ലാ ലിഗ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് ജയം. ബാഴ്സലോണയെ ഹോംഗ്രൗണ്ടായ ക്യാംപ് നൗവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ തറപറ്റിച്ചത്. ആളും ആരവുമൊഴിഞ്ഞ സ്റ്റേഡിയത്തില്‍ അഞ്ചാം മിനുറ്റില്‍ വാല്‍വര്‍ഡെയുടെ ഗോളില്‍ റയലാണ് ലീഡ് നേടിയത്. എന്നാല്‍ ഗോളാഘോഷം പൂര്‍ത്തിയാകുമ്പോഴേക്കും ബാഴ്സയുടെ കൗമാര താരം അന്‍സു ഫാത്തി ബാഴ്സയെ റയലിനൊപ്പമെത്തിച്ചു. എല്‍ ക്ലാസികോ ചരിത്രത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും അന്‍സു സ്വന്തമാക്കി.
ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതിക്കുശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ 63ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ റയല്‍ മുന്നില്‍. റാമോസിനെ വീഴ്ത്തിയതിന് വാര് സഹായത്തോടെയാണ് റയലിന് പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത റാമോസിന് പിഴച്ചില്ല. നെറ്റോയെ കബളിപ്പിച്ച് പന്ത് വലയില്‍. റയലിന് ലീഡ്. പിന്നീടും നിരവധി അവസരങ്ങള്‍ റയലിന് സ്വന്തമായെങ്കിലും ബാഴ്സയ്ക്ക് നെറ്റോ രക്ഷകനായി. 69ാം മിനുറ്റില്‍ വാല്വര്ഡെക്കു പകരക്കാരനായി കളത്തിലിറങ്ങിയ ലൂക്കാ മോഡ്രിച്ച് 90ാം മിനുറ്റില്‍ വല കുലുക്കിയതോടെ റയലിന്റെ ജയം ആധികാരികമായി. ബോക്സില്‍നിന്ന് ലഭിച്ച പന്ത് നൃത്തചുവടുകളോടെയാണ് മോഡ്രിച്ച് വലയിലെത്തിച്ചത്.
ഇതോടെ ആറ് കളിയില്‍നിന്ന് 13 പോയിന്റ് നേടിയ റയല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. റൊണാള്‍ഡ് കൊമാന്റെ കീഴില്‍ പുതിയ അടവുകള്‍ തേടിയിട്ടും മോശം കാലം തുടരുന്ന ബാഴ്സ അഞ്ച് കളിയില്‍ ഏഴ് പോയിന്റുമായി പത്താം സ്ഥാനത്താണ്.