TopTop
Begin typing your search above and press return to search.

ബ്രസീല്‍ ഇത്തവണ ലോകകപ്പ് നേടില്ല എന്ന് പെലെ പറയുന്നതില്‍ കാര്യമുണ്ട്

ബ്രസീല്‍ ഇത്തവണ ലോകകപ്പ് നേടില്ല എന്ന് പെലെ പറയുന്നതില്‍ കാര്യമുണ്ട്

ബ്രസീല്‍ ഇക്കുറി ലോകകപ്പ് നേടാനുള്ള സാധ്യതയില്ലെന്ന് തുറന്നടിച്ചിരിക്കുന്നത് ബ്രസീലിനെ മൂന്ന് തവണ ലോക ചാമ്പ്യന്മാരാക്കിയ ഫുട്‌ബോള്‍ ഇതിഹാസം പെലെ തന്നെയാണ്. 'കോച്ച് ടിറ്റോയുടെ. കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്, ബ്രസീലിയന്‍ താരങ്ങള്‍ക്ക് വ്യക്തിഗത ഫുട്‌ബോളിങ് സ്‌കില്‍സുമുണ്ട്, എന്നാല്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ നമ്മുടെ ഏറ്റവും നല്ല ടീം ഏതാണെന്ന് നമുക്കറിയില്ല. മാത്രവുള്ള ബ്രസീല്‍ ഒരു ടീം കണക്കെ കളിക്കുന്നതില്‍ പരാജയപ്പെടുന്നു - പെലെ വേവലാതിപ്പെടുന്നു.

"നെയ്മര്‍ കഴിവുറ്റ കളിക്കാരന്‍ തന്നെ. പക്ഷെ അവന്‍ ഒറ്റക്കല്ലല്ലോ ലോകകപ്പ് കളിക്കുന്നത്?" പെലെ തുടരുന്നു. 'എക്കാലത്തെയും മികച്ച ടീമായിരുന്നു 1970ല്‍ ഞങ്ങളുടേത്. എങ്കിലും അന്ന് ഞങ്ങള്‍ ആറ് മാസക്കാലമാണ് ഒരുമിച്ചു കളിച്ചു ലോകകപ്പിന് തയ്യാറെടുത്തത്. പെലെ, ടോസ്റ്റോവോ, റിവെല്ലിനോ, ജെര്‍സണ്‍ എന്നീ താരങ്ങളെല്ലാം തന്നെ അവരവരുടെ ക്ലബുകള്‍ക്ക് പത്താം നമ്പര്‍ ജേഴ്സി അണിയുന്നവരായിരുന്നു - പെലെ കൂട്ടി ചേര്‍ക്കുന്നു.

ടീം ഗെയിമിന്‍റെ പ്രാധാന്യം അടിവരയിട്ടു സ്ഥാപിക്കുകയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, യോഹാന്‍ ക്രയ്ഫ്, ഫെറെന്‍സ് പുഷ്‌കാസ്, സിക്കോ, കാള്‍ ഹെയ്ന്‍സ് റൂമിനിഗേ, പാവ്‌ലോ മാല്‍ഡിനി, യൂസേബിയോ, ഒലിവര്‍ കാന്‍ തുടങ്ങിയ ലോകോത്തര കളിക്കാര്‍ക്ക് ലോകകപ്പ് ജയിക്കാന്‍ കഴിയാഞ്ഞതിന്റെ മൂല കാരണവും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങള്‍ ഒരു മികച്ച ടീം എന്ന നിലയില്‍ അതീവ പ്രാധാന്യമേറിയ ലോകകപ്പ് മത്സരങ്ങളില്‍ തിളങ്ങാതെ പോയത് കൊണ്ട് തന്നെ.

ഇക്കുറി കപ്പ് നേടുമെന്ന് പ്രവചങ്ങളുമായി ലോകകപ്പ് കളിക്കാനെത്തുന്ന ആരാധകരുടെ ഇഷ്ട ടീമുകളില്‍ പലതും ആദ്യ റൗണ്ടുകളിലോ ഏറി വന്നാല്‍ ക്വാര്‍ട്ടര്‍/ സെമി ഫൈനല്‍ ഘട്ടങ്ങളിലോ ഇടറി വീണ കാഴ്ച ടൂര്‍ണമെന്റ് ചരിത്രം പരിശോധിച്ചാല്‍ കാണാനാകും. ആ നിലക്ക് ലോക ഫുട്‌ബോള്‍ ആരാധകരെ ഏറെ തവണ നിരാശരാക്കിയിട്ടുള്ള ടീമുകളില്‍ മുന്‍പന്തിയിലുള്ളത് ഹോളണ്ട്, ബെല്‍ജിയം, ഹംഗറി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാകണം.

മേല്‍ പറഞ്ഞത് പോലെ, ടീം സ്പിരിറ്റോടെ, അച്ചടക്കത്തോടെ, തങ്ങളുടെ സ്‌ട്രോംഗ് പോയിന്റ്സിലൂന്നി, ഓരോ എതിരാളിയുടെയും കഴിവും ദൗര്‍ബല്യങ്ങളും, ശൈലിയും ഫോര്‍മേഷനും മനസിലാക്കി തന്ത്രപരമായ ഫുട്‌ബോള്‍ കാഴ്ച വയ്യ്ക്കുന്ന കോച്ചിനെയും കളിക്കാരനെയും മാത്രമാണ് പ്രധാന ടൂര്‍ണമെന്റുകളിലെ കപ്പുകള്‍ തേടിയെത്തുക. അതുകൊണ്ടുതന്നെയാണ് നമ്മള്‍ 'അണ്ടര്‍ ഡോഗ്‌സ്' എന്നും ഏറി പോയാല്‍ 'കറുത്ത കുതിരകള്‍' എന്നൊക്കെ ആലങ്കാരിക ഭാഷയില്‍ എഴുതി തള്ളുന്ന ടീമുകള്‍ (ചിലപ്പോഴെങ്കിലും) നമ്മെ സ്തബ്ധരാക്കി ചാമ്പ്യന്മാരാകുന്നത്.

http://www.azhimukham.com/newswrap-vamos-chhetri-writes-sajukomban/

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായി വിശേഷിക്കപ്പെടുന്ന 'മാരാകാന്‍സോ' അഥവാ 'മരക്കാനയിലെ അത്യാഹിതം' പിറന്നതും അങ്ങനെയാണ്. അന്ന് രണ്ട് ലക്ഷത്തോളം വരുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ആരാധകരുടെ മുന്നില്‍ വെച്ചാണ് സൂപ്പര്‍ താരങ്ങളടങ്ങുന്ന ബ്രസീലിയന്‍ നിരയെ ഉറുഗ്വായുടെ ചുണക്കുട്ടികള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തത്. കളിക്ക് ശേഷം ഇരുപതോളം പേര്‍ ഹൃദയാഘാതം വന്നു മരിച്ചതും, ബ്രസീലിയന്‍ കോച്ച് ഫ്ളാവിയ കോസ്റ്റ ആയയുടെ വേഷത്തില്‍ സ്റ്റേഡിയത്തില്‍ നിന്നും ഒളിച്ചു കടന്നതും തോല്‍വിക്ക് പഴി കേട്ട ഗോളി മൊവാസിര്‍ ബോര്‍ബോസയെ ബ്രസീലിയന്‍ ജനത കൊടും കുറ്റവാളിയെപ്പോലെ ജീവിതാന്ത്യം വരെ വേട്ടയായാടിയതുമൊക്കെ ഫുട്ബാള്‍ ഫോക് ലോറിലെ തന്നെ അവിസ്മരണീയ (കറുത്ത) ഏടുകളാണ്.

1958ല്‍ ബ്രസീല്‍ പഴയ തോല്‍വിയുടെ മുറിവുണക്കി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ അന്ന് കണ്ണഞ്ചുന്ന രണ്ട് ഗോളുകളടിച്ചത് പതിനേഴുകാരനായ പെലെ എന്ന ഫുട്‌ബോള്‍ 'വണ്ടര്‍ കിഡ്' ആയിരുന്നു. തന്റെ അച്ഛനുള്‍പ്പെട്ട (ജോവോ റാമോസ് ഡി നാസിമേന്റോ) ബ്രസീല്‍ ടീമിന്റെ മറക്കാനയിലെ തോല്‍വിയുടെ മുറിവുണക്കല്‍. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു അന്ന് ബ്രസീല്‍ സ്വീഡനെ സ്റ്റോക്ക്‌ഹോമില്‍ വെച്ച് നിലം പരിശാക്കിയത്. പെലെയുടെ വ്യക്തിഗത കഴിവുകള്‍ വിജയം സുഗമമാക്കിയെങ്കിലും ബ്രസീലിന്റേത് തികച്ചും അര്‍ഹമായൊരു ടീം വര്‍ക്കിന്റെ വിജയം തന്നെയായിരുന്നു. പെലേക്ക് പുറമെ ഗാരിഞ്ച, വാവ, ദിദി, അല്‍ത്താഫിനി, നില്‍ട്ടന്‍ സാന്റോസ്, മാറിയോ സാഗലോ തുടങ്ങിയ അതുല്യ പ്രതിഭകള്‍ ആയിരുന്നു ജേതാക്കളുടെ ടീമില്‍ അന്ന്.

74ലെ ജര്‍മ്മനിയുടെ (ഏറെ സാധ്യത കല്പിക്കപ്പെട്ടിരുന്ന) ഹോളണ്ടിന്റെ കാവിപ്പടക്കെതിരെയുള്ള ലോകകപ്പ് വിജയവും ടീം വര്‍ക്കിന്റെയും തന്ത്രപരമായ ശൈലിയുടെയും വിജയമായിരുന്നു. ടോട്ടല്‍ ഫുട്‌ബോളിന്‍റെ ഉപജ്ഞാതാവായ ഇതിഹാസ താരം യോഹാന്‍ ക്രയ്ഫിന്റെ ടീമിനെയാണന്നു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് ബെക്കന്‍ബോര്‍ (കൈസര്‍), ജേഡ് മുള്ളര്‍, ഗോള്‍കീപ്പര്‍ സെപ്പ് മാര്‍ തുടങ്ങിയ പ്രഗത്ഭര്‍ ഉള്‍പ്പെടുന്ന ജര്‍മന്‍ പട അന്ന് പരാജയപ്പെടുത്തിയത്. ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനല്‍ ആയാണ് ഈ മത്സരത്തെ സോക്കര്‍ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.

98ല്‍ ഫ്രാന്‍സ് ലോകകപ്പ് പൊക്കിയതും ടീം അംഗങ്ങള്‍ മനപ്പൊരുത്തത്തോടെ, എണ്ണയൊഴിച്ച യന്ത്രം കണക്കെ നടത്തിയ തകര്‍പ്പന്‍ പ്രകടനം തന്നെ. ദിദിയെ ഡിഷാമ്പ്‌സ്, തിയറി ഓണ്‍റി, സിനഡെയ്ന്‍ സിദാന്‍, മാര്‌സെല്‍ ഡിസാലി, ലോറാങ് ബ്‌ളാ, തുടങ്ങിയ ആ ടീമിലെ അനിഷേധ്യ താരങ്ങള്‍ ഇന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകളോ ഏറെ വാഴ്ത്തപ്പെടുന്ന കോച്ചുകളോ ഒക്കെയായി ഫുട്‌ബോള്‍ രംഗത്ത് സജീവമായി തന്നെയുണ്ട്.

2010ല്‍ 'റ്റിക്കി റ്റാക്ക' എന്ന പേരിലറിയപ്പെടുന്ന ശാസ്ത്രീയമായ കുറു പാസുകളിലൂടെയും തന്ത്രപരമായ നീക്കങ്ങളിലൂടെയും എതിരാളികളെ നിഷ്പ്രഭരാക്കി ലോക കിരീടത്തില്‍ മുത്തമിട്ട സ്പാനിഷ് ടീമും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ടികി ടാകാ രീതി പ്രായോഗിക തലത്തില്‍ വികസിപ്പിച്ചെടുത്ത ബാഴ്സലോണയുടെ ആന്ദ്രേ ഇനിയേസ്റ്റ, പെഡ്രോ റോഡ്രിഗ്‌സ് , സാവി എന്നീ താരങ്ങള്‍ക്കു പുറമെ സ്പാനിഷ് ക്യാപ്റ്റനും ഗോളിയുമായ ഐക്കാര്‍ കാസിയാസ്, ഫോര്‍വേഡ് ഡേവിഡ് വിയ, മിഡ്ഫീല്‍ഡര്‍മാരായ സാബി അലോണ്‍സോ, സെര്‍ജിയോ ബിസ്‌ക്വിറ്റ്സ് പ്രതിരോധനിരയിലെ അതികായന്മാരായ റാമോസ്, പിക്കെ, പുയോള്‍, ക്യാപ്ഡെവില എന്നിവരുടെ കൂടി ഒത്തൊരുമയോടെയുള്ള പ്രകടനം തന്നെയായാണ് ഫുട്‌ബോള്‍ ആരാധകരുടെ മനം കവരുന്നതോടൊപ്പം തന്നെ കപ്പ് നേട്ടത്തിന് കാരണമായതും.

2014 ലോകകപ്പ് നേടിയ ജര്‍മനിയുടെ ജൈത്രയാത്രക്ക് പിന്നിലും ഹേതുവായത് കോച്ച് ജോകിം ലോവിന്റെ അസാമാന്യ തന്ത്രങ്ങളും ഫോര്‍വേഡ് നിരയിലെ പ്രഗത്ഭരായ മിറാസ്ലോവ് ക്‌ളോസെ, തോമസ് മുള്ളര്‍, മാറിയോ ഗോറ്റ്സെ, മധ്യനിരയിലെ ബാസ്റ്റിന്‍ ഷ്വയ്ന്‍ സ്റ്റീഗര്‍, ക്യാപ്റ്റനും ഡിഫെന്‍ഡറുമായ ഫിലിപ്പ് ലാം പ്രതിരോധനിരയിലെ തന്നെ പെര്‍ മെര്‍റ്റസാക്കര്‍, സാമി ഖദീര, മാറ്റ് ഹമ്മല്‍സ് എന്നീ കഴിവുറ്റ കളിക്കാര്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് ഒറ്റക്കെട്ടായി പ്രകടനം കാഴ്ച വെച്ചപ്പോഴാണ്. സെമിഫൈനലിലാകട്ടെ, മരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിന് മേല്‍ അവരുടെ ഫുട്ബാള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ പരാജയം ഏല്‍പ്പിക്കുകയും ചെയ്തു. കലാശക്കളിയില്‍ സാക്ഷാല്‍ ലിയോ മെസിയടങ്ങുന്ന താര നിബിഡമായ അര്‍ജന്റീനയെ ഒരു ഗോളിന് തോല്‍പ്പിച്ച് മെസിയുടെ ലോകകപ്പ് മോഹങ്ങള്‍ ഒരിക്കല്‍ കൂടി നുള്ളിക്കളയുന്നതിലും ജര്‍മ്മനി പതിവ് 'കരുണയില്ലായ്മ' പുറത്തെടുത്തു!

കോച്ചിന്റെ പ്രാഗല്‍ഭ്യം, കളിക്കളത്തിലെ ചാതുര്യം, മുതിര്‍ന്ന കളിക്കാരുടെ ലോക കപ്പിലെ പരിചയ സമ്പത്ത്, അസാമാന്യമായ സ്റ്റാമിന എന്തിന് തീവ്രമായ ദേശ സ്‌നേഹം പോലും ജര്‍മനിയുടെ ലോക കപ്പ് വിജയസാധ്യതകള്ക്കുള്ള പ്രധാന സൂചികകളായി 2018 ലോകകപ്പ് സമയത്തും വിലയിരുത്തപ്പെടുന്നു. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം പല ലോക രാജ്യങ്ങളുടെ ടീമുകള്‍ക്കും ഒരു പരിധി വരെ ഗുണം ചെയ്യുമെങ്കിലും, ഞങ്ങള്‍ വന്‍ താരങ്ങളാണെന്ന ഈഗോ മാറ്റി വെച്ച്, പരിചയ സമ്പത്തുപയോഗിച്ച്, കോച്ചിന്റെ തന്ത്രങ്ങള്‍ ഒറ്റക്കെട്ടായി, നിസ്വാര്‍ത്ഥമായി അതാത് പ്രതിയോഗികള്‍ക്കെതിരെ ഏറ്റവും നന്നായി പ്രയോഗിക്കുന്ന രാജ്യങ്ങള്‍ക്കാവും ഫുട്‌ബോള്‍ പോലൊരു ടീം ഗെയിമില്‍ ഏറ്റവും വിജയസാധ്യത കല്പിക്കേണ്ടത്. ബ്രസീലിന്റെ വിജയ സാധ്യത പരിശോധിക്കവേ പെലെ പറഞ്ഞുവച്ചതിന്റെ പൊരുളും മറ്റൊന്നല്ല.

http://www.azhimukham.com/sports-brasil-favourites-russia-worldcup/

http://www.azhimukham.com/sports-argentina-not-favourites-russia-worldcup/


Next Story

Related Stories