TopTop
Begin typing your search above and press return to search.

പ്രതിരോധക്കരുത്ത് കൂട്ടി; സ്പാനിഷ് പ്രതിരോധ താരം ടിരി ബ്ലാസ്റ്റേഴ്സിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടി; സ്പാനിഷ് പ്രതിരോധ താരം ടിരി ബ്ലാസ്റ്റേഴ്സിലേക്ക്

ജംഷഡ്പൂരിന്റെ സ്പാനിഷ് പ്രതിരോധ താരം ടിരിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്. അത്ലറ്റിക് മാഡ്രിഡ് ബി ടീം താരമായിരുന്ന ടിരി 2015ലാണ് ഐ.എസ്.എല്ലിലെത്തുന്നത്. പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കം. അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്ന പ്രതിരോധം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന ആയിരുന്നു. സീസണില്‍ ഇതുവരെ 25 ഗോളുകള്‍ അടിച്ച ബ്ലാസ്റ്റേഴ്സ് 28 ഗോളുകള്‍ വഴങ്ങിയിരുന്നു. പ്രധാന പ്രതിരോധ താരങ്ങള്‍ക്കേറ്റ പരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങള്‍ രൂക്ഷമാക്കി.

അതേസമയം ടിരിയുടെ കരാര്‍ കാലാവധിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ജംഷഡ്പൂരുമായുള്ള ടിരിയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും. ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിനിടെ ഗോള്‍ കീപ്പര്‍ സുബ്രതാ പാലുമായി കൂട്ടിയിടിച്ച് പരുക്ക് പറ്റിയ ടിരി നിലവില്‍ വിശ്രമത്തിലാണ്. നേരത്തെ രണ്ട് ഗോള്‍ കീപ്പര്‍മാരെയും ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിനു മുന്നോടിയായി ടീമിലെത്തിച്ചിരുന്നു. ഈ സീസണില്‍ ദുര്‍ബലമായ പ്രതിരോധ നിരയുമായി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

ഐഎസ്എലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളാണ് ഹോസെ ലൂയിസ് എസ്പിനോസ അറോയോ എന്ന ടിരി. സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് ബി ടീമിനു വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള ടിരി എടികെയിലൂടെയാണ് ഇന്ത്യയില്‍ എത്തുന്നത്. 2015-16 സീസണുകളില്‍ എടികെയില്‍ കളിച്ച അദ്ദേഹം 2017 സീസണില്‍ ജംഷഡ്പൂരിലെത്തി. ജംഷഡ്പൂരിനു വേണ്ടി 46 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 3 ഗോളുകളും നേടി. സീസണ്‍ തുടങ്ങും മുന്‍പ് തന്നെ സന്ദേശ് ജിങ്കന് പരുക്ക് പറ്റിയത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി. മുംബൈ സിറ്റിയില്‍ നിന്ന് ടീമിലെത്തിച്ച ജിയാനി സുയിവെര്‍ലൂണും ജൈറോ റോഡ്രിഗസും പരുക്കേറ്റ് പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തിരിച്ചടിയായി. അടുത്ത സീസണില്‍ മികച്ച താരങ്ങളെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്.

Next Story

Related Stories