TopTop
Begin typing your search above and press return to search.

കോച്ച് പെപ് ഗാർഡിയോള വംശവെറിയന്‍; മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരം യായാ ടൂറെ

കോച്ച് പെപ് ഗാർഡിയോള വംശവെറിയന്‍; മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരം യായാ ടൂറെ

ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഫുട്ബോളിലെ വംശവെറി സംബന്ധിച്ച വിവാദവും ചൂടുപിടിക്കുന്നു. മുൻ ഐവറി കോസ്റ്റ് ടീം ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരവുമായ യായാ ടൂറെ മാഞ്ചസ്റ്റർ സിറ്റിയുടെ ലോകോത്തര കോച്ചായ പെപ് ഗാർഡിയോള വംശീയ വെറിയനാണെന്ന ഗുരുതരാരോപണം ഉന്നയിച്ചിരിക്കുന്നത്. ഫുട്ബോളിലെ വംശ വേറിയുടെ സമകാലിക സാഹചര്യത്തെ വിലയിരുത്തുകയാണ് സ്പോര്‍ട്ട്സ് കോളമിസ്റ്റായ കരുണാകര്‍ എം ഇന്നത്തെ ഫേസ്ബുക്ക് ഡയറിയില്‍.

മുൻ ഐവറി കോസ്റ്റ് ടീം ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരവുമായ യായാ ടൂറെ മാഞ്ചസ്റ്റർ സിറ്റിയുടെ ലോകോത്തര കോച്ചായ പെപ് ഗാർഡിയോള വംശവെറിയനാണെന്ന ഗുരുതരാരോപണം ഉന്നയിച്ചിരിക്കുന്നു. ഈയാഴ്ച പുറത്തുവന്ന "ഫ്രാൻസ് ഫുട്ബോൾ" മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ്

ടൂറെയുടെ ആരോപണം.

ഗാർഡിയോള തന്റെ ബാർസിലോണ ദിനങ്ങൾ മുതൽ ആഫ്രിക്കൻ താരങ്ങളോട് വിവേചനം കാണിച്ചിരുന്നുവെന്നും എന്നാൽ കുശാഗ്ര ബുദ്ധിയായ അയാൾ പിടിക്കപ്പെടുകയില്ലെന്നും ടൂറെ സംശയിക്കുന്നു. "എന്നാണോ പെപ് തന്റെ ടീമിൽ അഞ്ചോളം ആഫ്രിക്കക്കാരെ ഉൾപ്പെടുത്തുക അന്ന് ഞാൻ അയാളുടെ വീട്ടിലൊരു കേക്ക് എത്തിക്കുമെന്നും" ടൂറെ പരിഹസിക്കുന്നു.

ഗാര്‍ഡിയോളയെ പിന്തുണച്ചു സിറ്റിയുടെയും ബെൽജിയത്തിന്റെയും മിഡ്‌ഫീൽഡറും പ്ലേമേക്കറുമായ കെവിൻ ഡി ബ്രൂയ്‌നെ രംഗത്തുണ്ട്. ടീമിൽ ഇടം കാണാനാവാത്തതിന്റെ നിരാശയാവാം ടൂറെയുടെ അതൃപ്തിക്കും ആരോപണത്തിനും പിന്നിലെന്ന് കെവിൻ അഭിപ്രായപ്പെടുന്നു.

എന്നാൽ ടൂറെയ്ക്കു മറുപടി പറയാൻ താനില്ലെന്ന് ഗാർഡിയോള. ടൂറെ അടുത്ത സീസൺ ഗാര്‍ഡിയോളക്ക്‌ സമർപ്പിക്കുകയാണെന്നും തന്റെ "ലക്ഷ്യ സാഫല്യത്തിനായി" ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ് കളിക്കുന്ന ഏതെങ്കിലുമൊരു വമ്പൻ ക്ലബ്ബിൽ ഒരു പൗണ്ട് മാത്രം പ്രതിഫലം പറ്റി അടുത്ത സീസൺ കളിക്കുവാനായി ടൂറെ റെഡിയാണെന്നും പ്രഖ്യാപിച്ചു ടൂറെയുടെ ഏജെന്റ് ദിമിത്രി സെലൂക്കും അങ്കത്തട്ടിലുണ്ട്.

ഗാർഡിയോള പ്രതികരിക്കുവാൻ തയ്യാറാവാത്തിടത്തോളം കാലം മേൽപ്പറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് നമ്മുടേതായ അനുമാനത്തിലെത്തുവാൻ തരമില്ല. എന്നാൽ ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, തുടങ്ങി പ്രബല ഫുട്ബോൾ ശക്തികളുടെ ടീമുകളിൽ കുടിയേറ്റക്കാരായ, ഒന്നാം നിര

ആഫ്രിക്കൻ ഫുട്ബോളർമാർ യൂറോപ്പിൽ നേരിടുന്ന വംശീയ വെറിയുടെ ചരിത്രം കാൽപ്പന്തു കളിയോളം തന്നെ പഴക്കം ചെന്നതാണ്.

ഫ്രഞ്ച് ലീഗിൽ നീസിന് വേണ്ടി കളിക്കുന്ന ഇറ്റാലിയൻ ഇതിഹാസം മാരിയോ ബലോട്ടെല്ലിക്കുണ്ടായ "കുരങ്ങു വിളി"കളും (monkey chants) തുടർന്ന് "ഫ്രാൻസിൽ റേസിസം നിയമപരമാണോ" എന്ന് ചോദിച്ചു പൊട്ടിത്തെറിച്ച അദ്ദേഹത്തിന്റെ ഇമേജുകളുമാണ് ഓർമയിൽ.

ബോറുസിയ ഡോർട്മന്റിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന ചെൽസി/ബെൽജിയം താരം മിച്ചി ബാറ്റ്ഷുവായിക്ക് ബുണ്ടസ്ലീഗയിൽ ഈ വര്ഷം അറ്റ്ലാന്റക്കെതിരായ കളിക്കെതിരെ നേരിടേണ്ടി വന്ന സമാന അനുഭവവും യൂറോപ്പിലെ ഫുട്ബോൾ ആരാധകരുടെ മാനസിക നിലവാരവും സംസ്കാര ശൂന്യതയും തന്നെയാണ് വിളിച്ചു പറയുന്നത്.

റഷ്യൻ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റഷ്യൻ ഫുട്ബാൾ ആരാധകരുടെ വംശീയ വെറിയുടെ സമീപ കാല ചരിത്രവും ആശങ്കക്ക് വക നൽകുന്നു. കഴിഞ്ഞ മാർച്ചിൽ സെയിന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന റഷ്യ - ഫ്രാൻസ് സൗഹൃദ മത്സരത്തിൽ 3 - 1 തോറ്റ റഷ്യ ഫ്രാൻസിന്റെ പോൾ പോഗ്ബയെ പോലുള്ള കറുത്ത വര്‍ഗ്ഗക്കാരായ കളിക്കാർക്കെതിരെ അവർ നടത്തിയ monkey chants റഷ്യക്കെതിരെയുള്ള ഫിഫയുടെ ശിക്ഷാ നടപടിയിലാണ് കൊണ്ടെത്തിച്ചത്.

ഇത്തരം ദൗർഭാഗ്യകരമായ ദുർമുഹുർത്തങ്ങൾ റഷ്യയിലെ ലോകകപ്പിനിടയിൽ ആവർത്തിക്കുകയാണെങ്കിൽ അത് ആ രാജ്യത്തിന്റെ തന്നെ പ്രൗഢമായ രാഷ്ട്രീയ/കായിക ചരിത്രത്തിനേൽപ്പിക്കുന്ന അപമാനഭാരം ചെറുതായിരിക്കില്ല. മാത്രവുമല്ല ലോക ജനത മുഴുവൻ ഉറ്റുനോക്കുന്ന ഒരു മഹാ ഫുട്ബോൾ മേളക്കും ജനകീയമായ കാൽപ്പന്തു കളിയുടെ സ്പിരിറ്റിനും അത്തരം സംഭവങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരിക്കുകൾ അതീവ ഗുരുതരവും ഉണങ്ങാൻ ഏറെ സമയമെടുക്കുന്നതുമാകും.

Next Story

Related Stories