TopTop
Begin typing your search above and press return to search.

അമ്പുകള്‍ ലക്ഷ്യം കൊള്ളുമ്പോഴും പുല്‍പ്പള്ളി അമ്പെയ്ത്ത് അക്കാദമിക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ മറക്കുന്നു

അമ്പുകള്‍ ലക്ഷ്യം കൊള്ളുമ്പോഴും പുല്‍പ്പള്ളി അമ്പെയ്ത്ത് അക്കാദമിക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ മറക്കുന്നു

കേരളത്തിന്റ അഭിമാനമായി മാറുകയാണ് പുല്‍പ്പള്ളി അമ്പെയ്ത്ത് അക്കാദമിയിലെ കുട്ടികള്‍. എയ്തു വിടുന്ന ഒരോ അമ്പും ലക്ഷ്യത്തിലെത്തുമ്പോള്‍ നാടിന് ഒരുപിടി താരങ്ങളെ മാത്രമല്ല അക്കാദമി നല്‍കുന്നത്; മറിച്ച് നിരവധി കുട്ടികളെ ജീവിതത്തിന്റ മെച്ചപ്പെട്ട മറ്റൊരു അവസ്ഥയിലേക്ക് കൈ പിടിച്ചുയര്‍ത്തുക കൂടിയാണ്. സംസ്ഥാനത്തെ ഏക അമ്പെയ്ത്തു പരിശീലന കേന്ദ്രമായ വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഈ അക്കാദമിക്ക് കുട്ടികള്‍ നേടിക്കൊടുത്ത വിജയത്തിന്റ നൂറു കഥകള്‍ പറയാനുണ്ട്.

പുല്‍പ്പള്ളിയിലെ കോളറാട്ടുകുന്നിലാണ് ബ്ലോക്ക് നമ്പര്‍ അഞ്ചില്‍ എട്ടേക്കര്‍ സ്ഥലത്ത് അക്കാദമി സ്ഥിതി ചെയ്യുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന ഭൂമി 2010 ജനുവരി 10ന് പുല്‍പ്പള്ളി പഞ്ചായത്ത് വാങ്ങി സംസ്ഥാന കായിക-യുവജന ക്ഷേമ വകുപ്പിന് കൈമാറിയതോടെയാണ് അമ്പെയ്ത്തിന് സ്വന്തമായി ഒരു അക്കാദമി എന്ന സ്വപ്നം പൂര്‍ത്തിയായത്.

2010ല്‍ 10 ആണ്‍കുട്ടികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് തുടങ്ങിയ അക്കാദമിയില്‍ കൂടി ഇതുവരെ നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് അമ്പെയ്ത്തില്‍ പരിശീലനം നേടിയത്. അതില്‍ തന്നെ പിന്നാക്കവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലകളില്‍ ജോലി നേടിയവരുണ്ട്, ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം ഇപ്പോഴും കാഴ്ചവയ്ക്കുന്നവരുമുണ്ട്. പൊതുവെ ചിലവേറിയ കായിക വിനോദങ്ങളില്‍ ഒന്നാണ് ആര്‍ച്ചറി എന്നതിനാല്‍ തുടക്കത്തില്‍ അക്കാദമി പ്രവര്‍ത്തനം എങ്ങനെ മുന്‍പോട്ടു പോകും എന്നുള്ള ആശങ്ക അധികൃതര്‍ക്കുണ്ടായിരുന്നു. എങ്കിലും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ ആര്‍ച്ചറി അസോസിയേഷനും കൈ കോര്‍ത്തതോടെ അക്കാദമി പ്രവര്‍ത്തനം ലക്ഷ്യങ്ങളിലേക്ക് കുതിക്കുകയായിരുന്നു.

50 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ തുടക്കത്തില്‍ അക്കാദമിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പുതിയ ഉപകരണങ്ങളുടെ കുറവ് കുട്ടികളുടെ പരിശീലനത്തെ വലിയ രീതിയില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. 11 വയസ്സു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അക്കാദമിയില്‍ പ്രവേശനം നല്‍കുന്നത്. അതില്‍ തന്നെ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കാണ് മുന്‍ഗണന. പ്രത്യേകിച്ച് കുറിച്ച്യ സമുദായത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് കൂടുതലായി അമ്പും വില്ലും ഉപയോഗിക്കുന്നതില്‍ നൈസര്‍ഗിക വാസന ഉള്ളവരാണെന്ന് അധികൃതര്‍ പറയുന്നു.

2010ല്‍ പുല്‍പ്പള്ളി പഞ്ചായത്ത് അക്കാദമിക്ക് വേണ്ട ഭൂമി സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പിന് കൈമാറിയപ്പോള്‍ മൂന്ന് വര്‍ഷത്തിനകം അക്കാദമി എല്ലാവിധ സജ്ജീകരണങ്ങളോടെയും പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കും എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്ന എം. വിജയകുമാറാണ് രേഖകള്‍ ഏറ്റു വാങ്ങിയത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ആരെയും അദ്ഭുതപ്പെടുത്തും വിധം നേട്ടങ്ങള്‍ കൊയ്ത് അക്കാദമിയിലെ കുട്ടികള്‍ അതിന് മറുപടി നല്‍കുകയായിരുന്നു. 2013ലെ സംസ്ഥാന ജൂനിയര്‍ അമ്പെയ്ത്തു മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പു നേടിയ വയനാട് ടീമിനെ പ്രതിനിധാനം ചെയ്തത് അക്കാദമിയില്‍ നിന്നുള്ള കുട്ടികള്‍ ആയിരുന്നു. അതിനു ശേഷം ഗോവയില്‍ നടന്ന സബ് ജൂനിയര്‍ മത്സരത്തില്‍ കേരളത്തിന് ആദ്യമായി ഒരു മെഡല്‍ ലഭിച്ചതും പുല്‍പ്പള്ളി ആര്‍ച്ചറിയിലെ കുട്ടികളിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് ദേശീയ മത്സരങ്ങളിലടക്കം സീനിയര്‍, ജൂനിയര്‍, വിഭാഗത്തില്‍ സംസ്ഥാന മത്സരങ്ങളിലും ജില്ലാ മത്സരങ്ങളിലും അക്കാദമിയിലെ കുട്ടികള്‍ ഒരുപാട് നേട്ടങ്ങളാണ് കൊയ്‌തെടുത്തത്. ഇന്റര്‍ യൂണിവേഴ്‌സിറ്റി, ഇന്റര്‍ കോളേജ് മത്സരങ്ങളിലും അക്കാദമിയിലെ കുട്ടികള്‍ മികവു കാട്ടിയിരുന്നു.

'ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാനസികാരോഗ്യം പ്രധാനമാണ്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കുട്ടികളെ മത്സരത്തിന് സജ്ജമാക്കുക എന്നതാണ് ഏറെ പ്രാധാന്യം. വളരെ ചിട്ടയോടു കൂടിയാണ് ഞങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചെടുക്കുന്നത്. മത്സരം വരുന്നതിന് മാസങ്ങള്‍ക്കു മുന്‍പേ ഞങ്ങള്‍ പരിശീലനം ആരംഭിക്കും. എങ്കിലും കേരളത്തിന് പുറത്തേക്കുള്ള മത്സരങ്ങള്‍ പലപ്പോഴും വലിയ വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ട്. പക്ഷെ നമ്മുടെ കുട്ടികള്‍ അതിനെ വളരെ മികവോടു കൂടി തരണം ചെയ്യുന്നുമുണ്ട്' - അക്കാദമിയിലെ മുഖ്യ പരിശീലകനായ രഞ്ജിത്ത് ഒ. ആര്‍ പറയുന്നു.

ഇന്ത്യയുടെ പഴയ അമ്പെയ്ത്തു താരമായ ജോറിസ് പൗലോസിന്റ ശിഷ്യനാണ് രഞ്ജിത്ത്. ജോറിസ് പൗലോസ് ഇപ്പോള്‍ ആര്‍ച്ചറിയുടെ ദേശീയ വിധികര്‍ത്താവും ആര്‍ച്ചറിയുടെ ദേശീയ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമാണ്. രഞ്ജിത് കൊല്‍ക്കത്തയിലെ സ്‌പോര്‍ട്‌സ് അതോറിറ്റ് ഓഫ് ഇന്ത്യയില്‍ (സായ്) നിന്ന് ആര്‍ച്ചറിയില്‍ ഡിപ്ലോമ നേടിയതാണ്. 2000-ത്തില്‍ ഭോപ്പാലില്‍ നടന്ന സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രഞ്ജിത്തും സംഘവും ജോറിസ് പൗലോസിന്റ കീഴില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

2014ലെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അക്കാദമിയിലെ കുട്ടിയായ മനീഷ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഇത് കേരളത്തിന് ആദ്യമായി ദേശീയ തലത്തില്‍ ലഭിച്ച സ്വര്‍ണ്ണ മെഡലായിരുന്നു. ഒപ്പം അന്തര്‍ സര്‍വ്വകലാശാല മീറ്റില്‍ രണ്ട് വെള്ളിയും മനീഷ നേടി. അക്കാദമിയിലെ ശരണ്യ, സുരഭി, ജെറാള്‍ഡ്, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരാണ്. 'ചിലവേറിയ ഒരു കായിക വിനോദമായതിനാല്‍ അമ്പെയ്ത്തിന് പരിശീലനത്തിനും മത്സരങ്ങള്‍ക്കും വലിയ ചിലവ് വരുന്നുണ്ട്. ഏറ്റവും കുറഞ്ഞ സാമഗ്രികള്‍ക്കു പോലും അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെയൊക്കെയാണ് വില വരുന്നത്. ദേശീയ മത്സരങ്ങള്‍ക്കു പോകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ കുട്ടികളെ വളരെയധികം ബാധിക്കാറുണ്ട്. നിലവാരം കുറഞ്ഞ എക്യുപ്‌മെന്റ്‌സ് മത്സരങ്ങളെയും ബാധിക്കും. ഇനിയും മികച്ച സാഹചര്യം ഒരുക്കിയാല്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയേക്കാവുന്ന കുട്ടികളാണ് അക്കാദമിയില്‍ ഉള്ളത്.' രഞ്ജിത് പറയുന്നു.

അക്കാദമിയിലെ ഇപ്പോഴുള്ള ജോസ്ബിന്‍, സാന്ദ്ര, ഡാനിയ, ടെല്‍മ മോള്‍, ശ്രുതി, ശരണ്യ എന്നിവരെല്ലാം സംസ്ഥാന മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടിയവരാണ്. രഞ്ജിത്തിനോടൊപ്പം ഇപ്പോള്‍ പഞ്ചാബ് സ്വദേശി കുല്‍ബീര്‍ സിംഗും സഹപരിശീലകനായുണ്ട്.

'അടിസ്ഥാന സൗകര്യത്തിന്റ കാര്യത്തില്‍ ഇനിയുമേറെ മുന്‍പോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ശ്രദ്ധ ഇനിയും ഉണ്ടായേ പറ്റു. നിലവില്‍ ഇന്ത്യന്‍ റൗണ്ട് മാത്രമാണ് കുട്ടികള്‍ പരിശീലിക്കുന്നത്. ഇനിയും ദേശീയ മത്സരങ്ങളിലും അന്തര്‍ദേശീയ മത്സരങ്ങളിലും മികവു പുലര്‍ത്തണമെങ്കില്‍ ആര്‍ച്ചറിയിലെ കോമ്പൗണ്ട് വിഭാഗം നമുക്കും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ ഇപ്പോള്‍ ഉപയോഗിക്കുന്ന എക്യുപ്‌മെന്റ്‌സും പഴയതാണ്. അതില്‍ നിന്നും മാറി പുതിയത് പരീക്ഷിച്ചാലേ കുട്ടികളെ മികച്ച രീതിയിലേക്ക് എത്തിക്കാന്‍ കഴിയു'. ആര്‍ച്ചറി വയനാട് ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് വി.ആര്‍. ബാലന്‍ പറയുന്നു.

' ജല്ലാ മത്സരങ്ങളും സംസ്ഥാന മത്സരങ്ങളും വരുന്നുണ്ട്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹായിച്ചും ചിലവ് കൈയില്‍ നിന്ന് എടുത്തുമൊക്കെയാണ് കാര്യങ്ങള്‍ നടന്നു പോകുന്നത്. ഇതുവരെ ഒരു സ്‌പോണ്‍സര്‍ഷിപ്പു പോലും ലഭിച്ചിട്ടില്ല. വലിയ രീതിയിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ഉള്ളത്. മികച്ച സ്‌പോണ്‍സറെ കണ്ടെത്തി മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ മാത്രമെ വലിയ മത്സരങ്ങള്‍ക്ക് കുട്ടികളെ നേരായ രീതിയില്‍ സജ്ജമാക്കാന്‍ കഴിയൂ'- വയനാട് ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ബാലന്‍ വയനാട് പറയുന്നു.

കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരും മൗനം പാലിക്കുകയാണ്. ഒരാള്‍ക്ക് ഒരു വര്‍ഷം പരിശീലിക്കണമെങ്കില്‍ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ചിലവു വരുന്നുണ്ട്. അക്കാദമിക്കായി പല പദ്ധതികളും തീരുമാനത്തില്‍ ഉണ്ടെങ്കിലും ഇവിടെ ഇപ്പോള്‍ പരിശീലനത്തിന് 100 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയില്‍ ഗ്രൗണ്ടും, സ്ഥലത്തിന് ചുറ്റും വേലിയും ഒരു കെട്ടിടവും മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

Next Story

Related Stories