TopTop
Begin typing your search above and press return to search.

പാക്ക് താരങ്ങളില്ല; ലോക ഇലവനെ നേരിടാന്‍ ഏഷ്യന്‍ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍

പാക്ക് താരങ്ങളില്ല; ലോക ഇലവനെ നേരിടാന്‍ ഏഷ്യന്‍ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍

ലോക ഇലവനും ഏഷ്യ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് നാല് പേര്‍ കളിക്കും. ബംഗ്ലാദേശില്‍ ലോക ഇലവനെതിരെ നടക്കുന്ന ട്വന്റി 20 സൗഹൃദ മത്സരത്തിനുള്ള ഏഷ്യന്‍ ടീമില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, പേസര്‍ മുഹമ്മദ് ഷമി, ഓപ്പണര്‍ ശിഖര്‍ ധവാന്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഉള്‍പ്പെട്ടത്. ലോക ഇലവന് എതിരായ മത്സരത്തില്‍ ഏഷ്യന്‍ ടീമിലേക്ക് നാല് ഇന്ത്യന്‍ താരങ്ങളെ ലഭ്യമാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. അതേസമയം പരിക്കും മറ്റും കാരണം പ്രധാന ഉപനായകന്‍ രോഹിത് ശര്‍മയെ ഇന്ത്യ പരിഗണിച്ചില്ല.

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ 100ാം ജന്‍മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ധാക്കയിലെ ഷേര്‍ - ഇ - ബംഗ്ല സ്റ്റേഡിയത്തില്‍ മാര്‍ച്ച് 18,21 ദിവസങ്ങളിലായിട്ടായിരിക്കും ടി20 മത്സരം നടത്തുക. ഏഷ്യ ഇലവന്റെ ഭാഗമായി പാകിസ്ഥാന്‍ താരങ്ങള്‍ കളിക്കില്ല. ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാല്‍ തന്നെ പാക് താരങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ താരങ്ങളെ അയക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ പാക് താരങ്ങള്‍ ആരും തന്നെ ഉണ്ടാവില്ലെന്ന് ബിസിബി വ്യക്തമാക്കി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി തിരക്കിലായതിനാലാണ് പാക് താരങ്ങള്‍ കളിക്കാത്തതെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ ലോക ഇലവനിലും ഏഷ്യന്‍ ഇലവനിലും മികച്ച താരങ്ങളെ അണിനിരത്തുമെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 1920 മാര്‍ച്ച് 17ന് ജനിച്ച ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്‍മദിനം എല്ലാ വര്‍ഷവും ദേശീയ അവധിയായി ബംഗ്ലാദേശ് ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടാതെ മറ്റ് നിരവധി ആഘോഷങ്ങളും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്‍മദിനാഘോഷത്തോട് അനുബന്ധിച്ച് ബംഗ്ലാദേശില്‍ നടക്കും.


Next Story

Related Stories