TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ 'ജംബോ'ക്ക് ഇന്ന് അമ്പത്; മറക്കാനാകുമോ?മൈതാനത്തെ ഈ മാസ്മരിക ഇന്നിംഗ്‌സുകള്‍

ഇന്ത്യയുടെ ജംബോക്ക് ഇന്ന് അമ്പത്; മറക്കാനാകുമോ?മൈതാനത്തെ ഈ മാസ്മരിക ഇന്നിംഗ്‌സുകള്‍

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍ അനില്‍ കുംബ്ലെക്ക് ഇന്ന് അമ്പതാം ജന്മദിനം. ക്രിക്കറ്റിലെ മാന്യനായ വ്യക്തിത്വം, മികച്ച ഓള്‍റൗണ്ടര്‍, പരിശീലകന്‍, ക്രിക്കറ്റില്‍ ലെഗ് സ്പിന്നറായി തുടങ്ങിയ കുബ്ലെ 'ജംബോ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ക്രിക്കറ്റ് ലോകത്ത് ജംബോ എന്ന പേരു കുംബ്ലെയ്ക്കു സമ്മാനിച്ചതു സഹതാരം നവ്ജ്യോത് സിങ് സിദ്ദുവായിരുന്നു. ഇറാനി ട്രോഫി ടൂർണമെന്റിനിടെ കുംബ്ലെ എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്തു. അതുകണ്ട സിദ്ദു 'ജംബോ ജെറ്റ്' എന്നു കമന്റടിച്ചു. ജംബോ ജെറ്റ് പിന്നീടു 'ജംബോ' ആയി.

ഇന്ത്യയുടെ ഇതിഹാസ താരത്തിന് 50 തികയുമ്പോള്‍, അദ്ദേഹത്തിന്റെ കരിയറിനെ അടയാളപ്പെടുത്തിയ നേട്ടങ്ങള്‍ അനവധിയാണ്.അതില്‍ മറക്കാനാവാത്ത ഒന്നായിരുന്നു 1993 ലെ ഹീറോ കപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യയുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യന്‍ നിരയില്‍ കുബ്ലെയുടെ പ്രകടനം.മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വീന്‍ഡിസ് പട അനായാസം മറികടക്കുമെന്ന് തോന്നിച്ചപ്പോള്‍ അവിടെ രക്ഷകനായി അവതരിച്ചത് കുബ്ലെ ആയിരുന്നു. 101/4 എന്ന നിലയില്‍ നിന്ന് വീന്‍ഡിസിനെ കരകയറ്റാന്‍ കാള്‍ ഹൂപ്പര്‍ നില ഉറപ്പിച്ചപ്പോള്‍ ഹൂപ്പറിന്റേതടക്കം അനില്‍ കുബ്ലെ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്ക് ജയമൊരുക്കി. 6.1 ഓവര്‍ എറിഞ്ഞ താരം രണ്ട് മെയ്ഡിന്‍ ഓവറോടെ 12 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 123 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിന് നേടാനായത്.

1999ല്‍ പാക്കിസ്ഥാനെതിരേ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ 74 റണ്‍സ് വഴങ്ങി ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും വീഴ്ത്തിയാണ് കുംബ്ലെ ചരിത്രം കുറിച്ചത്. അന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറായി കുംബ്ലെ. കളിക്കളത്തിലെ തികഞ്ഞ പോരാളി എന്നു തെളിയിക്കുന്ന സംഭവമായിരുന്നു 2002ല്‍ ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരേ നടന്ന ടെസ്റ്റ്. ബാറ്റ് ചെയ്യുന്നതിനിടെ മെര്‍വ് ധില്ലന്റെ പന്ത് കൊണ്ട് താടിയെല്ല് തകര്‍ന്ന കുംബ്ലെയോട് കളിക്കേണ്ടെന്ന് ടീമിലെ അംഗങ്ങള്‍ ഒന്നടങ്കം പറഞ്ഞിട്ടും അദ്ദേഹം ബൗള്‍ ചെയ്യാനെത്തി. പൊട്ടിയ താടിയെല്ലില്‍ തുണിചുറ്റി കളിക്കാനിറങ്ങിയ കുംബ്ലെ തുടര്‍ച്ചയായി 14 ഓവറുകള്‍ എറിഞ്ഞ് എതിരാളികളെപ്പോലും വിസ്മയപ്പെടുത്തി. സൂപ്പര്‍ താരം ബ്രയന്‍ ലാറയുടേതടക്കം വിക്കറ്റും കുംബ്ലെ സ്വന്തമാക്കി.

2007-08 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒരു മത്സരത്തില്‍ സൈമണ്ട്സും ഹര്‍ഭജന്‍സിംഗുമായുള്ള വിവാദപരമായ വാക് പോരാട്ടം ഇരുടീമും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍വരെ ഉലച്ചിലുണ്ടാക്കി. സൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ഹര്‍ഭജനെതിരായ ആരോപണം. എന്നാല്‍ ആരോപണം തള്ളിക്കളയുകയായിരുന്നു കുംബ്ലെ. സംഭവത്തേത്തുടര്‍ന്ന് ഹര്‍ഭജനെ ഒരു മത്സരത്തില്‍ നിന്നു വിലക്കി. കളിയുടെ സ്പിരിറ്റിനനുസരിച്ചത് ഒരു ടീം മാത്രമാണെന്ന് കുംബ്ലെയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ പ്രതികരണമായിരുന്നു. എതിര്‍ ടീമിന്റെയും ബഹുമാനം പിടിച്ചുപറ്റാന്‍ കുംബ്ലെയ്ക്കു സാധിച്ചിരുന്നു.

ടെസ്റ്റിലും(619) ഏകദിനത്തിലും(337) ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പലപ്പോഴും സെഞ്ചുറിക്ക് അരികിലെത്തിയിട്ടുണ്ടെങ്കിലും അതു നേടാനായത് കരിയറിന്റെ അവസാന കാലഘട്ടത്തിലാണ്. 2007ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അത്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എല്ലാവരുമുണ്ടായിരുന്നിട്ടും ആ പരമ്പരയില്‍ സെഞ്ചുറി നേടിയ താരം കുംബ്ലെ മാത്രമായിരുന്നു.2007ല്‍ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട കുംബ്ലെ 14 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. 2007 നവംബര്‍ മുതല്‍ 2008 നവംബര്‍ വരെ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 18 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ച് 2008 നവംബറിലാണ് കുംബ്ലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 132 ടെസ്റ്റ് മത്സരങ്ങളില്‍ കുംബ്ലെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 271 ഏകദിനങ്ങളിലും അദ്ദേഹം ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. നാഷണല്‍ കോച്ചിങ് അക്കാദമിയുടെ തലവന്‍, കര്‍ണാടക ക്രിക്കറ് അസോസിയേഷന്‍ സെക്രട്ടറി,2012ല്‍ ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മറ്റിയുടെ ചെയര്‍മാനായി നിയമിതനായ കുംബ്ലെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ ഉപദേശകനായിരുന്നു. 2015ല്‍ കുംബ്ലെയെ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ ബഹുമതി ലഭിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കുംബ്ലെ. 2016 ല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റിരുന്നു. ഇപ്പോള്‍ ഐപിഎല്ലില്‍ കിംഗസ് ഇലവന്‍ പഞ്ചാബിന്റെ ഡയറക്ടറും മുഖ്യപരിശീലകനുമാണ് കുബ്ലെ.

ലോക ക്രിക്കറ്റില്‍ ചരിത്രം ഏറെ കുറിച്ച കുംബ്ലെയുടെ സ്വദേശം കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ആണ്. ആ സ്ഥലപ്പേര് കൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം കുംബ്ലെ എന്നത് എഴുതിച്ചേര്‍ക്കപ്പെട്ടത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ രണ്ടു അനില്‍ -മാര്‍ ഉണ്ടായിരുന്നു. അവരെ തിരിച്ചറിയാനായി ക്ലാസ് ടീച്ചര്‍ ആണ് ഈ അനിലിനൊപ്പം ജന്മനാടായ കുമ്പള എന്നുകൂടി ചേര്‍ത്തത്. കാസര്‍ഗോഡ് നിന്നും മംഗലാപുരത്തിനു പോകുന്ന വഴിയില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണ് കുമ്പള. ബാംഗ്ലൂര്‍ നഗരത്തിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുംബ്ലെ എഞ്ചിനീറിങ് (മെക്കാനിക്കല്‍) ബിരുദമെടുത്തത് ആര്‍ വി സി ഇ എഞ്ചിനീറിങ് കോളേജില്‍ നിന്നാണ്. അക്കാലത്താണ് ക്രിക്കറ്റ് കമ്പം കയറിയതും അതിലേക്കു ഇറങ്ങി ചെന്നതും. 1989 -ല്‍ കര്‍ണാടകക്കുവേണ്ടി ഹൈദരാബാദിനെതിരെ നാലു വിക്കറ്റ് നേടിക്കൊണ്ടാണ് കുംബ്ലെ ദേശീയ ശ്രദ്ധയിലെത്തുന്നത്.


Next Story

Related Stories