അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമാണ് വിരാട് കോഹ്ലി പന്തെറിഞ്ഞിട്ടുള്ളത്. ഒരു ബാറ്റ്സ്മാന് എന്നതിലുപരി പാര്‍ട് ടൈം ബൗളറായും മികവു കാട്ടിയിരുന്നു താരം. എന്നാല്‍ ബൗളിങ്ങില്‍ താരത്തിന്റെ വളരെ മോശം പ്രകടനമായി കണക്കാക്കുന്നത് ഒരു പക്ഷെ 2012ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലാകും.
അന്നത്തെ മത്സരത്തില്‍ 206 എന്ന വമ്പന്‍ ടോട്ടല്‍ ആര്‍സിബി സിഎസ്കെയ്ക്ക് മുന്നില്‍ ഉയര്‍ത്തി. മത്സരം ആര്‍സിബി ഏറെക്കുറെ വരുതിയിലാക്കിയപ്പോഴായിരുന്നു 19-ാം ഓവറില്‍ ബൗളറായി വിരാട് കോഹ്ലിയെത്തിയത്. ചെന്നൈ ബാറ്റ്സ്മാനായിരുന്ന ആല്‍ബി മോര്‍ക്കല്‍ ആ ഓവറില്‍ 28 റണ്‍സടിച്ചതോടെ ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്തു.
അവസാന രണ്ട് ഓവറുകളില്‍ 43 റണ്‍സ് ആയിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ഈ അവസരത്തില്‍ ആര്‍സിബി ക്യാപ്റ്റനായിരുന്ന ഡാനിയല്‍ വെറ്റോറി കോഹ്ലിയെ പന്തേല്‍പ്പിക്കുകയായിരുന്നു. ഇത്തരമൊരു ഓവറിന് കാത്തിരുന്ന ആല്‍ബി അവസരം കൈവിട്ടില്ല. മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടെ 28 റണ്‍സ് ഓവറില്‍ പിറന്നതോടെ അവസാന ഓവറില്‍ 15 റണ്‍സ് ആയി വിജയലക്ഷ്യം. വിനയ് കുമാറിന്റെ ഓവറില്‍ സിഎസ്കെ ജയത്തിനായുള്ള റണ്‍സ് കണ്ടെത്തുകയും ചെയ്തു.
വിരാട് കോഹ്ലിയെക്കൊണ്ട് അന്ന് എന്തിനാണ് പന്തെറിയിച്ചതെന്ന് ഇപ്പോഴും ഒരുപിടിയുമില്ലെന്നാണ് ആല്‍ബി പറയുന്നത്. ഒരുതരത്തിലും കോഹ്ലി ആ ഓവര്‍ എറിയാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ചും ആ ഓവറില്‍ ക്രീസിലെത്തിയ തനിക്കെതിരെ. ഞാന്‍ ക്രീസിലേക്ക് ഏഴാമനായി എത്തുമ്പോള്‍ രണ്ട് ഓവറില്‍ ജയിക്കാന്‍ വേണ്ടത് 43 റണ്‍സ്. അസാധ്യമായിരുന്നു അത്...മോര്‍ക്കല്‍ പറയുന്നു. 28 റണ്‍സ് ആ ഓവറില്‍ ഞാന്‍ നേടി. അവസാന ഓവറില്‍ ബ്രാവോ ജയം ഉറപ്പിക്കുകയും ചെയ്തു. കളിയില്‍ എല്ലാ സാധ്യതകളും നഷ്ടപ്പെട്ടിടത്ത് നിന്നാണ് ഞങ്ങള്‍ അവിടെ ജയിച്ചത്. ആല്‍ബി മോര്‍ക്കല്‍ പറഞ്ഞു.