TopTop
Begin typing your search above and press return to search.

ജേതാക്കളായില്ലെങ്കിലും 'ചാമ്പ്യന്മാരാ'ണ് ബെല്‍ജിയം, ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത് ഇങ്ങനെ

ജേതാക്കളായില്ലെങ്കിലും ചാമ്പ്യന്മാരാണ് ബെല്‍ജിയം, ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത് ഇങ്ങനെ

റഷ്യൻ ലോകകപ്പിന്റെ കലാശക്കളിക്കു യോഗ്യത നേടാനായില്ലെങ്കിലും സുവർണ തലമുറയുടെ മാനം കാക്കാൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു കൊണ്ട് ബൽജിയം ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി. പൊരുതി കളിച്ച ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചുകന്ന ചെകുത്താന്മാർ തോൽപ്പിച്ചത്. മുനിയറും ഹസാർഡും ആണ് ബൽജിയത്തിനു വേണ്ടി ഗോളുകൾ നേടിയത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ തോമസ് മ്യൂനിയറിലൂടെ ബെൽജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടി. നാസർ ചാഡ്ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയർ. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

ആദ്യ പകുതിയിൽ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്‌നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. നാലാം മിനുട്ടിൽ ഗോളിന് ശേഷവും ഹസാര്‍ഡും ലുക്കാക്കുവും ഡി ബ്രൂയിനും ചേര്‍ന്ന് ഇംഗ്ലീഷ് പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചപ്പോൾ ബെൽജിയം ലീഡുയർത്തും എന്ന് തോന്നിച്ചെങ്കിലും, താളം വീണ്ടെടുത്ത ഇംഗ്ലണ്ട് മധ്യ നിര പതിഞ്ഞ വേഗത്തിൽ കൗണ്ടർ അറ്റാക്കുകൾ മെനഞ്ഞു.

20 മിനുട്ടിൽ ഇംഗ്ലണ്ടിന് വേണ്ടി യൂങ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് റഹിം സ്‌റ്റെര്‍ലിങിന്റെ ഹെഡര്‍. പന്ത് ബെല്‍ജിയം ഗോള്‍കീപ്പറുടെ കൈയില്‍ ഭദ്രം. തൊട്ടടുത്ത മിനുട്ടിൽ ഇംഗ്ലണ്ട് ക്യാപ്റ്റനും റഷ്യൻ ലോകകപ്പിലെ ടോപ്സ്കോററുമായ ഹാരി കെയ്ൻ സുവർണാവസരം തുലച്ചു. ബോക്‌സിനുള്ളില്‍ നിന്ന് റഹിം സ്‌റ്റെര്‍ലിങ് നല്‍കിയ പന്ത് ബെൽജിയം ഡിഫന്‍ഡര്‍മാര്‍ ആരും മാർക്ക് ചെയ്യാൻ ഇല്ലാതെ നിൽക്കുകയായിരുന്ന കെയിന്‍ പുറത്തേക്കടിക്കുകയായിയിരുന്നു.

34 -ആം മിനുട്ടിൽ നീണ്ടൊരു പാസിങ് ഗെയിമിനൊടുവില്‍ ഹസാര്‍ഡിന്റെ പോസ്റ്റ് ലക്ഷ്യം വെച്ചുള്ള വലത്കാല്‍ ഷോട്ട്. ഇംഗ്ലീഷ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി പന്ത് കോര്‍ണറിലേക്ക്‌. രണ്ടു മിനുട്ടു മാത്രം ഇടവേളയിൽ ഇടത് വിങില്‍ നിന്നുള്ള ഡിബ്രൂയിന്റെ മുകളിലൂടെയുള്ള ക്രോസിങ്. ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ഹെഡര്‍ ചെയ്ത് പന്ത് കോര്‍ണറിലേക്ക് തട്ടി. ആയ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയം മുന്നിൽ.

രണ്ടാം പകുതിയിൽ റഹിം സ്റ്റെര്‍ലിങും ഡാനി റോസിനും പകരം ജെസ്സെ ലിംഗാര്‍ഡും റാഷ്‌ഫോര്‍ഡും ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങി. 51 മിനുട്ടിൽ വലത് വിങില്‍ നിന്ന് ഇംഗ്ലണ്ടിന് ഫ്രീകിക്ക്. ട്രിപ്പിയർ എടുത്ത കിക്ക്‌ ബെല്‍ജിയത്തിന്റെ വാര്‍ട്ടോംഗന്‍ ഉയര്‍ന്ന് ചാടി പന്ത് പുറത്തേക്ക് വഴിതിരിച്ചു വിട്ടു. 56-ആം മിനുട്ടിൽ വീണ്ടും ഇംഗ്ളീഷ് മുന്നേറ്റം. ബോക്‌സിനുള്ളില്‍ നിന്ന് ലിംഗാര്‍ഡിന്റെ അതിവേഗതയാര്‍ന്നൊരു ക്രോസ്. പന്ത് വലയിലെത്തിക്കാനുള്ള കെയിന്‍ ശ്രമം ഫലം കണ്ടില്ല. കെയിന്റെ കാലില്‍ തട്ടാതെ പന്ത് പുറത്തേക്ക്. സെക്കന്റുകൾക്കുള്ളിൽ ലുക്കാക്കുവിലൂടെ ബൽജിയത്തിന്റെ മറുപടി. ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ലഭിച്ച പാസിന് ലുക്കാക്കു മുന്നിലേക്ക് കുതിച്ചെങ്കിലും ഗോള്‍കീപ്പര്‍ പന്ത് കൈപിടിയിലാക്കുകയായിരുന്നു. 60 -ആം മിനുട്ടിൽ ബെല്‍ജിയം റൊമേലു ലുക്കാക്കുവിനെ പിന്‍വലിച്ച് ഡ്രെസ് മെര്‍ട്ടന്‍സനെ ഇറക്കി.

ഗോള്‍ തിരിച്ചടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങൾക്ക് ശക്തമായ പ്രതിരോധമാണ് രണ്ടാം പകുതിയിൽ ചുകന്ന ചെകുത്താന്മാർ ഒരുക്കിയത്. 70-ആം മിനുട്ടിൽ ഇംഗ്ലണ്ട് വീണ്ടും ഒരവസരം തുലച്ചു. എറിക് ഡീര്‍ പോസ്റ്റിലേക്ക് നീട്ടി അടിച്ച പന്ത് ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് കടക്കുന്നതിനിടെ ആല്‍ഡര്‍വയ്‌റല്‍ഡ് കുതിച്ചെത്തി തട്ടിയകറ്റി.

https://www.azhimukham.com/sports-2018russia-1998-worldcup-france-and-croatia-players-where-are-they-now/

ലീഡുയർത്താനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങൾക്കിടെ വീണ്ടും ഇംഗ്ളീഷ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബൽജിയം ഗോൾ. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഡിബ്രൂയ്നെയിൽനിന്ന് പന്ത് ഇടതുവിങ്ങിൽ ഹസാർഡിലേക്ക്. ഇംഗ്ലണ്ട് പ്രതിരോധത്തെ കബളിപ്പിച്ചു കൊണ്ടുള്ള ഏതാനും ചുവടുകൾക്കൊടുവിൽ പിക്ഫോ‍ർഡിനെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് പായിക്കുന്ന ഹസാർഡ്. സ്കോർ 2–0.

ഹസാർഡ് ബൽജിയത്തിനു വേണ്ടി ലീഡുയർത്തുമ്പോൾ മത്സരത്തിൽ അവശേഷിക്കുന്നത് പത്തു നിമിഷം മാത്രം. അവസാന നിമിഷങ്ങളിൽ പൂർണമായും ആത്മവിശ്വാസം നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ യുവനിരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവസാന സ്കോർ ബൽജിയം 2 - ഇംഗ്ലണ്ട് 0.

https://www.azhimukham.com/spots-russia2018-croatia-coach-zlatko-dalic-best-coach-in-world-cup/


Next Story

Related Stories