TopTop
Begin typing your search above and press return to search.

പഞ്ചാബി-വടക്കേ ഇന്ത്യന്‍-മറാത്ത പോരാട്ട വീര്യത്തിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്

പഞ്ചാബി-വടക്കേ ഇന്ത്യന്‍-മറാത്ത പോരാട്ട വീര്യത്തിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്

ഇന്ത്യന്‍ കായിക ലോകത്ത് ഏറ്റവും ആരാധക പിന്തുണയുള്ള ഒരു വിഭാഗമാണ് ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റിനെയോ താരങ്ങളെയോ സംബന്ധിക്കുന്ന എന്തു വിവരങ്ങള്‍ പങ്കുവെച്ചാലും കാതോര്‍ക്കാന്‍ ഒരു വിഭാഗം ആളുകള്‍ എപ്പോഴും ഇവിടെയുണ്ട്. സമകാലിക ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ കുറിച്ചും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കുറിച്ചും ഒരു വ്യത്യസ്ത നിരീക്ഷണം നിറഞ്ഞതാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് സ്‌പോര്‍ട്‌സ് ലേഖകന്‍ സന്ദീപ് ദ്വിവേദിയുടെ 'Virat Kohli: A munda on the charge in South Africa' എന്ന ലേഖനം. ടീം അംഗങ്ങള്‍ തമ്മിലുള്ള യോജിപ്പും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂമും കോഹ്ലിയും എങ്ങനെയൊക്കെയാണ് എണ്‍പതുകളിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സാമ്യമുള്ളതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

എണ്‍പതുകളിലെ താനുള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ടീം എന്നാണ് മുന്‍ ക്രിക്കറ്റ് താരം ബല്‍വീന്ദര്‍ സിംഗ് സന്ധുവിന്റെ അഭിപ്രായം. അതിന് അദ്ദേഹം ചൂണ്ടികാട്ടുന്നത്- 1983-ലെ വേള്‍ഡ് കപ്പ് ഹീറോ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചാബി സംസ്‌കാരത്തിന്റെ ചടുലതയാണ് ഇപ്പോള്‍ വീണ്ടും കാണാന്‍ കഴിയുന്നത്. എണ്‍പതുകളില്‍ 'ഹരിയാന കൊടുങ്കാറ്റ്' (കപില്‍) ഉള്‍പ്പെടെയുള്ള പഞ്ചാബി ബന്ധമുള്ള താരങ്ങളായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച് കൊണ്ടിരുന്നത്. ഡ്രസിംഗ് റൂമിലും കളിക്കളത്തിലും അവരുടെ ഒരു 'സ്പിരിറ്റ്' എപ്പോഴും നിറഞ്ഞ് നിന്നിരുന്നു. വിവാഹ ആഘോഷത്തിനിടെ വിരാട് സഹതാരമായ ശിഖര്‍ ധവാനുമൊത്ത് ഭംഗ്‌റ നൃത്തം ചവിട്ടുന്നത് കണ്ടപ്പോള്‍ ആ കാലത്തെ അനുഭവങ്ങളാണ് ഓര്‍മ്മയില്‍ തെളിയുന്നത്.

കപിലിന്റെ ചെകുത്താന്മാരും കോഹ്ലിയുടെ ചെകുത്താന്മാരും

'പഴയ കാലം വീണ്ടും വന്നു എന്നാണ് തോന്നുന്നത്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ശക്തമായ വടക്കേന്ത്യന്‍ സ്വാധീനമാണ് കാണാന്‍ കഴിയുക. ടീമില്‍ കുടുതലും പഞ്ചാബിയിലാണ് സംസാരം മുഴുവനും. അന്ന് കപില്‍, മോഹിന്ദര്‍ അമര്‍നാഥ്, മദന്‍ ലാല്‍, കീര്‍ത്തി ആസാദ്, യശ്പാല്‍ ശര്‍മ്മ ആയിരുന്നെങ്കില്‍ ഇന്ന് അവരുടെ സ്ഥാനത്ത് വിരാടും ധവാനും, ഉത്തര്‍പ്രദേശുകാരനായ ഭൂവേനേശ്വര്‍ കുമാറും വടക്കേഇന്ത്യക്കാരല്ലാത്ത ഗുജറാത്ത് സ്വദേശിയായ ജസ്പ്രീത് ബൂമ്‌റയും വിദര്‍ഭകാരനായ ഉമേഷ് യാദവുമാണ്.

പടിഞ്ഞാറന്‍-മധ്യ ഇന്ത്യയില്‍ നിന്നുള്ള പ്രധാന ബാറ്റിംഗ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, വെങ്ങ്‌സര്‍ക്കര്‍, രവി ശാസത്രീ എന്നിവരുടെ സ്ഥാനത്ത് അവിടെ നിന്നുള്ളഅജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ചേത്ശ്വര്‍ പൂജാര എന്നിവരാണ്. ആദ്യ വേള്‍ഡ് കപ്പ് (ഇന്ത്യ) നേടിയ ആ ടീം മാരകമായ, ഗംഭീരമായ ഒരു കൂട്ടമായിരുന്നു. അന്ന് കപില്‍ വളര്‍ത്തിയ ഒരു ടീം കള്‍ച്ചര്‍ എന്നത് 'ബസ് ഗലേ പഡ് ജാവോ' (ഏകദേശ അര്‍ത്ഥം- ഒരുമിച്ച് ഒരു കൂട്ടമായിട്ട് ഇരിക്കാന്‍). അതിന്റെ കൂട്ടത്തില്‍ പഞ്ചാബികളുടെ പൈതൃകമായിട്ടുള്ള 'എങ്ങനെയും ജയിക്കണമെന്ന' (ജീത്തനാ ഹേ കൈസെ ഭി കര്‍ക്കേ) എന്ന വാശിയും മുംബൈക്കാരുടെ ചങ്കൂറ്റം കൂടി ആയപ്പോള്‍ ഞങ്ങളുടെ കൂട്ടം മാരകമായി. അതാണ് ഞാന്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ കാണുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഇടയ്ക്ക് കിഴക്കന്‍ കാറ്റ് പോലെ വന്ന പോയ പോരാളികളായിരുന്നു ഹര്‍ഭജന്‍, യുവരാജ്, ആശീഷ് നെഹ്‌റ, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍,തുടങ്ങിയവര്‍. ഇവരെല്ലാം ഡ്രസിംഗ് റൂമിലും തങ്ങളുടെ 'കഴിവ്' തെളിയിച്ചവരാണ്. എന്നാല്‍ അതികായരുടെ നിഴലായി ഒതുങ്ങിയിരുന്നു ഇവരെല്ലാം. ഇവരെ പാജിയെന്നായിരുന്നു വിളിച്ചിരുന്നത്. മഹാരാഷ്ട്രകാരനായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും എല്ലാവര്‍ക്കും പാജിയായിരുന്നു. ഗുജറാത്തിയായ പൂജാരയ്ക്കും തമിഴ്‌നാട് സ്വദേശിയായ അശ്വിനും വരെ തെണ്ടുല്‍ക്കര്‍ പാജിയാണ്. എന്നാല്‍ ഇന്ന് ടീമിലെയും ഡ്രസിംഗ് റൂമിലേയും അനിഷേധ്യനായ പാജി ഒരാളാണ്. കഴിവുകൊണ്ടും പ്രകടനം കൊണ്ടും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത നായകന്‍ വിരാട് കോഹ്ലി.'

കപിലിന്റെ കാലഘട്ടത്തിലെ ടീമില്‍ താന്‍ സ്വയം വിളിച്ചുകൊണ്ടിരുന്നത് 'മറാത്ത സര്‍ദാര്‍' എന്നായിരുന്നുവെന്ന് സന്ധു പറയുന്നുണ്ട്. മറാത്തി സംസാരിക്കുന്ന തലപ്പാവ് ചുറ്റിയ സിഖുകാരന്‍ കപിലിന് വലിയ സഹായമായിരുന്നു. രണ്ട് ധ്രുവങ്ങളിലായിരുന്ന ഡല്‍ഹി താരങ്ങള്‍ക്കും മുംബൈ താരങ്ങള്‍ക്കും ഇടയിലെ ഒരു പാലമായിരുന്നു'മറാത്ത സര്‍ദാര്‍'.

83-ലെ വേള്‍ഡ് കപ്പ് നേട്ടത്തിന് രണ്ട് വര്‍ഷത്തിന് ശേഷം 1985-ല്‍ എംസിജെ യിലെ ഏകദിന പരമ്പര ജയിച്ചത് ഗവാസ്‌ക്കറുടെ ക്യാപ്റ്റന്‍സിലായിരുന്നു. അന്ന് വീണ്ടും മുഴങ്ങി 'എങ്ങനെയും ജയിക്കണമെന്ന' ആ മന്ത്രം. നീലകുപ്പായം ധരിക്കാനും ഫ്‌ളഡ് ലൈറ്റിന് കീഴില്‍ മൈതാനത്ത് അണിനിരയ്ക്കാനും ഓഡി കാര്‍ ഓടിക്കാനും അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു അത്.

ആ ആവേശം ഇപ്പോഴും നിറയ്ക്കാന്‍ കോഹ്ലിക്കും കൂട്ടര്‍ക്കും കഴിയുന്നുണ്ട്. 2017-ല്‍ 53 കളികള്‍ കളിച്ചതില്‍ 37 വിജയം നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. 2000-ലെ സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമിന് പിന്നാലെ രണ്ടാം സ്ഥാനത്താണ് വാര്‍ഷിക വിജയ കണക്കുകളില്‍ ഇന്ത്യ. കോഹ്ലിക്ക് യഥാര്‍ഥ പരീക്ഷണം വരാന്‍ ഇരിക്കുന്നതേയുള്ളൂ. വിദേശ പിച്ചുകളിലെ പ്രകടനം കൂടി കണക്കിലെടുത്തേ ഈ നായകനെ വിലയിരുത്താന്‍ കഴിയൂ എന്നും വാദങ്ങളുണ്ടെങ്കിലും കോഹ്ലി മികച്ച ഒരു നായകന്‍ തന്നെയാണ്.

താന്‍ കോഹ്ലിയെ ആദ്യമായി കാണുന്നത് അണ്ടര്‍-16 മത്സരത്തില്‍ ബംഗളൂരൂവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചായിരുന്നുവെന്ന് സന്ധു പറയുന്നു. അന്ന് കണ്ടതില്‍ നിന്ന് യാതൊരു മാറ്റവും കോഹ്ലിക്ക് ഉണ്ടായിട്ടില്ല. ആയാളിപ്പോഴും തോല്‍വികളെ വെറുക്കുന്നു. ഗവാസ്‌ക്കറുടെ കീഴില്‍ കളിക്കാനെത്തുമ്പോള്‍ ഒരു തരം സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞങ്ങളെല്ലാം ചിന്തിച്ചിരുന്നത് ഗൗരവക്കാരനായ ഒരു ക്യാപ്റ്റന്റെ കീഴിലാണല്ലോ കളിക്കേണ്ടത് എന്നൊക്കെ. എന്നാല്‍ അദ്ദേഹം ആക്രമണോത്സുകനായ ഒരു ക്യാപ്റ്റനായിരുന്നു, അദ്ദേഹം പറഞ്ഞത് 'നിങ്ങള്‍ ഒരുമിച്ച് ഉണ്ടെങ്കില്‍ നമ്മുക്ക് ഒരു കൈ നോക്കാം' (തും ഗലേ പഡ് ജാവോ, ദേഖാ ജയേഗേ) എന്നാണ്. വിരാട് ഇത്തരത്തിലുള്ള ക്യാപ്റ്റനാണ്. ഇത്രയും ആക്രമണകാരിയായ ഒരു സ്‌കിപ്പര്‍ വേറെ കാണില്ല.

കോഹ്ലിയുടെ, ചെറുപ്പകാലത്തെ കോച്ച് താരത്തെ താരതമ്യം ചെയ്തത് ടെന്നീസ് ഇതിഹാസം ജോണ്‍ മക്കന്ററോ-യോടാണ് (പെട്ടെന്ന് ചൂടാവുന്നതും എതിരാളിയെ ഒട്ടും മയമില്ലാതെ നേരിടുന്നതും റാക്കറ്റ് വലിച്ചെറിയുന്നതുമൊക്കെ മക്കന്റെറോയുടെ കളിയുടെ സ്വഭാവസവിശേഷതയായിരുന്നു)

(ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ പരിശീലകന്‍ അനില്‍ കുംബ്ല, മുന്‍ ക്രിക്കറ്റ് താരങ്ങളായ ബല്‍വീന്ദര്‍ സിംഗ് സന്ധു, വസിം അക്രം, സഖ്‌ലയന്‍ മുസ്താഖ്, ഷോയിബ് അക്തര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ നിരീക്ഷിച്ചാണ് ദ്വിവേദി ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)


Next Story

Related Stories