TopTop
Begin typing your search above and press return to search.

ലോകകപ്പ് യോഗ്യത നേടാന്‍ സൂപ്പര്‍ ലീഗ്; പുതിയ പരീക്ഷണവുമായി ഐസിസി

ലോകകപ്പ് യോഗ്യത നേടാന്‍ സൂപ്പര്‍ ലീഗ്; പുതിയ പരീക്ഷണവുമായി ഐസിസി

2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ടീമുകളെ തെരഞ്ഞെടുക്കാന്‍ യോഗ്യതാ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഐസിസി. ഇതിന്റെ ഭാഗമായി ഐസിസി ഏകദിന സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചു. ആതിഥേയരായ ഇന്ത്യയും ലീഗില്‍ ആദ്യ ഏഴു സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങളാണ്. ഏകദിന സൂപ്പര്‍ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാത്ത അഞ്ച് ടീമുകള്‍ വീണ്ടും യോഗ്യതാ റൗണ്ടില്‍ മത്സരിച്ചുവേണം ഈ രണ്ടു സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാന്‍. ഈ യോഗ്യതാ റൗണ്ടില്‍ അഞ്ച് അസോഷ്യേറ്റ് രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടും. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍ ജൂലൈ 30ന് സതാംപ്ടണില്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ലോകകപ്പ് യോഗ്യതയ്ക്കുള്ള ഏകദിന സൂപ്പര്‍ ലീഗ് ആരംഭിക്കുക.

ഐ.സി.സിയില്‍ സമ്പൂര്‍ണ അംഗങ്ങളായ 12 ടീമുകള്‍ക്കൊപ്പം ലോക ക്രിക്കറ്റ് സൂപ്പര്‍ ലീഗിലൂടെ മുന്നേറിയെത്തിയ നെതര്‍ലന്റ്‌സും സൂപ്പര്‍ ലീഗില്‍ ഏറ്റുമുട്ടും. ടീമുകള്‍ക്ക് ഓരോ വിജയത്തിനും 10 പോയിന്റ് ലഭിക്കും. സമനില ആയാല്‍ ഇരുടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാലും പോയിന്റ് പങ്കുവെയ്ക്കും. 13 ടീമുകളും മൂന്ന് മത്സരങ്ങളടങ്ങിയ നാല് പരമ്പരകള്‍ സ്വന്തം നാട്ടിലും നാല് പരമ്പരകള്‍ പുറത്തും കളിക്കും. ഒരു ടീമിന് 24 മത്സരങ്ങള്‍.

ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയില്‍ അടുത്ത മൂന്ന് വര്‍ഷം നടക്കുന്ന ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കുന്നതാണ് ഇത്തരമൊരു പരീക്ഷണമെന്ന് ഐസിസിയുടെ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡിസ് അവകാശപ്പെട്ടു. ടി20 ക്രിക്കറ്റ് കൂടുതല്‍ ജനകീയമാകുകയും ടെസ്റ്റ് മത്സരങ്ങള്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ പരീക്ഷണ വേദിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏകദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നു.

Next Story

Related Stories