TopTop
Begin typing your search above and press return to search.

നാട്ടിലെ പുലികള്‍ വിദേശത്ത് ശശി; കാരണം ബിസിസിഐ എന്ന കറക്ക് കമ്പനി

നാട്ടിലെ പുലികള്‍ വിദേശത്ത് ശശി; കാരണം ബിസിസിഐ എന്ന കറക്ക് കമ്പനി

അങ്ങനെ നാട്ടിലെ പുലികള്‍ വീണ്ടും വിദേശത്ത് ശശിയായി. കളിച്ച രണ്ട് ടെസ്റ്റിലും ഇന്ത്യ 'മാന്യ'മായി തോറ്റതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര വലിയ വെല്ലുവിളികള്‍ ഇല്ലാതെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി 72 റണ്‍സിനായിരുന്നു. സെഞ്വൂറിയനിലെ സബീന പാര്‍ക്കില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തോല്‍വിയുടെ ആഴം വര്‍ദ്ധിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യാന്‍ ഇന്ത്യയ്ക്കായില്ല. ഒന്നാം ഇന്നിംഗ്‌സിലെ വിരാട് കോഹ്ലിയുടെ പ്രകടനം മാത്രമായിരുന്നു ഓര്‍ത്തിരിക്കാവുന്ന എന്തെങ്കിലും സമ്മാനിച്ചത്.

അനുകൂലമായ സാഹചര്യങ്ങളില്‍ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ തങ്ങളാല്‍ കഴിയും വിധം നന്നായി പന്തെറിഞ്ഞു എന്ന് പറയണം. പ്രത്യേകിച്ചും കേപ്ടൗണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍. ഹഷീം ആംലയും എബി ഡിവില്ലേഴ്‌സും ഫാഫ് ഡ്യൂപ്ലസിയും ക്വിന്റണ്‍ ഡികോക്കും അടങ്ങുന്ന ഒരു ബാറ്റിംഗ് നിരയെ അവരുടെ നാട്ടില്‍ വെറും 130 റണ്‍സിന് പുറത്താക്കുക എന്നത് അത്ര നിസാര കാര്യമല്ല. പ്രത്യേകിച്ചും ഓപ്പണര്‍മാര്‍ 52 റണ്‍സിന്റെ ഒന്നാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടാക്കിയതിന് ശേഷം. രണ്ടാം ഇന്നിംഗിസിലും അവരുടെ പ്രകടനം ശരാശരിക്കും മുകളിലായിരുന്നു. ശാരീരികമായും മാനസികമായും കരുത്തരായ ദക്ഷിണാഫ്രിക്കക്കാരുടെ കരുത്തിനൊപ്പം നിന്നില്ലെങ്കിലും.

എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ദയനീയമായിരുന്നു. ഇതുവരെ പരമ്പരയില്‍ ഇരുടീമുകളിലെയും ഒരേയൊരു സെഞ്ച്വറി നേട്ടക്കാരനായ കോഹ്ലിയുടെ പ്രകടനത്തിനുമപ്പുറം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടായിരുന്നത് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മ്മയുടെയും പ്രകടനങ്ങളായിരുന്നു. നിലവിലുള്ള ഇന്ത്യന്‍ ടീമില്‍ വേഗവും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാനുള്ള സാങ്കേതിക തികവുള്ള രണ്ട് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ മുരളി വിജയ് നിരാശപ്പെടുത്തി എന്ന് പറഞ്ഞുകൂടാ. വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ മുരളിക്ക് കഴിഞ്ഞില്ല. ദൗര്‍ഭാഗ്യം മുരളിയെ പിടികൂടി എന്ന് പറയാം. രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും മികച്ച പന്തുകളിലാണ് മുരളി പുറത്തായത്. കളിക്കാന്‍ ആസാധ്യമായത് എന്ന് തന്നെ പറയേണ്ടിവരും. പെട്ടെന്ന് പന്ത് താഴുകയും പൊങ്ങുകയും ചെയ്യുന്ന സെഞ്ച്വൂറിയന്‍ പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ റബാഡ എറിഞ്ഞ പന്ത് അത്തരത്തില്‍ ഒന്നായിരുന്നു. ഒരു പക്ഷെ അത്തരത്തില്‍ ഒരു പന്ത് രണ്ട് ടെസ്റ്റില്‍ രണ്ട് ടീമിലെയും ഒരു ബാറ്റ്‌സ്മാനും നേരിടേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമാണ്.

പക്ഷെ മറ്റ് ബാറ്റ്‌സ്മാന്മാരെല്ലാം പരാജയമായിരുന്നു. പക്ഷെ അത് കളിക്കാരുടെ മാത്രം കുറ്റമാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. 2016 സെപ്തംബറില്‍ ന്യൂസിലന്റിനെതിരെ നടന്ന ടെസ്റ്റ് പരമ്പര മുതല്‍ ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം കളിച്ചു ശീലിച്ച ഒരു ടീമാണിത്. ഇതിനിടയില്‍ ഇന്ത്യന്‍ ടീമിന്റെ സന്ദര്‍ശിച്ച രണ്ട് വിദേശ സന്ദര്‍ശനങ്ങള്‍ വെസ്റ്റിന്‍ഡീസിലേക്കും ഇന്ത്യന്‍ പിച്ചുകളുടെ സമാന സാഹചര്യങ്ങളുള്ള ശ്രീലങ്കയിലേക്കുമായിരുന്നു. രണ്ടും ഏകദിന പരമ്പരകള്‍ക്കായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യ സന്ദര്‍ശിച്ച ന്യൂസിലന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയെല്ലാം ഇവര്‍ ആധികാരിക ജയങ്ങള്‍ നേടുകയും ചെയ്തു.

ഏകദേശം രണ്ട് വര്‍ഷത്തോളം ഒരു ടീം വിദേശത്ത് ടെസ്റ്റ് കളിക്കാതിരിക്കുക. അനുകൂല സാഹചര്യങ്ങളില്‍ മാത്രം കളിച്ച് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുക. ഒരുതരം കറക്ക് പരിപാടി. ഇതാണ് ബിബിസിഐ ചെയ്തത്. പക്ഷെ അതിനെക്കാള്‍ ക്രൂരമായ മറ്റൊരു പരിപാടി കൂടി അവര്‍ ചെയ്തുകളഞ്ഞു. ഇത്രയും കാലം വിദേശത്ത് കളിക്കാതിരുന്ന ഒരു ടീം വിദേശത്തേക്ക് പോകുമ്പോള്‍ ഒരു സന്നാഹമത്സരമെങ്കിലും ഒരുക്കാറുണ്ടായിരുന്നു. വിദേശത്തെ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇത് അനിവാര്യമാണ്. ഒരുപക്ഷെ ഇന്ത്യ ഒഴികെ മറ്റെല്ലാ ടീമുകളും ഇത് നിര്‍ബന്ധപൂര്‍വം ചെയ്യാറുണ്ട്.

എന്നാല്‍ കാശില്‍ മാത്രം താല്‍പര്യമുള്ള ഒരു ക്രിക്കറ്റ് ബോര്‍ഡാണ് നമുക്കുള്ളത്. ദക്ഷിണാഫ്രിക്കയില്‍ ടീമിന് പരിശീലന മത്സരത്തിനുള്ള സാവകാശം ഒരുക്കണമെങ്കില്‍ നാട്ടില്‍ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. നാട്ടിലെ സ്റ്റേഡിയങ്ങളിലേക്ക് തള്ളിക്കയറുന്ന ഭ്രാന്ത് പിടിച്ച ആരാധകരുടെയും ടിവി പ്രക്ഷേപണാവകാശങ്ങളും പരസ്യങ്ങളും പോലെയുള്ള പ്രലോഭനങ്ങളെയും അതിജീവിച്ച് ക്രിക്കറ്റിന്റെ നന്മയെ മാത്രം ലക്ഷ്യം വെക്കാന്‍ താല്‍പര്യമുള്ളവരല്ല ഇന്ത്യന്‍ ക്രിക്കറ്റിനെ ഇപ്പോഴും ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ടീമിനെ ഒരു മുന്നൊരുക്കവുമില്ലാതെ കടുവക്കൂട്ടിലേക്ക് എറിഞ്ഞുകൊടുത്തു. പര്യടനത്തിന് മുമ്പ് വിരാട് കോഹ്ലി ഇക്കാര്യം ഭംഗ്യന്തരേണ സൂചിപ്പിച്ചത് നേരിയ ഒരു വിവാദത്തില്‍ ഒതുങ്ങുകയും ചെയ്തു.

കൊല്ല്, തിന്ന് എന്ന് ഇന്ത്യന്‍ ഗാലറികളില്‍ ഇരുന്ന് അലറുന്ന കാണികളും ഇതിന് ഉത്തരവാദികളാണ്. അവര്‍ നീട്ടുന്ന പ്രലോഭനമാണ് ബോര്‍ഡിനെ കൊണ്ട് ഇത്തരം അനീതികള്‍ കാണിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗിന് കുറച്ചുകൂടി അനുകൂലമായ വാണ്ടറേഴ്‌സ് പിച്ചില്‍ ഒരുപക്ഷെ ഒരു സമ്പൂര്‍ണ പരാജയം ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഇപ്പോഴുയരുന്ന വിമര്‍ശനങ്ങള്‍ ഒഴിഞ്ഞു പോയേക്കും. പക്ഷെ, അതിന മുമ്പ് സാമ്പത്തിക ലാഭത്തില്‍ മാത്രം കണ്ണുചിമ്മാതെ കളിക്കാര്‍ക്ക് കളിക്കാനുള്ള സാഹചര്യവും ആത്മവിശ്വാസവും ഒരുക്കാനുള്ള പ്രതിബദ്ധ കൂടി ക്രിക്കറ്റ് ഭരണാധികാരികള്‍ക്കുണ്ട്. പക്ഷെ, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കുറെക്കാലം വീക്ഷിക്കുന്ന ആര്‍ക്കും ഇതൊരു വ്യാമോഹമാണെന്ന തിരിച്ചറിവുണ്ടാകും. ഒരു ലോധ കമ്മിറ്റിയൊന്നും വിചാരിച്ചാല്‍ നന്നാവുന്നതല്ല ബിസിസിഐ എന്ന താപ്പാനകളുടെ പ്രസ്ഥാനം.

http://www.azhimukham.com/bcci-fight-with-court-lodha-committee/


Next Story

Related Stories