തരം പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.


Next Story

Related Stories