TopTop
Begin typing your search above and press return to search.

'കരിയറിൽ ബിസിസിഐ മതിയായ പരിഗണന നൽകിയില്ല, ഇത് തന്റെ മാത്രം അനുഭവമല്ല', തുറന്നടിച്ച് യുവരാജ്

കരിയറിൽ ബിസിസിഐ മതിയായ പരിഗണന നൽകിയില്ല, ഇത് തന്റെ മാത്രം അനുഭവമല്ല, തുറന്നടിച്ച് യുവരാജ്

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച കളിക്കാരിൽ ഒരാളാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലെയും ഇന്ത്യന്‍ വിജയങ്ങളിലെ നിർണായക പങ്കുള്ള വ്യക്തി. അർബുദ രോഗബാധയും കരിയറിലെ ബ്രേക്കും, തിരിച്ചുവരവും എല്ലാകൊണ്ടും ശ്രദ്ധേയനായ വ്യക്തി. എന്നാൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോൾ അദ്ദേഹത്തിന് അർഹമായ പരിഗണന ലഭിച്ചിരുന്നോ എന്ന് പലപ്പോഴും ആരാധകർ ഉൾപ്പെടെ ഉന്നയിച്ചിരുന്ന ചോദ്യമായിരുന്നു.

എന്നാല്‍, ബിസിസിഐ തന്നെ പരിഗണിച്ച രീതി ശരിയായില്ലെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ യുവരാജ് സിങ്. സ്‌പോർട്‌സ്കീഡയുടെ 'ഫ്രീ ഹിറ്റ്' ഷോയിൽ ഇന്ദ്രനിൽ ബസുവും ഷാനിവി സദാനയുമായുള്ള പ്രത്യേക അഭിമുഖത്തിലായിരുന്നു യുവരാജ് സിങിന്റെ പ്രതികരണം.

'ഞാന്‍ ഒരു ഇതിഹാസമാണെന്ന് കരുതുന്നില്ല. എന്നാൽ തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് കളിച്ചിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അധികം മത്സരം കളിക്കാനും സാധിച്ചില്ല. ഇതിഹാസ താരങ്ങള്‍ക്കെല്ലാം മികച്ച ടെസ്റ്റ് റെക്കോഡുകള്‍ ആവശ്യമാണ്. എനിക്കത് ഉണ്ടായില്ലെന്ന് താരം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. പിന്നാലെയാണ് തന്റെ കരിയറിനെ കുറിച്ചും വിരമിയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചും യുവരാജ് പ്രതികരിക്കുന്നത്. ' എന്റെ കരിയര്‍ ഇത്തരത്തില്‍ അവസാനിക്കാന്‍ കാരണം ബിസിസി ഐ എന്നെ പരിഗണിച്ച രീതിയാണ്. ഒരാള്‍ക്ക് യാത്രയയപ്പ് നല്‍കുക എന്നത് ബിസിസി ഐയുടെ തീരുമാനമാണന്ന് അറിയാമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു താരത്തിന്റെ നിലപാട്.

'ഇത് തന്റെ മാത്രം അനുഭവമല്ല, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നീ സൂപ്പര്‍ താരങ്ങളെയും പരിഗണിച്ച രീതി ശരിയായില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍പത്തെ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ എനിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നതിനെ അത്ഭുതമായി കാണുന്നില്ല' എന്നും യുവരാജ് വ്യക്തമാക്കുന്നു.

നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു യുവരാജ് എന്ന ബാറ്റ്സ്മാന്‍. ഒരു ബ്രേക്കിന് ശേഷം ടീമിൽ തിരികെ എത്തിയ അദ്ദേഗഹത്തിന് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പോലും കണ്ടെത്താൻ സാധിച്ചിരുന്നു. പതിയെ ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ താരം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. അവസാനമായി ഒരു മൽസരത്തിന്റെ ഭാഗമാവാൻ പോലും സാധിക്കാതെ സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു യുവരാജിന്റെ വിരമിക്കല്‍ പ്രഖ്യാപനം

ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും എട്ട് വിക്കറ്റും യുവരാജ് സ്വന്തമാക്കിയിട്ടുണ്ട്. 304 ഏകദിന മൽസരങ്ങളിൽ നിന്ന് 8701 റണ്‍സും 111 വിക്കറ്റും നേടിയിട്ടുണ്ട്. 58 ട്വന്റി20 മൽസരങ്ങളിൽ നിന്ന് 2750 റണ്‍സും 28 വിക്കറ്റുമാണ് യുവരാജ് നേടിയത്. 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റും യുവരാജിന്റെ അക്കൗണ്ടിലുണ്ട്.


Next Story

Related Stories