കോവിഡ് 19 ഭീതിക്കിടയിലും ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് തുടര്‍ന്നും നടത്തിയ ലോക ബാഡ്മിന്റണ്‍ അസോസിയേഷന് തീരുമാനത്തെ വിമര്‍ശിച്ച് സൈന നെഹ്വാള്. കളിക്കാരുടെ സുരക്ഷയേക്കാള്‍ ബാഡ്മിന്റണ്‍ അസോസിയേഷന് പണമാണ് പ്രധാനമെന്നാണ് സൈന ആഞ്ഞടിച്ചത്. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു സൈനയുടെ പ്രതികരണം.
കോവിഡ്19 രൂക്ഷമായി പടരുന്ന സാഹചര്യത്തിലും ടൂര്‍ണമെന്റ് മാറ്റിവയ്ക്കാതെ സാമ്പത്തിക താല്പര്യങ്ങള്ക്ക് പ്രാധാന്യം നല്കി കളിക്കാരുടെ സുരക്ഷിതത്വം അപകടത്തിലാക്കിയാണ് കഴിഞ്ഞയാഴ്ച ഓള് ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ് നടത്തിയത് 'കളിക്കാരുടെ സുരക്ഷയേക്കാള്‍ പണത്തിനാണ് പ്രാധാന്യമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ കഴിഞ്ഞ ആഴ്ച്ചയില്‍ ഓള് ഇംഗ്ലണ്ട് ഓപണ്‍ നടക്കാന്‍ മറ്റൊരു കാരണമില്ല.' എന്നായിരുന്നു സൈനയുടെ ട്വീറ്റ്.
ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ 30കാരിയായ സൈന തോറ്റ് പുറത്തായിരുന്നു. ഈ തോല്‍വിയോടെ സൈനയുടെ ഒളിംപിക് യോഗ്യതാ ശ്രമത്തിനും തിരിച്ചടിയായിരുന്നു. ലോകമാകെ വിവിധ കായിക ഇനങ്ങളില്‍ നടത്തുന്ന ടൂര്‍ണ്ണമെന്റുകള്‍ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തപ്പോഴും ഓള് ഇംഗ്ലണ്ട് ഓപണ്‍ തടസമില്ലാതെ തുടര്‍ന്നു. ഓള് ഇംഗ്ലണ്ട് ഓപണ്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് ടൂര്‍ണ്ണമെന്റുകള്‍ പിന്‍വലിച്ചത്.