TopTop

'ലോകോത്തര ബൗളര്‍മാരുണ്ടായിട്ട് എന്ത് കാര്യം, ഇന്ത്യ അവരെ തല്ലി ചതച്ചു'; ഓസീസിനെ പരിഹസിച്ച് അക്തര്‍

ഇന്ത്യയോട് ഏകദിന പരമ്പര തോറ്റ ഓസീസിനെ പരിഹസിച്ച് മുന്‍ പാക്ക് പേസര്‍ ഷൊയ്ബ് അക്തര്‍. ലോകോത്തര ബൗളര്‍മാരുണ്ടായിട്ട് എന്ത് കാര്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അവരെ തല്ലി ചതച്ചെന്നാണ് അക്തര്‍ തന്റെ യുട്യൂബ് ചാനലിലൂടെ ഓസ്‌ട്രേലിയയെ പരിഹസിച്ച് രംഗത്തെത്തിയത്. വാംഖഡേയില്‍ ആദ്യ ഏകദിനം പത്തു വിക്കറ്റിന് അടിയറവ് പറഞ്ഞതിന് ശേഷമാണ് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്. രാജ്കോട്ടിലും ബെംഗളൂരുവിലും ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. പരമ്പരയിലെ അവസാന ഏകദിനത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. കംഗാരുക്കള്‍ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അനായാസം നടന്നുകയറുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും (128 പന്തില്‍ 119) വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും (91 പന്തില്‍ 89) മത്സരത്തില്‍ ഇന്ത്യന്‍ ജയത്തിന് നിര്‍ണായകമായത്. ലോകോത്തരമെന്ന് അവകാശപ്പെടുന്ന ഓസീസ് ബൗളര്‍മാരെ രോഹിത് ശര്‍മ്മ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി.

'ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ ടീം നാണംകെട്ടു. കൊച്ചു കുട്ടികളോടു കളിക്കും പോലെയാണ് ആതിഥേയര്‍ ഓസ്ട്രേലിയയോട് പെരുമാറിയത്. പൊതുവേ ക്രീസില്‍ താളം കണ്ടെത്തിയാല്‍ രോഹിത് ശര്‍മ്മയ്ക്ക് നല്ല പന്തെന്നോ മോശം പന്തെന്നോ ഇല്ല. ഞായറാഴ്ച്ച ക്രീസില്‍ ആവശ്യത്തിലേറെ സാവകാശം രോഹിത്തിന് ലഭിച്ചു. ഇത് അദ്ദേഹം പൂര്‍ണമായി വിനിയോഗിക്കുകയും ചെയ്തു. രോഹിത് ശര്‍മ്മയുടെ ഷോട്ടുകളില്‍ പ്രൗഢവും ആഢ്യത്തവും നിറഞ്ഞു കാണാം', ശുഐബ് അക്തര്‍ സ്വന്തം യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു. 'ഷോട്ടുകള്‍ മുന്‍കൂട്ടി മനസില്‍വെച്ച് കളിക്കുന്ന താരമല്ല രോഹിത്. പന്തിനെ അദ്ദേഹം സ്വാഭാവികമായി നേരിടുന്നു. മത്സരത്തില്‍ ഓസീസ് ബൗളര്‍മാരായ ആദം സാംപയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും തിരഞ്ഞുപിടിച്ചാണ് രോഹിത് ശിക്ഷിച്ചത് ' അക്തര്‍ പറഞ്ഞു. മത്സരത്തിനിടെ രോഹിത്തിന്റെ ഒരു കട്ട് ഷോട്ട് സച്ചിനെ അനുസ്മരിപ്പിച്ചതായും പാക് ഇതിഹാസം ചൂണ്ടിക്കാട്ടി.




Next Story

Related Stories