TopTop
Begin typing your search above and press return to search.

'മാരക്കാനാസോ'യ്ക്ക് 70 വര്‍ഷം; കാനറികളുടെ കണ്ണീര് വീഴ്ത്തിയ ദിനം

മാരക്കാനാസോയ്ക്ക് 70 വര്‍ഷം; കാനറികളുടെ കണ്ണീര് വീഴ്ത്തിയ ദിനം

1950ല്‍ ബ്രസീലിന്റെ ദുരന്തദിനമായ 'മാറക്കാനസോ' ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ ബ്രസീലിന്റെ സ്വപ്‌നങ്ങളെ തകര്‍ത്ത് ഉറുഗ്വായ് ചാമ്പ്യന്‍മാരായി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഉറുഗ്വായുടെ വിജയം. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ അള്‍ത്താരയെന്ന് വിശേഷിപ്പിക്കുന്ന മാറക്കാന സ്റ്റേഡിയത്തില്‍ നിറഞ്ഞ രണ്ടു ലക്ഷത്തിലേറെ കാണികള്‍ അന്ന് നിരാശരായി മടങ്ങി.

1950 ജൂലൈ 16നെ ബ്രസീല്‍ ചരിത്രത്തിലെ സുവര്‍ണ രാത്രിയാവുമെന്നായിരുന്നു കിക്കോഫ് വിസിലിനു മുമ്പേ ലോകം വിശേഷിപ്പിച്ചത്. റിയോ ഡെ ജനീറോയിലെ പുതിയ സ്‌റ്റേഡിയമായ മാറക്കാനയില്‍ ലോകം അന്നു വരെ കാണാത്ത ജനക്കൂട്ടമാണ് തിങ്ങിനിറഞ്ഞത്. എന്നാല്‍ വിധി ബ്രസീലിനെതിരായിരുന്നു. ഫൈനലില്‍ ബ്രസീലിനെ തോല്‍പിച്ച് ഉറുഗ്വായ് തങ്ങളുടെ രണ്ടാം ലോകകിരീടമണിഞ്ഞു. കിരീടവിജയത്തിന്റെ സന്തോഷത്തിലായിരുന്നു ഉറുഗ്വായ്‌ക്കെങ്കില്‍, തോല്‍വി ഭാരം താരങ്ങളുള്‍പ്പെടെ ആരാധകരെയും മാനസിക സമ്മര്‍ദത്തിലാഴ്ത്തി.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരാളികളുടെ പ്രതിരോധ നിരയക്ക് മുന്നില്‍ തുടരെ തുടരെ പരാജയപ്പെടുന്ന ബ്രസീലിനെയാണ് കണ്ടത്. ഇടവേളയ്ക്ക് ശേഷം അല്‍ബിനോ ഫ്രിയാക കാര്‍ഡിസോ എന്ന സാവോപോളോ ഫോര്‍വേഡ് പായിച്ച താഴ്ന്ന ഷോട്ട് ഉറുഗ്വായ് ഗോള്‍ കീപ്പര്‍ റോക്കി മസ്‌പോളിക്ക് എത്തിപ്പിടിക്കാനായില്ല. ബ്രസീല്‍ 1-0 ലീഡ് നേടി. കീതീടമണിയാന്‍ ബ്രസിലിന് ഇത് ധാരാളം, നാല് ഗ്രൂപ്പായി നടന്ന ആദ്യ റൗണ്ടില്‍നിന്നും ഫൈനല്‍ റൗണ്ടിലെത്തിയത് നാലുപേര്‍ (ഉറുഗ്വായ്, ബ്രസീല്‍, സ്വീഡന്‍, സ്‌പെയിന്‍). ഫൈനല്‍ റൗണ്ടില്‍ ആദ്യ രണ്ട് കളിയും ജയിച്ച ബ്രസീലിന് ഉറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ ഒരു സമനിലകൊണ്ട് കപ്പുയര്‍ത്താമായിരുന്നു. സ്വീഡനെ 7-1നും, സ്‌പെയിനിനെ 6-1നും തകര്‍ത്ത കാനറികള്‍ക്ക് അതു നിസ്സാരം. എതിരാളികളായ ഉറുഗ്വായ് ഒരു സമനിലയും ജയവുമായാണ് വരുന്നത്. രണ്ടു ഗോള്‍ തിരിച്ചടിക്കുകയും, ഒപ്പം ഗോള്‍ വഴങ്ങാതിരിക്കുകയും ചെയ്താലേ ഉറുഗ്വായ്ക്ക് കിരീടമുള്ളൂ.

ബ്രസീലിന്റെ ഗോള്‍ ഓഫ്സൈഡാണെന്ന് ഉറുഗ്വായ് വാദിച്ചു. പന്തുമായി റഫറിയുടെ അടുത്തെത്തി തര്‍ക്കിച്ചു, എന്നാല്‍ ഫലിച്ചില്ല. സമയം കളയാനുണ്ടായിരുന്നില്ല. പന്ത് കളിക്കളത്തിന്റെ നടുവില്‍വെച്ച് ക്യാപ്റ്റന്‍ ഒബ്ദുലിയോ വരേല തന്റെ ടീമംഗങ്ങളോട് ഉറക്കെ പറഞ്ഞു: 'ഇതാണ് വിജയത്തിന്റെ സമയം'. അവരുടെ കാലുകള്‍ ലക്ഷ്യത്തിലിക്ക് അടുത്തു. 66-ാം മിനിറ്റ്. യുവാന്‍ ആല്‍ബര്‍ട്ടോ ഷിയാഫിനോ എന്ന ഉറുഗ്വായുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആ അത്ഭുതം കൊണ്ടുവന്നു. സമനില (1-1). അവിടംകൊണ്ട് അവസാനിക്കണേ എന്ന് മാറക്കാനയിലെ രണ്ടു ലക്ഷവും പ്രാര്‍ഥിച്ചു. പക്ഷേ, 79-ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്ന് കുതിച്ചെത്തിയ ആല്‍സിഡെസ് എല്‍ഗാര്‍ഡോ ഗിഗിയ പെരെയ്‌റ അത് സാധ്യമാക്കി (യുറഗ്വായ് 2-1). മത്സരം തുടങ്ങുന്നതിന് മുന്നെ ബ്രസീലിന്റെ വിജയം ഉറപ്പെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും കൊണ്ട് ഉറഗ്വായുടെ ആത്മവീര്യം കെടുത്താന്‍ കഴിഞ്ഞില്ല. അത് അവര്‍ കളിക്കളത്തില്‍ തെളിയിച്ചു.

Next Story

Related Stories