TopTop
Begin typing your search above and press return to search.

ഗ്രീന്‍ കൊച്ചി മിഷന്‍ നടപ്പാക്കാന്‍ കേരള ട്രാവല്‍ മാര്‍ട്ട്

ഗ്രീന്‍ കൊച്ചി മിഷന്‍ നടപ്പാക്കാന്‍ കേരള ട്രാവല്‍ മാര്‍ട്ട്

രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കൊച്ചിയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടി ആരംഭിച്ച ഗ്രീന്‍ കൊച്ചി മിഷന്‍ പ്രധാന നയപരിപാടിയായി നടപ്പാക്കാന്‍ കേരള ട്രാവല്‍ മാര്‍ട്ട് തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികളിലും കേരള ട്രാവല്‍ മാര്‍ട്ടിന്റെ പരിപൂര്‍ണ സഹകരണം ഉറപ്പാക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നേതൃത്വം കൊടുക്കുന്ന ഈ പരിപാടിയില്‍ കൊച്ചി നഗരസഭ, ജില്ലാ ഭരണകൂടം, കേരള ശുചിത്വ മിഷന്‍, ഐഎംഎ, ചൈല്‍ഡ് ലൈന്‍, ജസ്റ്റിസ് ബ്രിഗേഡ്, ഹരിത കേരളം, എന്‍എച്എം, എംവിഡി, ക്ലബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയുടെ സജീവ പങ്കാളിത്തമുണ്ടാകും. ഗ്രീന്‍ കൊച്ചി മിഷന്റെ ആദ്യത്തെ ശ്രദ്ധേയ പരിപാടിയായ ഫോര്‍ട്ട്‌കൊച്ചി ഗ്രീന്‍ കാര്‍ണിവലിന് കെടിഎം എല്ലാ വിധ പിന്തുണയും നല്‍കും.

ജൈവ അജൈവ മാലിന്യങ്ങളുടെ തരംതിരിവാണ് സംസ്‌ക്കരണത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഗ്രീന്‍ കൊച്ചി മിഷന്‍ വിലയിരുത്തുന്നു. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനു വേണ്ടി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി കൊണ്ട് സാമൂഹിക അവബോധന ക്ലാസുകള്‍, വിദേശ ടൂറിസ്റ്റുകളുടെ സഹായത്തോടെ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് അവബോധന പരിപാടി, എല്ലാ ടൂറിസം കേന്ദ്രങ്ങളിലും തരം തിരിച്ച് മാലിന്യം നിക്ഷേപിക്കുന്നതിന്റെ പ്രധാന്യം പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള സെഷനുകള്‍ തുടങ്ങിയവ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ നാലു വര്‍ഷമായി കെടിഎം നടപ്പാക്കി വരുന്ന ഒന്‍പത് ഇന പരിപാടിയുടെ കണ്‍വീനറും മുന്‍ കെടിഎം പ്രസിഡന്റുമായ എബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. ഇതിലെ പ്രധാന ഇനമാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം.

വര്‍ഷം മുഴുവന്‍ 365 ദിവസവും ഉള്‍പ്പെടുന്ന പരിപാടിയായാണ് ഇത് നടപ്പക്കാന്‍ കെടിഎം ഉദ്ദേശിക്കുന്നതെന്ന് കെ ടി എം പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. പ്രാഥമിക ശ്രമമെന്ന രീതിയില്‍ ഫോര്‍ട്ട്‌കൊച്ചിയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തുടര്‍ന്ന് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി ഗ്രീന്‍ കൊച്ചി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു കൂടാതെ പ്രശസ്തനായ ബ്രാന്‍ഡ് അമ്പാസിഡറെ കൂടി ഇതില്‍ പങ്കാളിയാക്കാനുള്ള ശ്രമവും നടത്തി വരുന്നതായി കെടിഎം സെക്രട്ടറി ജോസ് പ്രദീപ് അറിയിച്ചു.

കൊച്ചി നഗരത്തില്‍ നിലവില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ ജൈവം, അജൈവം എന്നിവയായി തരം തിരിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ പുന ചംക്രമണം ചെയ്യുകയും മറ്റു മാലിന്യങ്ങള്‍ ജൈവവളമായി മാറ്റുകയും പുതുതായി പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടാകാത്ത രീതിയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കൊച്ചിയെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്നതാണ് ഗ്രീന്‍ കൊച്ചി മിഷന്റെ പ്രധാന ലക്ഷ്യം. ഇതിനായി നിലവില്‍ മരിച്ചു കൊണ്ടിരിക്കുന്ന കൊച്ചിയിലെ കനാലുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് സാധ്യമാക്കുകയും കനാലുകളിലേക്ക് നീണ്ട കൈയേറ്റങ്ങളെ ഒഴിപ്പിക്കുകയും വേണം. കൊച്ചിയിലെ മണ്ണും,ജലവും, മാലിന്യ മുക്തമാക്കി തണ്ടല്‍ വൃക്ഷങ്ങളും പൂച്ചെടികളും പൂത്തുലയുന്ന ഗ്രീന്‍ സിറ്റിയാക്കി കൊച്ചിയെ മാറ്റുക എന്നതാണ് ഗ്രീന്‍ കൊച്ചി മിഷന്‍ ലക്ഷ്യമിടുന്നത്.

ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കുള്ള ബോധവത്കരണ പരിപാടികള്‍, കൊച്ചിയിലെ ബ്ലോഗര്‍മാരെ ഒരുമിച്ചു ചേര്‍ത്തുള്ള പ്രചരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിലൂടെ വിപുലമായ സോഷ്യല്‍ മീഡിയ കാമ്പയിനും നടന്നുവരികയാണ്.

Next Story

Related Stories