TopTop

അരയ്ക്ക് താഴെ തളര്‍ന്നവനാണ്; പക്ഷേ, ബാബുവില്ലെങ്കില്‍ ഉണരില്ല മലപ്പുറത്തെ സെവന്‍സ് മൈതാനം

അരയ്ക്ക് താഴെ തളര്‍ന്നവനാണ്; പക്ഷേ, ബാബുവില്ലെങ്കില്‍ ഉണരില്ല മലപ്പുറത്തെ സെവന്‍സ് മൈതാനം
കാല്‍പ്പന്തുകളിയുടെ അടങ്ങാത്ത ആരവമാണ് മലപ്പുറത്തെങ്ങും. ഗ്രാമങ്ങളിലും നഗരങ്ങളിലും സെവന്‍സിന്റെ ലഹരിയില്‍. പലനിറങ്ങളുള്ള ജെഴ്‌സിയണിഞ്ഞ് യുവാക്കള്‍ സജീവം. ഒരു കാലത്ത് മഴയും വെയിലും മഞ്ഞുമെന്നില്ലാതെ ഇവിടത്തുകാര്‍ കാല്‍പ്പന്തുകളിയില്‍ സജീവമായിരുന്നുവെങ്കിലും ഇപ്പോള്‍ അത് വര്‍ഷത്തില്‍ ആറുമാസമായി ചുരുങ്ങി. നാട്ടുപ്രദേശങ്ങള്‍ തമ്മിലുളള വീറും വാശിയും പഴയതുപോലെ ഇപ്പോളില്ല. ഗ്രാമങ്ങള്‍ തമ്മിലുളള മത്സരം 90-കളുടെ അവസാനത്തോടെ ഇല്ലാതായി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി യുറോപ്പിലെ പോലെ ക്ലബുകളാണ് കളി നിയന്ത്രിക്കുന്നത്. നാട്ടിന്‍പുറത്തെ ടീമുകളില്‍ നാട്ടുകാര്‍ മാത്രമായിരുന്നു കളിക്കാരെങ്കില്‍ പിന്നീട് കുഗ്രാമത്തിലെ ചെറു മൈതാനങ്ങളില്‍ പോലും സുഡാന്‍, ഘാന, ഐവറികോസ്റ്റ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള താരങ്ങളാണ് കളിക്കളം നിയന്ത്രിക്കുന്നത്. ഇങ്ങനെ സജീവമായ സെവന്‍സിന്റെ ലഹരിയാണ് അരയ്ക്ക് താഴെ തളര്‍ന്ന ബാബുവെന്ന അബ്ദുല്‍ ജബ്ബാറിന് ജീവിതത്തെ വീണ്ടെടുക്കാന്‍ പ്രേരിപ്പിച്ചത്.

ബാബുവിന്റെ ഉയര്‍ച്ച

ബാബു ഇന്ന് മികച്ച ടീം മാനേജരാണ്. കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി മൂന്ന് പ്രമുഖ ക്ലബുകള്‍ക്ക് കളിക്കാരെ നല്‍കിക്കൊണ്ടിരിക്കുന്നത് ബാബുവാണ്. കേരളത്തിലെ ടീമുകള്‍ക്ക് പുറമെ പശ്ചിമബംഗാളിലെ മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നീ ക്ലബുകള്‍ക്കും ബാബു മികച്ച താരങ്ങളെ നല്‍കിയിട്ടുണ്ട്. നവംബര്‍ മാസമായാല്‍ പിന്നെ ബാബുവിന്റെ ഫോണ്‍ ഇപ്പോഴും ബിസിയായിരിക്കും. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള സീസണ്‍ തുടങ്ങും. അടുത്ത 4-5 മാസങ്ങള്‍ കറക്കം തന്നെ. നൈജീരിയയില്‍ നിന്നും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആവുന്നത്ര നല്ല കളിക്കാരെ എത്തിക്കണം. എന്നിട്ട് അവരെ ക്ലബുകള്‍ക്കായി കളിപ്പിക്കണം. അവരുടെ ടിക്കറ്റും താമസവും ശമ്പള കാര്യവും കൈകാര്യം ചെയ്യണം. ബാബുവിന്റെ വാക്കുകള്‍:
"ഒരു ആറ് മാസം എങ്ങനെയാണ് പോകുന്നതെന്ന് അറിയില്ല. അത്ര വേഗതായണതിന്. ക്ലബുകള്‍ക്ക് കളി നടക്കണമെങ്കില്‍ നമ്മള്‍ വേഗത്തില്‍ വിവേകത്തോടെ പണിയെടുക്കണം, ചിലപ്പോള്‍ കളി അറിയാത്തവരും ടിക്കറ്റുമെടുത്ത് വിമാനം കയറി വരും. ഗ്രൗണ്ടില്‍ ഇറക്കിയാലേ കാലില്‍ കളിയുണ്ടോയെന്നറിയാന്‍ കഴിയുകയുളളൂ. കളിയറിയാത്തവര്‍ വന്നാല്‍ തിരിച്ചയയ്ക്കാനും ചെലവാണ്. തുടക്കത്തില്‍ അങ്ങനെ കുറെ അമളി പറ്റിയിരുന്നു, ഇപ്പോള്‍ അത്തരത്തിലുളള പ്രശ്നങ്ങള്‍ കുറവാണ്. നമ്മളെപോലെ തന്നെ അവിടേയും നല്ലവരും ചീത്തവരും ഉണ്ട്. നമ്മള്‍ കൊണ്ടുവരുന്നവരില്‍ മോശം ആളുകള്‍ പെട്ടാല്‍ പിന്നെ ചൊറയാണ്
".

വിവിധ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നൂറിലേറെ താരങ്ങളെ ഒരോ സീസണുകളില്‍ എത്തിച്ചിട്ടുണ്ട്. ബാബു പറയുന്നു: "പതിനഞ്ചിലേറെ വര്‍ഷമായില്ലേ, കണക്ക് നോക്കിയാല്‍ വിവിധ ഇടത്തേക്ക് വിവിധ ക്ലബുകള്‍ക്കായി നൂറുകണക്കിനു താരങ്ങളെ കൊണ്ട് വന്നിട്ടുണ്ടാവും. ആദ്യം, ഭാഷ ഒരു പ്രശ്‌നം ആയിരുന്നു. ഇപ്പോള്‍ അതെല്ലാം ശരിയായി. ചിലര്‍ വലിയ പ്രശ്‌നം ഉണ്ടാക്കും എന്നാല്‍ ചിലര്‍ വളരെ മാന്യമാരാണ്."സീസണ്‍ ആയാല്‍ ബാബുവിനെ ചുറ്റിപ്പറ്റി നിറയെ വിദേശ താരങ്ങളുണ്ടാകുക പതിവാണ്. ഇപ്പോള്‍, തന്നെ സെവന്‍സ് കളിക്കാനായി കുറച്ചുപേര്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലുണ്ട്. കോഴിക്കോട്ടെ പ്രമുഖ ക്ലബായിരുന്ന ബ്ലാക്ക് & വൈറ്റിന്റെ പുതിയ ടീം റോയല്‍സിന്റെ മാനേജര്‍ ആണ് 35-കാരനായ ബാബു. പ്രാദേശിക തലത്തില്‍ സെവന്‍സിന്റെ ആരവത്തില്‍ ബാബു ഉയര്‍ന്ന് വന്നത് നാട്ടുകാരെ തെല്ലൊന്നുമല്ല വിസ്മയിപ്പിക്കുന്നത്.
"എനിക്ക് ബാബുവിനെ ചെറുപ്പം മുതലെ അറിയാം. ക്രിക്കറ്റില്‍ കമ്പക്കാരനായ ബാബു ശരിക്കും നല്ല ക്രിക്കറ്റ് താരം ആകേണ്ടതായിരുന്നു. പക്ഷെ, ആ വീഴ്ച്ച ബാബുവിന്റെ വിധി മാറ്റിയെഴുതുകയായിരുന്നു. അരയ്ക്ക് താഴെ തളര്‍ന്നിട്ടും താന്‍ വികലാംഗനല്ലെന്ന് പറഞ്ഞ് ബാബു കൂട്ടുകാരുടെ തോളില്‍ കൈവെച്ച് സെവന്‍സ് കാണാന്‍ പോയതിന്റെ ഫലമാണ് ബാബുവിന്റെ ഇന്നത്തെ ഉയര്‍ച്ച. ഇന്ന് ബാബു അറിയപ്പെടുന്ന ഒരു ടീം മാനേജരാണ്. തളര്‍ന്നിട്ടും വിഷമിച്ച് കിടക്കാതെ, വേച്ച് വേച്ച് ബാബു എത്തിനോക്കിയ സെവന്‍സ് പിന്നീട് അവനെ ഉയര്‍ത്തുകയായിരുന്നു.
" ബാബുവിനെ കുഞ്ഞുനാളുകളില്‍ തന്നെ പരിചയമുളള കുട്ടൂകാരന്‍ അഫ്താബ് അഴിമുഖത്തോട് പറഞ്ഞു.

മാവിന്‍ കൊമ്പത്തുനിന്നുളള ആ വീഴ്ച്ച

കുട്ടിക്കാലത്തേ ബാബു വെറുതെ ഇരിക്കാറില്ല. കയ്യില്‍ കിട്ടുന്ന എന്തും ബോളാണ്, അല്ലെങ്കില്‍ ബാറ്റാണ്. സാങ്കല്‍പ്പികമായി കളിച്ചുകൊണ്ടിരിക്കും. സ്കൂളില്‍ പോകുമ്പോള്‍ വഴിയില്‍ നിന്നും ക്ലാസ് മുറിയില്‍ നിന്നും എല്ലാം അങ്ങനെതന്നെ. സാങ്കല്‍പ്പികമായി സിക്‌സും ഫോറും അടിച്ചുകൊണ്ടിരിക്കും. അതാണ് ശീലം. അത് കൂട്ടുകാരും വീട്ടുകാരും ശരിവെയ്ക്കുന്നു. ബാബുവിന്റെ നാട് മലപ്പുറത്തിനും പെരിന്തല്‍മണ്ണയ്ക്കും ഇടയില്‍ തിരൂര്‍ക്കാടാണ്. ബാബു ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടെ 'യോര്‍ക്ക് ഷെയര്‍' എന്ന ഒരു ക്രിക്കറ്റ് ക്ലബുണ്ടായിരുന്നു. യോര്‍ക് ഷെയര്‍ നടത്തിയ ക്രിക്ക്റ്റ് ടൂര്‍ണ്ണമെന്റുകളാണ് ബാബുവിനെ കടുത്ത ക്രിക്കറ്റ് ആരാധനാക്കി മാറ്റിയതെന്ന് കൂട്ടുകാര്‍ ഷെമ്മീലും സുഹൈലും പറയുന്നു. അതിനിടയിലാണ് ആ ദുരന്തം നടന്നത്.
"കൃത്യമായി പറഞ്ഞാല്‍, 2000 മാര്‍ച്ച് 31-നാണ് സംഭവം. കേരള ക്രിക്കറ്റ് അണ്ടര്‍ 22- കളിക്കാന്‍ സെലക്ഷന്‍ നേടണമെന്ന വാശിയിലായിരുന്നു. ഇടയ്ക്ക് പരിശീലിക്കാറുണ്ട്. കൂടാതെ ഷാഡോ പരിശീലനവും ഉണ്ടായിരുന്നു. മാങ്ങ പറിക്കാനായി കൂട്ടുകാരന്‍ ഷെമ്മീലിന്റെ വീട്ടുമുറ്റത്തെ മാവില്‍ കയറി. നല്ല ഉയരത്തിലുളള കൊമ്പിലാണ് കയറിയത്. അവിടെ നിന്നും താഴെ നില്‍ക്കുന്ന കൂട്ടുകാരെ നോക്കി സിക്‌സ് അടിച്ചു കാണിച്ചതാ. പിന്നെ താഴെ കൂട്ടിയിട്ട തേങ്ങകള്‍ക്കിടയിലേക്ക് വീണു. നട്ടെല്ലിനു പരിക്കേറ്റ് അരയക്ക് താഴെ തളര്‍ന്ന് കിടപ്പിലായി
." ബാബു അല്‍പ്പം വേദനയോടെ ഓര്‍മ്മിച്ചു. ബാബു തളര്‍ന്നില്ല. പത്താംതരം തോറ്റ ബാബുവിന് ക്രിക്കറ്റ് മാത്രമേ അറിയുമായിരുന്നുളളൂ.അവിചാരിതമായി തിരിച്ചടി

ഉമ്മയുടെ സഹായമില്ലാതെ ബാബുവിന് തിരിഞ്ഞും മറിഞ്ഞും കിടക്കാനാകില്ലായിരുന്നു. എന്നിട്ടും കിടപ്പില്‍ നിന്നും സിനിമ സിഡി റൈറ്റ് ചെയ്ത് ചികിത്സക്കും മറ്റ് പണം കണ്ടെത്തി മുന്നേറികൊണ്ടിരിക്കുമ്പോഴാണ് വ്യാജ സിഡികള്‍ക്കെതിരെ പരിശോധനകളുമായി ഋഷിരാജ്‌സിങ് രംഗത്തുവരുന്നത്. അതോടെ ആ ശ്രമം നിന്നു. പിന്നീട് ഫിസിയോ ചെയ്തുകൊണ്ട് വേച്ച് നടക്കാനുളള ആത്മവിശ്വാസം കൈവരിച്ചു. അതോടെ, സെവന്‍സ് സീസണില്‍ കൂട്ടുകാരുടെ ചുമലില്‍ കൈവെച്ചുകൊണ്ട് കളി കാണാന്‍ പോയി തുടങ്ങി. അതില്‍ നിന്നും ലഭിച്ച പ്രചോദനമാണ് ടീം മാനേജര്‍ എന്ന പദവിവിയിലെത്താന്‍ സഹായകമായത്. സെവന്‍സ് കണ്ട് ലഹരി കയറിപ്പോള്‍ ഇന്‍ ദി നെയിം ഓഫ് വിക്ടറി എന്ന പേരില്‍ ഒരു ക്ലബ് ഉണ്ടാക്കി. അതില്‍ ഒരു വലിയ ടീമിനെ തന്നെ കിട്ടി. അങ്ങനെ തുടങ്ങി പിന്നീട് പ്രമുഖ ടീമുകളുടെ മാനേജര്‍ ആവുകയായിരുന്നു. അരയ്ക്ക് താഴെ തളര്‍ന്നിട്ടും കാല്‍പ്പന്തുകളിയുടെ ലഹരിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാബു ഇന്ന് നാട്ടുകാരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്.

Next Story

Related Stories