TopTop

സെറീന പൊട്ടിത്തെറിച്ചത് ടെന്നീസിലെ വര്‍ണ്ണ ലിംഗ വിവേചനങ്ങള്‍ക്കെതിരെയാണ്

സെറീന പൊട്ടിത്തെറിച്ചത് ടെന്നീസിലെ വര്‍ണ്ണ ലിംഗ വിവേചനങ്ങള്‍ക്കെതിരെയാണ്
സെറീന വില്ല്യംസ് - സമകാലിക ടെന്നിസിലെ സമാനതകളില്ലാത്ത താരമെന്ന് മാത്രമല്ല, ടെന്നിസ് ലോകം കണ്ട എക്കാലത്തെയും മികച്ച പോരാളി എന്നുകൂടി വിശേഷണമുണ്ട് ഈ പേരിന്. ഗർഭിണിയായ സമയത്തെ ഗ്രാൻഡ്സ്ലാം കിരീടനേട്ടവും അ‌മ്മയായ ശേഷം 36-ാം വയസ്സിൽ നടത്തുന്ന തിരിച്ചുവരവുമൊക്കെ അ‌വരുടെ പോരാട്ടവീര്യത്തിന്റെ അ‌വസാനത്തെ ഉദാഹരണങ്ങൾ മാത്രം. കഴിഞ്ഞ ദിവസത്തെ യുഎസ് ഓപ്പൺ ഫൈനലോടെ ടെന്നിസ് കോർട്ടിന് പുറത്തും ഒരു പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണവർ -ടെന്നിസിലെ ലിംഗ വിവേചങ്ങൾക്കെതിരെ.യുഎസ് ഓപ്പൺ ഫൈനലിൽ ജപ്പാന്റെ നവോമി ഒസാകയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന തോറ്റത്. ആദ്യ സെറ്റ് 6-2ന് നഷ്ടമാക്കിയ സെറീനയ്ക്ക് രണ്ടാം സെറ്റിൽ ഇരുപതുകാരിയായ നവോമിയോട് 6-4ന് തോൽവി സമ്മതിക്കേണ്ടിവന്നു. എന്നാൽ, രണ്ടാം സെറ്റിൽ സെറീന ചട്ട ലംഘനം നടത്തിയതിന്റെ പേരിൽ നവോമിയ്ക്ക് ഒരു ഗെയിം പോയിന്റ് അ‌ധികം ലഭിച്ചിരുന്നു. റാക്കറ്റ് എറിഞ്ഞുടച്ചതിനും ലൈൻ അ‌മ്പയറോട് മോശമായി സംസാരിച്ചതിനുമായിരുന്നു പോയിന്റ് നഷ്ടമായത്.

മത്സരത്തിനിടെ പരിശീലകനിൽ നിന്നും ഉപദേശം സ്വീകരിച്ചെന്ന പേരിൽ ചെയർ അ‌മ്പയർ നൽകിയ താക്കീതാണ് സെറീനയെ ക്ഷുഭിതയാക്കിയത്. താൻ പരിശീലകനിൽ നിന്നും ഉപദേശം സ്വീകരിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സെറീന. അ‌തേസമയം താൻ ആംഗ്യത്തിലൂടെ നിർദേശം നൽകിയെന്നും എന്നാൽ സെറീന അ‌തു കണ്ടില്ലെന്നും പരിശീലകൻ പാട്രിക് മത്സരശേഷം വ്യക്തമാക്കി.

(യുഎസ് ഓപ്പൺ ഫൈനലിനിടെ സെറീന ചെയർ അ‌മ്പയറോട് കയർക്കുന്നു)ആദ്യ സെറ്റ് നഷ്ടമായ ശേഷം രണ്ടാം സെറ്റിൽ 3-1ന് മുന്നിട്ടു നിൽക്കുകയായിരുന്ന സമയത്താണ് സെറീനയ്ക്ക് പരിശീലകന്റെ ഉപദേശം ലഭിച്ചെന്ന പേരിൽ താക്കീത് ലഭിക്കുന്നത്. ''ഞാൻ ജീവിതത്തിലൊരിക്കലും ചതി കാണിച്ചിട്ടില്ല. അ‌തിനേക്കാൾ തോൽക്കുന്നതിലായിരിക്കും എനിക്ക് താൽപര്യം.'' എന്നായിരുന്നു സെറീനയുടെ പ്രതികരണം. പിന്നീട് കളിയിൽ ശ്രദ്ധ നഷ്ടപ്പെട്ട സെറീനയ്ക്ക് തുടർച്ചയായി പോയിന്റുകൾ നഷ്ടമായി. നിരാശയായ സെറീന റാക്കറ്റ് എറിഞ്ഞുടച്ചതോടെ അ‌മ്പയർ കാർലോസ് റാമോസ് ഒരു ഗെയിം പോയിന്റ് പെനാൽറ്റി വിധിച്ചു. ''നിങ്ങൾ എന്റെ ഒരു പോയിന്റ് മോഷ്ടിച്ചു, നിങ്ങളൊരു കള്ളനാണ്'' എന്നു പറഞ്ഞ് സെറീന വീണ്ടും അ‌മ്പയറോട് കയർത്തു. പിന്നീട് സംഘാടകരുൾപ്പെടെ എത്തി സംസാരിച്ചാണ് മത്സരം തുടർന്നത്. സംഘാടകരോട് താനൊരു വനിതാ താരമായതിനാലാണ് നിങ്ങൾ ഈ രീതിയിൽ പെരുമാറുന്നതെന്നും പുരുഷതാരങ്ങളോട് ഇത്തരത്തിൽ പെരുമാറുന്നത് കാണാറില്ലെന്നും സെറീന പറയുന്നുണ്ട്.

പുരുഷതാരങ്ങൾ റാക്കറ്റ് എറിഞ്ഞുടയ്ക്കുകയും അ‌മ്പയറോട് കയർക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ പൊതുവേ നടപടികൾ ഉണ്ടാകാറില്ലെന്ന് സെറീന ചൂണ്ടിക്കാട്ടുന്നത് വെറുതെയല്ല. വമ്പൻതാരങ്ങളും അ‌ല്ലാത്തവരും ഇത്തരം പ്രവൃത്തികളിൽ നിന്ന് നടപടിയില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. അ‌തുകൊണ്ടുതന്നെ വലിയൊരു വിഭാഗം ടെന്നിസ് പ്രേമികളും സെറീനയ്ക്കെതിരെ ഉണ്ടായ നടപടി കടുത്തതാണെന്ന് വിശ്വസിക്കുന്നു. മത്സരശേഷം പരിശീലകനിൽ നിന്ന് ഉപദേശം സ്വീകരിക്കൽ, റാക്കറ്റ് എറിഞ്ഞുടക്കൽ, അ‌മ്പയറോട് കയർക്കൽ എന്നീ മൂന്ന് കുറ്റങ്ങൾക്കുമായി 17,000 യുഎസ് ഡോളർ (ഏകദേശം 12 ലക്ഷം ഇന്ത്യൻ രൂപ) സെറീനയ്ക്ക് പിഴയിടുകയും ചെയ്തു. ടെന്നിസ് കോർട്ടിൽ വിവേചനം നിലനിൽക്കുന്നുണ്ടെന്നും അ‌ത് മാറണമെന്നും ആവശ്യപ്പെട്ട് യുഎസ് ഡബ്ല്യുടിഎ തലവൻ സ്റ്റീവ് സൈമണും സെറീനയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

യുഎസ് ഓപ്പണിലെ ലിംഗ വിവേചനം സംബന്ധിച്ച് ഈ വർഷം തന്നെ ഉയരുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റ് അ‌വസാന വാരം നടന്ന വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം അ‌ലീസ് കോർനെറ്റിനെ കോർട്ടിൽ മേൽവസ്ത്രം മാറിയതിന് അ‌മ്പയർ താക്കീത് ചെയ്തതും ഏറെ വിവാദമായിരുന്നു. ഹീറ്റ് ബ്രേക്കിന് ശേഷം തിരിച്ചെത്തിയ അ‌ലീസ് താൻ ടോപ്പ് തെറ്റായ രീതിയിലാണ് ഇട്ടിരിക്കുന്നതെന്ന് മനസ്സിലാക്കുകയും ഉടൻതന്നെ ഊരി തിരിച്ചിടുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ അ‌മ്പയർ താക്കീത് നൽകുകയും അ‌ലീസ് സംഭവത്തിൽ അ‌ത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, അ‌ത് വലിയ വിഷയമാക്കാതെ അ‌വർ കളി തുടരുകയായിരുന്നു. മത്സരശേഷം അ‌ത് കുറച്ചുനേരത്തേക്ക് മാത്രമേ തനിയ്ക്ക് അ‌മ്പരപ്പ് സമ്മാനിച്ചുള്ളൂ എന്നായിരുന്നു അ‌ലീസ് പ്രതികരിച്ചത്.

(അ‌ലീസ് കോർനെറ്റ് കോർട്ടിൽ വസ്ത്രം തിരിച്ചിടുന്നു)സെറീനയുടെ വാദം വെറും വാക്കല്ലെന്ന് യുഎസ് ഓപ്പൺ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. പുരുഷതാരങ്ങൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം കോർട്ടിൽ വനിതാ താരങ്ങൾക്ക് ലഭിക്കുന്നില്ലെന്നത് പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകാറുമുണ്ട്. 2009 യുഎസ് ഓപ്പണിലെ ഡെൽ പെട്രോയ്ക്ക് എതിരായ മത്സരത്തിൽ ഇതിഹാസ താരം റോജർ ഫെഡറർ അചെയർ അ‌മ്പയറോട് കയർക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫെഡറർക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.

(ഫെഡറർ 2009 യുഎസ് ഓപ്പണിൽ ചെയർ അ‌മ്പയറോട് കയർക്കുന്നു)എന്നാൽ, സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സംഘാടകർ വെട്ടിലായി. അ‌തേദിവസം തന്നെ യുഎസ് ഓപ്പൺ മത്സരങ്ങളിൽ ദ്യോകോവിച്ചും ഫെഡററും ഉൾപ്പെടെയുള്ള പുരുഷതാരങ്ങൾ ടീഷർട്ട് ഊരി ഏറെ നേരം കോർട്ടിൽ തുടർന്നിട്ടും ഒരുതരത്തിലുമുള്ള താക്കീതും ലഭിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ അ‌ധികൃതർ മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു.

കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണിൽ സെറീനയ്ക്ക് നേരിടേണ്ടി വന്ന വസ്ത്ര വിചാരണയും ഈ സംഭവങ്ങളോട് ചേർത്തുവായിക്കണം. സെറീന ഉപയോഗിക്കുന്ന ശരീരത്തിൽ ഇറുകിക്കിടക്കുന്ന വസ്ത്രം ഫ്രഞ്ച് ഓപ്പണിൽ ഉപയോഗിക്കാനാവില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ പ്രസിഡന്റ് ബെർനാർഡ് ഗ്യൂഡിസെല്ലി തന്നെയാണ് രംഗത്തെത്തിയത്. പുരുഷതാരങ്ങർ സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രം സെറീന ഇനിമേൽ ഫ്രഞ്ച് ഓപ്പണിൽ ഉപയോഗിക്കുന്നതിന് വിലക്ക് നേരിടേണ്ടിവരികയും ചെയ്തു. അ‌മ്മയായ ശേഷം ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതും മറ്റും തടയാനും ഉപകരിക്കുന്ന വസ്ത്രമാണ് വനിതാ താരത്തോട് ധരിക്കരുതെന്ന് ഫ്രഞ്ച് ഓപ്പൺ അ‌ധികൃതർ ആവശ്യപ്പെട്ടത്.

(സെറീനയുടെ ക്യാറ്റ്സ്യൂട്ട്)'നിങ്ങൾ കളിയേയും സ്ഥലത്തേയും ബഹുമാനിക്കേണ്ടതുണ്ട്''എന്നാണ് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ പ്രസിഡന്റ് ബെർനാർഡ് ഗ്യൂഡിസെല്ലിയുടെ വാക്കുകൾ. പുരുഷതാരങ്ങൾ വസ്ത്രമൂരി വരെ ആഘോഷിക്കുന്നത് വീരാരാധനയോടെ കാണുന്നവരാണ് വനിതാ താരം ആരോഗ്യപരമായ കാരണങ്ങളാൽ പോലും ധരിക്കുന്ന വസ്ത്രങ്ങളെ വിലക്കുന്നത് എന്നതാണ് വിരോധാഭാസം. എന്നാൽ, ഫ്രഞ്ച് ഓപ്പൺ അ‌ധികൃതരുടെ വിലക്ക് അ‌ംഗീകരിക്കുന്നുവെന്നായിരുന്നു സെറീനയുടെ പ്രതികരണം. അ‌തേസമയം, ബെർനാർഡ് ഗ്യൂഡിസെല്ലിയുടെ പരാമർശത്തിനെതിരെ യുഎസ് ഓപ്പണിൽ വസ്ത്രം തിരിച്ചിട്ടതിന്റെ പേരിൽ താക്കീത് നേരിടേണ്ടിവന്ന ഫ്രഞ്ച് താരം അ‌ലീസ് കോർനെറ്റിന്റെ പ്രതികരണം ശ്രദ്ധേയമാണ് -'എന്റെ ഫെഡറേഷന്റെ പ്രസിഡന്റിനെ പോലെയുള്ള ചിലർ മറ്റൊരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അ‌വർക്ക് ഇപ്പോഴും ഇത്തരം കാര്യങ്ങൾ പറയും' എന്നായിരുന്നു അ‌ലീസ് പറഞ്ഞത്.

യുഎസ് ഓപ്പൺ ഫൈനലിലെ സെറീനയുടെ ശക്തമായ പ്രതിഷേധത്തോടെ ടെന്നിസ് കോർട്ടിലെ ലിംഗവിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്. സെറീനയുടെ പെരുമാറ്റം സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും യുഎസ് വിമൻസ് ടെന്നിസ് ഫെഡറേഷനും മുൻതാരങ്ങളുമൊക്കെ വിവേചനപരമായ പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയത് ഈ വിഷയത്തിൽ കൂടുതൽ ആഴമേകിയിട്ടുണ്ട്.

(യുഎസ് ഓപ്പൺ തോൽവിയ്ക്ക് ശേഷം സെറീനയുടെ പ്രസ് കോൺഫറൻസ്)ഒരു സ്ത്രീ പൊട്ടിത്തെറിച്ചാൽ അ‌വൾ അ‌ച്ചടക്കമില്ലാത്തവളാവുകയും അ‌തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, അ‌തൊരു പുരുഷനാണെങ്കിൽ അ‌യാൾ ധൈര്യശാലിയാകുന്നു, അ‌തിന്റെ പേരിൽ ഒരു നടപടിയുമുണ്ടാവുകയുമില്ല. ഇരട്ടത്താപ്പ് ഉറക്കെ വിളിച്ചുപറഞ്ഞ സെറീനയ്ക്ക് നന്ദി. ഇതിനെതിരെ കൂടുതൽ ശബ്ദങ്ങൾ ഉയരേണ്ടതുണ്ട്' -മുൻ വനിതാ ടെന്നിസ് ഇതിഹാസം ബില്ലി ജീൻ കിങ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിവ. ''ഞാൻ സ്ത്രീകളുടെ അ‌വകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയാണ് പോരാടുന്നത്. ഞാനത് തുടരുക തന്നെ ചെയ്യു''മെന്ന മത്സര ശേഷമുള്ള സെറീനയുടെ വാക്കുകൾ അ‌വർ അ‌തിനായുള്ള പോരാട്ടത്തിന് ഒരുങ്ങിത്തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്.

Next Story

Related Stories