ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഡെക്കാന്‍ ചാര്‍ജേഴ്സിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഡെക്കണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിംഗ് ലിമിറ്റഡിന് (ഡിസിഎച്ച്എല്‍) ബിസിസിഐ 4,800 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സി.കെ താക്കര്‍.
2012ല്‍ ഐപിഎല്ലില്‍ നിന്ന് ഡെക്കാന്‍ ചാര്‍ജേഴ്സിനെ അകാരണമായി സസ്പെന്‍ഡ് ചെയ്തതിനുള്ള നഷ്ടപരിഹാരമായാണ് വന്‍ തുക നല്കാന് ബോംബെ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സി കെ തക്കര്‍ ഉത്തരവിട്ടത്. നഷ്ടപരിഹാര തുക ഈ വര്‍ഷം സെപ്തംബറിന് ഉള്ളില്‍ നല്‍കണം. ബി.സി.സി.ഐ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോള്‍ അവര്‍ക്ക് അനുകൂലമായ വിധിയായി വന്നിരിക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ കരാര്‍ അവസാനിപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് ആര്‍ബിട്രേറ്റര്‍ വിധിക്കുകയായിരുന്നു. 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ടീമിന്റെ പ്രമോട്ടര്‍മാരായ ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി ആര്‍ബിട്രേറ്ററെ നിയമിച്ചത്.
ഡെക്കാന്‍ ചാര്‍ജേഴ്സ് ടീം പ്രമോട്ടര്‍മാരുടെ സാമ്പത്തിക പ്രതിസന്ധികളെ ചൂണ്ടിയാണ് ബിസിസിഐ ഫ്രാഞ്ചൈസിയെ ടൂര്‍ണമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഡെക്കാന്‍ ചാര്‍ജേഴ്സിന് പകരം സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലിലേക്ക് എത്തുകയും ചെയ്തു. ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബിസിസിഐ സംശയം ഉന്നയിച്ചതോടെ 100 കോടി രൂപ ഗ്യാരന്റിയായി 10 ദിവസത്തിനുള്ളില്‍ കെട്ടി വെക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കളിക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ഡെക്കന്‍ ചാര്‍ജേഴ്സിന് ഇല്ലെന്നാണ് ബിസിസിഐ കോടതിയില്‍ നിലപാടെടുത്തത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന 8 ടീമുകളില്‍ ഒന്നായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്സ്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് ഐ.പി.എല്‍ കിരീടവും നേടിയിട്ടുണ്ട്. നേരത്തെ 2017ലും ഇത്തരത്തിലുള്ള ഒരു കേസില്‍ കൊച്ചി ടസ്കേഴ്സിനെതിരെ ബി.സി.സി.ഐ പരാജയപ്പെട്ടിരുന്നു.