TopTop
Begin typing your search above and press return to search.

'ഇസ്രായേലിനെതിരെ എനിക്ക് കളിക്കാനാകില്ല'; മെസ്സി ഇങ്ങനെ പറഞ്ഞോ? സത്യമെന്താണ്?

ഇസ്രായേലിനെതിരെ എനിക്ക് കളിക്കാനാകില്ല; മെസ്സി ഇങ്ങനെ പറഞ്ഞോ? സത്യമെന്താണ്?

കാള പെറ്റന്നു കേട്ടാൽ ഒരു ലോഡ് കയറുമായി വരുന്ന ശീലം സോഷ്യൽ മീഡിയയിൽ പതിവുള്ളതാണ്. വാർത്തകളുടെ ആധികാരികതയോ, വിശ്വാസ്യതയോ, പശ്ചാത്തലമോ പരിശോധിക്കും മുൻപ് എയർ ചെയ്തു വിടും. നുണ ലോക സഞ്ചാരം നടത്തി വരുമ്പോഴേക്കും സത്യം എന്തെന്നറിയാൻ ആർക്കും താൽപ്പര്യവും ഉണ്ടാവില്ല. ചില മാധ്യമ സ്ഥാപനങ്ങൾ പോലും ഈ രീതി പിന്തുടരുന്നതാണ് ഏറ്റവും വലിയ ട്രാജഡി.

അന്താരാഷ്ട്ര തലത്തില്‍ കനത്ത പ്രതിഷേധം ഏറ്റുവാങ്ങിയ ഇസ്രായേലുമായുള്ള സൗഹൃദ മല്‍സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറിയതാണ് ഇന്നത്തെ ചൂടുള്ള വാർത്തകളിൽ ഒന്ന്, ഫുട്ബാൾ ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആരാധകർ ഉള്ളത് അർജന്റീനയ്ക്കാണ് എന്ന് തോന്നുന്നു. പലസ്തീനിൽ കൂട്ട കുരുതി നടത്തുന്ന ഇസ്രായേലിനു നേരെ ചുവപ്പ് കാർഡ് കാണിച്ച അർജന്റീന ടീമിന് മുഴുവൻ മനുഷ്യ സ്നേഹികളും ഐക്യദാർഢ്യവും അഭിവാദ്യവും അർപ്പിച്ചു. കൂട്ടത്തിൽ ഒരു തള്ളും.

"ഒരു യൂനിസെഫ് അംബാസഡർ എന്ന നിലക്ക് നിഷ്‌കളങ്കരായ പാലസ്തീനിലെ കുരുന്നുകളെ കൊല്ലുന്ന ഇസ്രായേലിനെതിരെ എനിക്ക് കളിക്കാനാകില്ല. ഞങ്ങൾക്ക് ഈ മത്സരം ഉപേക്ഷിക്കേണ്ടി വന്നു, കാരണം ഫുട്‌ബോളർ ആകും മുമ്പ് ഞങ്ങൾ മനുഷ്യരാണ്". ഇത് ഇസ്രയേലുമായുള്ള മത്സരം വേണ്ടെന്നു വെച്ച ശേഷം മെസ്സി മാധ്യമങ്ങളോട് പറഞ്ഞതായാണ് പ്രചരിക്കുന്നത്.

മെസ്സി ആരാധകരും വിശിഷ്യാ ഇസ്രായേൽ വിരുദ്ധ ഇടതുപക്ഷ അണികളും ചേർന്ന് സംഗതി ഏറ്റെടുത്തു. അഭിനവ ചെഗുവേര എന്നും ലാൽസലാം എന്നും, റിയൽ മിശിഹാ അങ്ങനെ വിശേഷങ്ങൾ നീണ്ടു പോകുന്നു!

ഇതെല്ലം മെസ്സി അറിഞ്ഞോ എന്നുള്ളതാണ് ചോദ്യം!

എന്താണ് സംഭവിച്ചത്?

2014 ഓഗസ്റ്റിൽ ഇസ്രായേൽ ഗാസയിൽ ആക്രമണം ശക്തമാക്കിയ കാലം, മെസ്സി ഫെയ്‌സ്‌ബുക്കിൽ ഗാസയിലെ പരിക്കേറ്റ കുഞ്ഞിന്റെ ഫോട്ടോ അപ്ലോഡ് ചെയ്തു എഴുതിയ ഒരു കുറിപ്പ് ആണ് നാലു വർഷങ്ങൾക്കു ശേഷം വീണ്ടും പുതിയ പ്രസ്താവനയായി രംഗത്ത് വന്നിരിക്കുന്നത്. മെസ്സിക്ക് ഇസ്രയേലിനോടുള്ള നിലപാടിൽ മാറ്റം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു തൽക്കാലം പിടിച്ചു നിൽക്കാം.

അര്‍ജന്‍റീന ടീമിലേ ഫോര്‍വാര്‍ഡ് ഗോണ്‍സാലോ ഹിഗ്വിന്റേത് മാത്രമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രതികരണമായി കൊടുത്തിരിക്കുന്നത്. കളിക്കാരുടെ ആരോഗ്യത്തിനാണ് മുന്‍ഗണന എന്നാണ് ഹിഗ്വിന്‍ പറഞ്ഞത്. ഒടുവില്‍ ശരിയായ തീരുമാനം എടുത്തിരിക്കുന്നു. ഹിഗ്വിന്‍ പറഞ്ഞതായി ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അര്‍ജന്‍റീന ടീമിന്റെ നിലപാട് പുറത്തുവന്നയുടനെ ഇസ്രായേ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്‍റീനയുടെ പ്രസിഡണ്ട് മൌറീഷ്യോ മാക്രിയെ ഫോണില്‍ വിളിച്ചു കളി റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങണം എന്നാവശ്യപ്പെട്ടെങ്കിലും ദേശീയ ടീമിന്റെ നിലപാടില്‍ തനിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് മാക്രി പറഞ്ഞതായി ജറുസലെം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിന്റെ 70ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ശനിയാഴ്ച ഇസ്രായേല്‍ – അര്‍ജന്റീന സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഫുട്‌ബോള്‍ മാച്ചിലൂടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമാക്കാന്‍ സാധിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീന പ്രസിഡന്റ് മൌറീഷ്യോ മക്രിയോട് അഭ്യര്‍ഥിച്ചതോടെയായിരുന്നു മല്‍സരത്തിന് വഴിയൊരുങ്ങിത്.

ഗാസയില്‍ പ്രതിഷേധിക്കുന്ന 120 ഓളം പലസ്തീന്‍ കാരെ പേരെ ഇസ്രായേല്‍ സേന വെടിവച്ചു കൊന്ന സംഭവത്തിന് പിറകെ സൗഹൃദ മല്‍സരത്തിന് തയ്യാറായ അര്‍ജന്റീനയുടെ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്നും ടീം അര്‍ജന്റീനയും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും പിന്മാറണമെന്ന് പലസ്തീന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് ജിബ്രീല്‍ രാജൌബ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലില്‍ കളിച്ചാല്‍ മെസ്സിയുടെ ചിത്രങ്ങളും ജഴ്സിയും കത്തിക്കുമെന്ന് രാജൌബ് മുന്നറിയിപ്പ് നല്കിയിരുന്നു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനും ലയണല്‍ മെസ്സിക്കും നിരവധി ആരാധകരുള്ള മേഖലകളിലൊന്നാണ് പലസ്തീന്‍. നിരായുധരും നിരപരാധികളുമായ പലസ്തീനികള്‍ക്കു നേരെ വെടിവെപ്പ് നടത്തുന്ന ഇസ്രായേല്‍ സ്വയം വെള്ള പൂശാന്‍ വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്നും മായിരുന്നു വിമര്‍ശകരുടെ വാദം.

മല്‍സരത്തില്‍ നിന്നും പിന്‍മാറാനുള്ള അര്‍ജന്റിനയുടെ തീരുമാനത്തെ ഗസ നിവാസികള്‍ അടക്കമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ആഹ്‌ളാദത്തോടെയാണ് വരവേറ്റത്.

ആൽബർട് ഐസ്റ്റീൻ മുതൽ അബ്ദുൽ കലാം വരെ ഉള്ളവരുടെ പേരിൽ അവർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഗതികൾ അവരുടെ വാചകങ്ങൾ ആയി ഗൂഗിളിൽ ഉണ്ട്, അതിലേക്കു ലയണൽ മെസ്സിയുടെ പേര് കൂടി എഴുതി ചേർക്കപ്പെടും. ഇസ്രായേലിന്റെ കൊടുംക്രൂരയ്ക്കെതിരെ ആണല്ലോ ഈ പ്രചരണം എന്നതില്‍ സമാധാനിക്കാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/sports-will-worldcup-do-justice-to-messi/


Next Story

Related Stories