TopTop
Begin typing your search above and press return to search.

ശ്രീശാന്ത്‌ ഇനി ഇന്ത്യന്‍ കുപ്പായം അണിയുമോ? എന്താണ് സാധ്യതകള്‍?

ശ്രീശാന്ത്‌ ഇനി ഇന്ത്യന്‍ കുപ്പായം അണിയുമോ? എന്താണ് സാധ്യതകള്‍?

വാതുവയ്പ് കോഴ കേസിനെ തുടര്‍ന്ന് മലയാളി ക്രിക്കറ്റ് തരാം എസ്. ശ്രീശാന്തിന് ദി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് (ബിസിസിഐ) ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഇന്നലെ കേരള ഹൈക്കോടതി നീക്കിയെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. കോഴ കേസിനെ തുടര്‍ന്ന് ശ്രീശാന്തിനെ ക്രിമിനല്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയത് ബിസിസിഐ കണക്കിലെടുക്കേണ്ടതായിരുന്നു എന്ന് വിലയിരുത്തിയ കോടതി ബിസിസിഐ നടപടി സ്വാഭാവികനീതിയുടെ ലംഘനമാണെന്നും നിരീക്ഷിച്ചു. വിലക്കിന് ആധാരമായ കാരണം തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ പിന്നെ എങ്ങനെയാണ് ബിസിസിഐ വിലക്ക് തുടരുന്നതെന്ന് കോടതിയുടെ ചോദ്യം പ്രസക്തമാണ്. ലോകത്തെ പല കായികതാരങ്ങളും തെറ്റിലേക്ക് പോയിട്ടുണ്ട്. തെറ്റുതിരുത്തി എത്തിയ ചില താരങ്ങള്‍ കായികലോകത്തേക്ക് മടങ്ങിയെത്തി വിജയങ്ങള്‍ കൈപിടിയിലൊതുക്കിയ ചരിത്രങ്ങളുമുണ്ട്. ഇവിടെ ശ്രീശാന്ത് നിരപരാധിയാണെന്ന് കോടതി വിധിച്ചതാണ്. എന്നിട്ടും ബിസിസിഐയുടെ നടപടി കാരണം കരിയറിന്റെ നല്ലൊരു സമയം ശ്രീക്ക് നഷ്ടപ്പെട്ടു. താന്‍ ശാരീരികമായി ഫിറ്റാണെന്നും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നുമാണ് ആത്മവശ്വാസത്തോടെ ശ്രീ പറയുന്നത്.

പക്ഷെ ഈ മുപ്പത്തിനാലുകാരന്റെ മുമ്പിലെ പ്രധാന തടസ്സം പ്രായം തന്നെയാണ്. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചടത്തോളം ഈ പ്രായം കളിക്കളത്തില്‍ വെല്ലുവിളിയാണ്. നാല് കൊല്ലത്തോളം കളത്തില്‍ മാറി നിന്ന് ശ്രീശാന്തിന് ഇനി എന്ത് സാധ്യതയായിരിക്കും ക്രിക്കറ്റിലുള്ളത് എന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശ്രീശാന്തിന് സാധ്യതയുണ്ടെന്ന് തന്നെയാണ് കാണുന്നത്. കാരണം ഒന്നേയുള്ളൂ, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ നല്ല ഫാസ്റ്റ് ബൗളര്‍മാരില്ല എന്നത് തന്നെ. ശ്രീശാന്ത് 27 ടെസ്റ്റ് മാച്ചുകളില്‍ നിന്ന് 87 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 53 കളികളില്‍ നിന്ന് 75 വിക്കറ്റുകളും.

നിലവിലെ ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമ്മി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര ഇവരൊക്കെ കഴിവ് കുറഞ്ഞവരാണെന്നല്ല അര്‍ത്ഥമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മീഡിയം പേസര്‍മാരാണ് എന്നതാണ് പ്രശ്നം. അതുകൊണ്ട് തന്നെ ദീര്‍ഘ സ്‌പെല്ലുകളില്‍ ഇവര്‍ തികഞ്ഞ ഫാസ്റ്റ് ബൗളര്‍മാര്‍ എന്ന രീതിയില്‍ പരാജയമാകുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ ഇവരുടെ ദൗര്‍ബല്യം അധികം പ്രകടമാകാറില്ല. എന്നാല്‍ വിദേശ പിച്ചുകളില്‍ ഇവര്‍ക്ക് ശരിക്കും അടിപതറുന്നത് കാണാം. ടെസ്റ്റ് മാച്ചുകളില്‍ ആണെങ്കില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ദയനീയ പ്രകടനം കൃത്യമായി മനസ്സിലാക്കാനും കഴിയും.

ഇവിടെയാണ് മുപ്പത്തിനാലുകാരനായ ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് (ടെസ്റ്റ് ടീമിലേക്ക് എങ്കിലും) അവസരമുണ്ടെന്ന് പറയുന്നത്. ദീര്‍ഘ സ്‌പെല്ലുകള്‍ വേഗത ചോരാതെ എറിയാന്‍ സാധിക്കുമെന്നതാണ് ശ്രീശാന്തിന്റെ സാധ്യത. വിദേശ പിച്ചുകളില്‍ ശ്രീശാന്തിനെ പോലെ തിളങ്ങിയിട്ടുള്ള ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അധികമില്ല. സ്ഥിരമായി 145 കി.മീറ്ററില്‍ താഴാത്ത വേഗതയില്‍ എറിയാനും വിക്കറ്റുകള്‍ എടുക്കാനും ശ്രീശാന്തിന് മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇല്ലാത്ത അഗ്രസീവ്നെസുമുണ്ട്. ശ്രീശാന്തിന്റെ പല പ്രകോപനങ്ങളും വിവാദങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ടെങ്കിലും എതിര്‍ ടീമിന് മേല്‍ ആധിപത്യം ലഭിക്കാന്‍ ആ അഗ്രസീവ്നെസ് കളിക്കളത്തില്‍ സഹായകമായിട്ടുണ്ട്; പ്രത്യേകിച്ച് ഓസ്‌ട്രേലിയ പോലുള്ള ടീമുകള്‍ സ്ലെഡജിംഗ് ഒരു ഉപാധിയായി പോലും കൊണ്ടുനടക്കുന്ന സാഹചര്യത്തില്‍.

ബാറ്റ്സ്മാന്മാരുടെ എകാഗ്രത നശിപ്പിക്കുന്നതില്‍ ശ്രീശാന്ത് എപ്പോഴും ശ്രദ്ധ കാണിക്കാറുണ്ട്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ പലപ്പോഴും അപവാദമായി നില്‍ക്കാറുള്ള ഓസ്ട്രേലിയന്‍ താരങ്ങളോട് മുന്‍ ക്യാപ്റ്റന്‍ ഗാംഗുലി പോലും കാണിക്കാത്ത പ്രതികരണമാണ് ശ്രീശാന്ത് കാണിച്ചിട്ടുള്ളത്. വേഗത കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും വിദേശ പിച്ചുകളില്‍ എതിരാളികളെ വിറപ്പിച്ച ശ്രീശാന്ത് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു. വേഗത കൊണ്ട് പേടിപ്പിച്ച വിദേശ ടീമുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ച് നല്‍കാന്‍ ശ്രീശാന്ത് ഉണ്ടായിരുന്നു.

ശ്രീശാന്തിനെ ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയത് ബിസിസിഐ കണക്കിലെടുക്കാതെ ആ വിലക്ക് തുടര്‍ന്നതില്‍ ഒരു നീതികേടുണ്ടായിരുന്നു. ആ നീതികേട് ഇനിയും ബിസിസിഐക്ക് തിരുത്താം. ഫിറ്റ്നസും കഴിവും ശ്രീശാന്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍, ശ്രീ അത് തെളിയിക്കുക കൂടി ചെയ്താല്‍ ഇന്ത്യന്‍ ജേഴ്സി അണിയാനുള്ള അവസരം നല്‍കണം. കാരണം കഴിവുള്ള ഒരു കായിക താരത്തിന്റെ കരിയര്‍ നശിപ്പിച്ചതിന് ഒരു പ്രായശ്ചിത്തവും പിന്നെ നിലവിലെ ടെസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരുടെ പരിതാപകരമായ അവസ്ഥയും കണ്ടിട്ട് ഈ വലംകൈയ്യന്‍ പേസ് ബൗളര്‍ ടീമിലെത്താന്‍ എന്തുകൊണ്ടും അര്‍ഹനാണ്.

ലോകത്തര ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ ഇന്ത്യക്ക് നിലവിലുള്ള നല്ല ഫാസ്റ്റ് ബൗളര്‍മാരില്‍ മികച്ചു നില്‍ക്കുന്ന ഒരാള്‍ ശ്രീശാന്താണ്. വിദേശ പിച്ചുകളില്‍ തീര്‍ച്ചയായും ശ്രീയുടെ അനുഭവവും ബൗളിംഗ് വേഗവും അഗ്രസീവ്നെസും ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും. ഇന്ത്യയിലെ മറ്റ് ബൗളര്‍മാരില്‍ നിന്ന് ശ്രീയെ വ്യത്യസ്തനാക്കുന്നത് പരിക്കുകള്‍ വെല്ലുവിളി ഉയര്‍ത്താത്ത ഒരു ഫാസ്റ്റ് ബൗളറാണ് എന്നതാണ്. നമ്മുടെ പല ഫാസ്റ്റ് ബൗളര്‍മാരുടെ പ്രധാന പ്രശ്‌നം പരിക്കുകളില്‍ വലയുന്നതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്രയും ഫിറ്റായ ഒരു ഫാസ്റ്റ് ബൗളറെ വേറെ ചൂണ്ടി കാണിക്കാനില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതിലെ ധാരാളിത്തം കുറയ്ക്കുകയും നിയന്ത്രിത അഗ്രസീവ്‌നെസും കൂടിയായാല്‍ ശ്രീയിലെ മികച്ച ബൗളറെ നമുക്ക് ധൈര്യമായി ചൂഷണം ചെയ്യാം.

ഇന്ത്യന്‍ ടീമില്‍ ശ്രീക്കുള്ള മറ്റൊരു വെല്ലുവിളി ക്രിക്കറ്റ് ലോകത്തെ ലോബികളായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഉത്തരേന്ത്യന്‍ അടക്കമുള്ള ലോബികളുടെ സ്വാധീനം ബിസിസിഐയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും തീരെ ഇല്ലാതായിട്ടില്ല. സെലക്ടര്‍മാര്‍ക്കും പിന്നെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും കോച്ച് രവി ശാസ്ത്രിക്കുമൊക്കെ ശ്രീയോട് പ്രത്യേകിച്ച് താത്പര്യമോ വിരോധമോ ഇല്ല. അതുകൊണ്ട് തന്നെ ഇവരുടെയൊക്കെ ശ്രദ്ധ പിടിച്ചുപറ്റി ടീമിലേക്ക് എത്താന്‍ ശ്രീശാന്തിന് നന്നായിട്ട് കഷ്ടപ്പെടേണ്ടി വരും. കേരള രഞ്ജി ടീമിലും അതുവഴി ദേശീയ ടീമിലും എത്താനായിരിക്കും ശ്രീയുടെ ശ്രമം. ഇത്തവണത്തെ രഞ്ജി സെലക്ഷന് മുമ്പ് വിലക്ക് നീങ്ങികിട്ടിയത് ശ്രീക്ക് ഗുണകരമായിട്ടുണ്ട്. കേരള ക്രിക്കറ്റ് ബോര്‍ഡ് ശ്രീശാന്തിന് നല്ല പിന്തുണ നല്‍കുന്നതാണ് പ്രകടമായി കാണുന്നത്. രഞ്ജിയില്‍ കഴിവുതെളിയിച്ച് ശ്രീ ദേശീയ കുപ്പായത്തിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെ കരുതാം.

2013 മേയ് 16നായിരുന്നു ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ ഐപിഎല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ താരങ്ങളായിരുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ കോടതി വിധിയില്‍ ബിസിസിഐയുടെ നിലപാട് വ്യക്തമായിട്ടില്ല. ബിസിസിഐയുടെ ആക്റ്റിംഗ് പ്രസിഡന്റ് സികെ ഖന്ന പ്രതികരിച്ചത്- 'ബിസിസിഐയുടെ നിയമ സമിതി ഇതിനെ കുറിച്ച് പഠിച്ചിട്ട് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളും' എന്നാണ്. ശ്രീശാന്തിന് സ്‌ക്വോട്ടീഷ് ലീഗില്‍ കളിക്കാന്‍ അനുവാദം നല്‍കാതിരുന്ന ബോര്‍ഡ് ഇനി ആ തീരുമാനം തിരുത്തിയേക്കും.

Next Story

Related Stories