കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നതിനിടെ പ്രതിരോധ നടപടികളുടെ ഭാഗമായി ബിസിസിഐ ആസ്ഥാനം അടച്ച് പൂട്ടി. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ബിസിസിഐയുടെ ആസ്ഥാനം അടച്ച് പൂട്ടിയ ശേഷം ജീവനക്കാരോട് ഇനിയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദേശം.
അതേസമയം ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ അധികൃതര്‍ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. നേരത്തെ കൊറോണ ബാധയെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബിസിസിഐ ഉപേക്ഷിച്ചിരുന്നു. ശേഷം ഐപിഎല്‍ ഉള്‍പ്പെടെ മറ്റ് ആഭ്യന്തര മത്സരങ്ങളും അധികൃതര്‍ മാറ്റിവെച്ചിരുന്നു.
ആഗോള തലത്തില്‍ കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് 6000ല്‍ അധികം പേരാണ് മരിച്ചത്. 1,60000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.