TopTop
Begin typing your search above and press return to search.

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

നിമിഷാര്‍ദ്ധം കൊണ്ട് എതിരാളിയെ വെട്ടിച്ച് മുന്നേറുന്ന മാന്ത്രികത, അതിവേഗത്തിലുള്ള മുന്നേറ്റം, പിഴവില്ലാത്ത ഫിനിഷിംഗ് - ലയണല്‍ ആന്ദ്രെസ് മെസിയെന്ന അഞ്ചടി ഏഴിഞ്ചുകാരനെ എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരുടെ ഗണത്തിലേക്കുയര്‍ത്തുന്ന ഘടകങ്ങളേറെയാണ്. തുടര്‍ച്ചയായി നാല് തവണ ഉള്‍പ്പടെ അഞ്ച് ബാലണ്‍ ദിയോര്‍ പുരസ്കാരം, അഞ്ച് ഗോള്‍ഡന്‍ ബൂട്ടുകള്‍, ബാഴ്സലോണയ്ക്കായി ഒമ്പത് ലാലിഗ കിരീടങ്ങള്‍, അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍; നേട്ടങ്ങളുടെ കണക്കെടുത്താലും ഈ അര്‍ജന്റീനക്കാരന്‍ നമ്മെ അമ്പരപ്പിക്കും.

മെസിയുടെ മികച്ച 10 ഗോളുകള്‍

എന്നാല്‍, ദേശീയ ടീമിലേക്ക് വരുമ്പോള്‍ മെസിയുടെ റെക്കോഡുകള്‍ അത്ര മെച്ചമല്ല. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ സ്വര്‍ണം മാത്രമാണ് എടുത്തുപറയാനാവുന്ന നേട്ടം. മൂന്ന് വട്ടം കോപ്പ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനായില്ല. ഒപ്പം കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് തോല്‍വിയും. 31കാരനായ മെസിക്ക് ഒരു ലോകകപ്പിന് കൂടി ബാല്യമുണ്ടാകുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ടുതന്നെ, ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ഫുട്ബോള്‍ പ്രേമികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് കാലഘട്ടത്തിന്‍റെ കളിക്കാരനെ ലോകകപ്പ് അനുഗ്രഹിക്കുമോ എന്നതുതന്നെയാണ്.

2014 ലോകകപ്പ് ഫൈനല്‍ തോല്‍വി - വീഡിയോ:

കഷ്ടിച്ച് നേടിയ യോഗ്യത

ഫിഫ റാങ്കിംഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീന എക്കാലത്തും ലോകത്തെ മുന്‍നിര ടീമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, 2014ല്‍ റണ്ണേഴ്സ് അപ്പ് ആയ മെസിയുടെ ടീമിന്‍റെ 2018 ലോകകപ്പിലേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ദക്ഷിണ അമേരിക്കന്‍ യോഗ്യത റൗണ്ടിലെ 18 മത്സരങ്ങളില്‍ ഏഴ് ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. ഏഴെണ്ണം സമനിലയിലായപ്പോള്‍ ബ്രസീല്‍, പരഗ്വായ്, ബൊളീവിയ, കൊളംബിയ എന്നിവരോട് തോറ്റു.

യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇക്വഡോറിനെ നേരിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തായിരുന്നു അര്‍ജന്റീന. നേരിട്ടു യോഗ്യത ലഭിക്കുക ആദ്യ നാലു ടീമുകള്‍ക്ക് മാത്രം. എല്ലാ ടീമുകള്‍ക്കും ഓരോ മത്സരങ്ങള്‍ കൂടി ബാക്കിനില്‍ക്കേ, പേരുകേട്ട അര്‍ജന്റീന ടീമിന്റെ സാധ്യതകള്‍ നൂല്‍പ്പാലത്തിലായിരുന്നു. അര്‍ജന്റീനയും മെസിയുമില്ലാത്ത ലോകകപ്പാകുമോ റഷ്യയിലേതെന്ന് ലോകം സംശയിച്ച നാളുകള്‍. മത്സരം തുടങ്ങി 38-ാമത്തെ സെക്കന്‍ഡില്‍ ഇക്വഡോര്‍ വല കുലുക്കിയപ്പോള്‍ ഞെട്ടിയത് അര്‍ജന്റീനക്കാര്‍ മാത്രമായിരുന്നില്ല, ഫുട്ബോള്‍ ലോകം തന്നെയായിരുന്നു. എന്നാല്‍, മെസിയുടെ മാന്ത്രികക്കാലുകള്‍ ഇത്തവണ അര്‍ജന്റീനയുടെ രക്ഷയ്ക്കെത്തി. തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ നേടിയാണ് മെസി ടീമിന്റെ ലോകകപ്പ് സ്ഥാനമുറപ്പിച്ചത്.

ഇക്വഡോര്‍-അര്‍ജന്റീന മത്സരം - വീഡിയോ:എല്ലാ ടീമുകളും യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ബ്രസീലിനും (41 പോയിന്റ്) ഉറുഗ്വായ്ക്കും (32 പോയിന്റ്) പിന്നില്‍ 28 പോയിന്റുമായി മൂന്നാംസ്ഥാനത്തായിരുന്നു അര്‍ജന്റീന. ഇവരെക്കൂടാതെ കൊളംബിയയും (27 പോയിന്റ്) ഇന്റര്‍ കോണ്ടിനന്റല്‍ പ്ലേ ഓഫില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് പെറുവും ലോകകപ്പ് യോഗ്യത നേടി.

സൗത്ത് അമേരിക്ക ലോകകപ്പ് യോഗ്യത - ആദ്യ റൗണ്ട് പോയിന്റ് പട്ടിക

കാത്തിരിക്കുന്നത് കടുത്ത പോരാട്ടം

ക്രൊയേഷ്യ, നൈജീരിയ, ഐസ്ലന്‍ഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീനയുടെ സ്ഥാനം. ഗ്രൂപ്പിലെ ശക്തര്‍ അര്‍ജന്റീനയെങ്കിലും എന്തും പ്രതീക്ഷിക്കാവുന്ന ഗ്രൂപ്പാണിത്. ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ഐസ്ലന്‍ഡിനെയും വിലകുറച്ചു കാണാനാകില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഐസ്ലന്‍ഡ് ലോക ഫുട്ബോളില്‍ അവര്‍ നടത്തിയ കുതിപ്പിന് സമാനതകളില്ല. 2012 ജൂലൈയില്‍ 129-ാം സ്ഥാനത്തായിരുന്ന ഐസ്ലന്‍ഡ് ഇന്ന് 22-ാമതാണ്. ആദ്യ യൂറോ കപ്പില്‍ തന്നെ ഇംഗ്ലണ്ടിനെ വരെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ വരെ എത്താനും അവര്‍ക്കായി.

അര്‍ജന്റീനയുടെ ഗ്രൂപ്പ് മത്സരങ്ങള്‍

ബാഴ്സയില്‍ മെസിയുടെ സഹതാരമായ ഇവാന്‍ റാകിറ്റിചും റയലിന്‍റെ ലൂക മോഡ്രിചുമൊക്കെ ഉള്‍പ്പെടുന്ന ക്രൊയേഷ്യന്‍ ടീം എന്തിനും പ്രാപ്തരാണ്. ലോക റാങ്കിങില്‍ 18-ാം സ്ഥാനത്തുള്ള ക്രൊയേഷ്യക്ക് 1998 ലോകകപ്പില്‍ മൂന്നാംസ്ഥാനത്ത് എത്തിയ ചരിത്രവുമുണ്ട്. 21ന് നടക്കുന്ന അര്‍ജന്റീന-ക്രൊയേഷ്യ മത്സരം ഗ്രൂപ്പിലെ തീപാറുന്ന പോരാട്ടമാകും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റാങ്കിംഗില്‍ 44-ാം സ്ഥാനത്തുള്ള നൈജീരിയയെ നേരിടുമ്പോഴും അര്‍ജന്റീനയ്ക്ക് ആശ്വസിക്കാന്‍ വകയില്ല. കാരണം ആറു മാസം മുമ്പ് മാത്രമാണ് നൈജീരിയയോട് 4-2 എന്ന സ്‌കോറിന് ടീം അടിയറവ് പറഞ്ഞത്. രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു നൈജീരിയയുടെ തിരിച്ചടി എന്നത് മെസിയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തും.

ശക്തരാണ് ടീം, പക്ഷേ...

പരിയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്ന ശക്തമായ ടീമാണ് അര്‍ജന്റീനയുടേത്. ലോകത്തെ മുന്‍നിര ക്ലബ്ബുകളില്‍ കളിക്കുന്നവരാണ് മിക്ക താരങ്ങളും. എന്നാല്‍, ഒരു ടീമെന്ന നിലയില്‍ ഇവരെ ഒന്നിപ്പിക്കുന്നതില്‍ വരുന്ന താളപ്പിഴകളാണ് പലപ്പോഴും അര്‍ജന്റീനയ്ക്ക് തിരിച്ചടിയാകുന്നത്.

ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിവുള്ള മെസിയെന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ് അര്‍ജന്റീനയുടെ ഏറ്റവും വലിയ പ്ലസ്. മെസിയ്ക്കൊപ്പം ഹിഗ്വെയ്നും അഗ്യൂറോയും ഡിബാലയും പവനുമൊക്കെ ചേരുന്ന മുന്നേറ്റ നിര ലോകത്തെ ഏത് ടീമിനെയും വിറപ്പിയ്ക്കും. ബെനെഗ, ബിഗ്ലിയ, ഡിമരിയ തുടങ്ങിയവര്‍ മധ്യനിര ഭദ്രമാക്കും. എന്നാല്‍, പ്രതിരോധ നിരയില്‍ സെബലെറ്റയും മഷ്രാനോയുമാണ് വിശ്വസ്തര്‍. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒട്ടാമന്‍ഡി ദേശീയ ടീമിലും ആ മികവ് പുറത്തെടുത്താല്‍ അത് മുതല്‍ക്കൂട്ടാകും.

പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് ലോകകപ്പില്‍ തിരിച്ചടിയാകും. ഗോള്‍കീപ്പര്‍മാരില്‍ ചെല്‍സിയുടെ വില്ലി കബെറെല്ലോ മാത്രമാണ് ദേശീയ ടീമില്‍ മുമ്പ് കളിച്ചിട്ടുള്ളത്. അതും രണ്ട് മത്സരങ്ങള്‍ മാത്രം. ഫ്രാങ്കോ അര്‍മാനോസും റൊമേറോയുടെ ഒഴിവില്‍ ടീമിലെത്തിയ ഫ്രാങ്കോ അര്‍മാനോയയും ഇതുവരെ ദേശീയ ടീമില്‍ കളിച്ചിട്ടില്ല.

സാംപോളിയുടെ ആദ്യ മത്സരം അര്‍ജന്റീന-ബ്രസീല്‍ - വീഡിയോ

ഇറ്റാലിയന്‍ സീരിസ് എയില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ യുവതാരം ഇക്കാര്‍ഡോയെ 23 അംഗ ടീമില്‍ പോലും ഉള്‍പ്പെടുത്താതെ അമ്പരപ്പിച്ചെങ്കിലും യോര്‍ഗെ സാംപോളിയെന്ന പരിശീലകന്‍ അര്‍ജന്റീനയ്ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അര്‍ജന്റീനയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയ എഡ്വാര്‍ഡോ ബൗസയ്ക്ക് പകരമെത്തിയ സാം പോളിയുടെ ആക്രമണത്തിലൂന്നിയ ശൈലി പേരുകേട്ടതാണ്.

2015 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ തോല്‍പിച്ച ചിലി ടീമിന്റെ പരിശീലകന്‍ സാം പോളിയായിരുന്നു.

അര്‍ജന്റീനയുടെ പരിശീലകനായെത്തിയ ഉടന്‍ സാംപോളി അന്താരാഷ്ട്ര ഫുട്ബോളില്‍ അത്രയേറെ ഉപയോഗിക്കാത്ത ക്രിസ്മസ് ട്രീ ഫോര്‍മേഷന്‍ (3-6-1) ഉള്‍പ്പെടെ പരീക്ഷിച്ചിരുന്നു. ടീമിന്റെ ശക്തിയിലൂന്നിയ കേളീശൈലിയിലൂടെ താരങ്ങളെ സംയോജിപ്പിക്കാന്‍ സാം പോളിക്ക് സാധിച്ചാല്‍ അര്‍ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകിരീടത്തില്‍ മുത്തമിടുമെന്നുറപ്പിക്കാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/sports-brasil-favourites-russia-worldcup/


Next Story

Related Stories