കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ശ്രീലങ്കയില്‍ നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ബിസിസിഐ. ഐപിഎല്ലിന് വേദിയൊരുക്കാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ അടച്ചുപൂട്ടി കൊവിഡിനെതിരായ പോരാട്ടത്തില്‍ മുഴുകുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നിലവില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകള് ഒന്നും കിട്ടിയില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
നേരത്തെ മാര്‍ച്ച് 29ന് തുടങ്ങേണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ 15ലേക്കും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ നീട്ടിയതോടെ അനിശ്ചിതമായും ഐ.പി.എല്‍ നീട്ടിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യയേക്കാള്‍ വേഗത്തില്‍ ശ്രീലങ്കയില്‍ കൊറോണ വൈറസ് പടരുന്നത് തടയാനാവുമെന്നും അത് കൊണ്ട് ശ്രീലങ്കയില്‍ വെച്ച് ഐ.പി.എല്‍ നടത്താമെന്ന നിര്‍ദേശവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഷമ്മി സില്‍വ രംഗത്തെത്തിയത്.
ശ്രീലങ്കയില്‍ ഐപിഎല്‍ നടത്താന്‍ തയാറായാലും ആകെ മൂന്ന് വേദികളിലായി മത്സരങ്ങള്‍ പരിമിതപ്പെടുത്തേണ്ടിവരും. ഗോള്‍, കാന്‍ഡി, പ്രേമദാസ സ്റ്റേഡിയങ്ങളില്‍ മാത്രമെ മത്സരം സാധ്യമാവു. രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയുടെ നിര്‍ദേശം നടപ്പാകാനുള്ള സാധ്യത അതിവദൂരമാണ്. മാര്‍ച്ച് 29ന് തുടങ്ങി മെയ് 24നായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണ്.എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചത്.