ആഭ്യന്തര ക്രിക്കറ്റ് സീസണ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന അസോസിയേഷനുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ബിസിസിഐ. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട 100 പേജുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പട്ടികയാണ് ബിസിസിഐ കൈമാറിയത്.
പുതിയ നിര്‍ദ്ദേശ പ്രകാരം 60 വയസ് കഴിഞ്ഞവര്‍ക്ക് പരിശീലന ക്യാമ്പുകളിലേക്ക് പ്രവേശനം ഇല്ല. മറ്റെന്തെങ്കിലും രോഗങ്ങളുള്ളവര്‍ക്കും വിലക്കുണ്ട്. പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് കളിക്കാര്‍ ഒരു സമ്മതപത്രത്തില്‍ ഒപ്പിടേണ്ടിവരുമെന്നും ബിസിസിഐ പുറത്തിറക്കിയ നടപടിക്രമത്തിലുണ്ട്. രോഗവ്യാപനത്തിനിടെ പരിശീലനം പുനരാരംഭിക്കുമ്പോഴുള്ള അപകടസാധ്യതകള്‍ അംഗീകരിക്കുന്നതാണ് ഈ സമ്മതപത്രം.
കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നും ബിസിസിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ക്യാമ്പ് ആരംഭിക്കുന്നതിനുമുമ്പ്, എല്ലാ കളിക്കാരുടെയും സ്റ്റാഫുകളുടെയും യാത്രാ, മെഡിക്കൽ ചരിത്രം (കഴിഞ്ഞ 2 ആഴ്ച) മെഡിക്കൽ ടീം ഒരു ഓൺലൈൻ ചോദ്യാവലിയിലൂടെ നേടണം. കോവിഡ്-19 പോലുള്ള ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന ഏതൊരു കളിക്കാരും സ്റ്റാഫും പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. രണ്ട് തവണ പിസിആര്‍ പരിശോധന നടത്തണം. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെങ്കിൽ മാത്രമേ കളിക്കാരെ ക്യാമ്പിൽ ഉൾപ്പെടുത്താവൂ, സ്റ്റേഡിയത്തിലേക്കും പരിശീലനത്തിനുമുള്ള യാത്രയിലും കളിക്കാര്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശമുണ്ട്.കളിക്കാർ N95 മാസ്ക് (വാൽവ് ഇല്ലാത്തത്) ധരിക്കേണ്ടിവരും, കൂടാതെ പൊതു സ്ഥലങ്ങളിലും പരിശീലന വേളയിലും കണ്ണട ധരിക്കാൻ പ്രോത്സാഹിപ്പിക്കും.