ഫുട്ബോള്‍ ലോകത്തിന് മാതൃകയായി വനിതാ -പുരുഷ ഫുട്ബോള്‍ ടീമുകള്‍ക്ക് തുല്യ പ്രതിഫലം നല്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ബ്രസീലും. ഇനി മുതല്‍ ബ്രസീലിലെ വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് പുരുഷ താരങ്ങളുടെ അതേ വേതനം ലഭിക്കും. തുല്ല്യ വേതനം മാത്രമല്ല, ഇരുടീമുകള്‍ക്കും ഒരേ സൗകര്യവും ഒരേ സമ്മാനങ്ങളും ഉറപ്പാക്കുമെന്നും ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി.
പുരുഷന്മാരും വനിതാ ഫുട്ബോളും തമ്മിലുള്ള സമ്മാനത്തുകയും അലവന്‍സും സിബിഎഫ് തുല്യമാക്കിയിട്ടുണ്ട്, അതിനര്‍ത്ഥം വനിതാ താരങ്ങളെ പുരുഷതാരങ്ങളെ മപാലെ തന്നെ പരിഗണിക്കുമെന്നും ഫെഡറേഷന് പ്രസിഡന്റ് റോജീരിയോ കാബോക്ലോ പറഞ്ഞു. ഇതോടെ നെയ്മറിനും ഗബ്രിയേല്‍ ജീസസിനും റോബര്‍ട്ടോ ഫിര്മിനോയ്ക്കുമെല്ലാം ലഭിക്കുന്ന അതേ വേതനം ബ്രസീലിലെ വനിതാ താരങ്ങളായ മാര്‍ത്തയ്ക്കും ഫോര്മിഗയ്ക്കും ലെറ്റിസിയ സാന്റോസിനും ലഭിക്കും. മത്സരചിത്രങ്ങള്‍ക്ക് തുല്ല്യമായ കോപിറൈറ്റ് അവകാശം നല്‍കും. ടീമിന്റെ യാത്രയും ഹോട്ടല്‍ റൂം സൗകര്യവുമെല്ലാം ഒരുപോലെ ആയിരിക്കും.കഴിഞ്ഞ മാര്‍ച്ച മുതല്‍ തുല്ല്യവേതനം നിലവില്‍ വന്നുവെന്നും ഫെഡറേഷന് പ്രസിഡന്റ് റൊസേരിയോ കബൊക്ലൊ വ്യക്തമാക്കി.
അടുത്ത വര്‍ഷം ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കും അടുത്ത ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്കും ഇത് ബാധകമാകും. കാബോക്ലോ പറഞ്ഞു. 'ഫിഫ സ്ത്രീകള്‍ക്കായി നിര്‍ദ്ദേശിക്കുന്നതിനു ആനുപാതികമായിട്ടായിരിക്കും ഇത്, അതായത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള പ്രതിഫലത്തില്‍ ലിംഗ വ്യത്യാസമില്ല'. അദ്ദേഹം പറഞ്ഞു. ഫുട്ബോള്‍ ഫെഡറേഷന്റെ വരുമാനത്തില്‍ നിന്നാണ് ഇരുടീമുകള്‍ക്കും വേതനം പങ്കിട്ടുനല്‍കുക. നേരത്തെ ന്യൂസീലന്‍ഡ്, നോര്‍വേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ദേശീയ ടീമുകള്‍ക്ക് തുല്ല്യവേതനം നടപ്പിലാക്കിയിരുന്നു.