TopTop
Begin typing your search above and press return to search.

മുംബൈ ഇന്ത്യന്‍സിലെ മിന്നും താരം; ധോണിക്ക് പകരക്കാരനാകാന്‍ ഇഷാന്‍ കിഷന് കഴിയുമോ?

മുംബൈ ഇന്ത്യന്‍സിലെ മിന്നും താരം; ധോണിക്ക് പകരക്കാരനാകാന്‍  ഇഷാന്‍ കിഷന് കഴിയുമോ?

ധോണിക്ക് ശേഷം ജാര്‍ഖണ്ഡില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയാണ് 22 കാരനായ ഇഷാന്‍ കിഷന്‍. ധോണിയെ പോലെ തന്നെ വിക്കറ്റ് കീപ്പിംഗിന് പുറമെ ബാറ്റിംഗിലും മികവുളള താരമാണ് ഇഷാന്‍. ഈ സീസണ്‍ ഐപിഎല്ലിലെ മികച്ച പ്രകടനം താരത്തിന് ദേശീയ ടീമിലേക്കുള്ള ദൂരം എളുപ്പമാക്കിയേക്കും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈക്കായി പുറത്തെടുത്ത ( 58 പന്തില്‍ 99 റണ്‍സ് ) വെടിക്കെട്ടു പ്രകടനത്തോടെ യുവ കളിക്കാരുടെ 'എലൈറ്റ് ക്ലബില്‍ ഇഷാന്‍ കിഷന്‍ ഇരിപ്പിടം ഉറപ്പിച്ചു. സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഓപ്പണറായി ഇറങ്ങി മൂന്നു മത്സരങ്ങളില്‍ നിന്ന് 158 റണ്‍സ് സ്‌കോര്‍ ചെയ്ത് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് താരം.

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ 2016 ലോകകപ്പിന്റെ ഫൈനലിലേക്ക് നയിച്ച താരത്തിന് ധോണിയെ പോലെ തന്നെ നായക മികവുണ്ട്. ടൂര്‍ണമെന്റില്‍ ബാറ്റിംഗില്‍ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത രഞ്ജി ട്രോഫി സീസണില്‍ 799 റണ്‍സ് നേടി തിളങ്ങി. ഈ സീസണില്‍ തന്നെയാണ് കരിയറിലെ എറ്റവും മികച്ച സ്‌കോറിലേക്ക് താരം എത്തിയതും. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 273 റണ്‍സ് നേടിയ കിഷന്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഒരു താരം നേടുന്ന ഏറ്റവും മികച്ച സ്‌കോറെന്ന നേട്ടത്തിലും എത്തി. 2014 ഡിസംബറിലാണ് ജാര്‍ഖണ്ഡിനായി കിഷന്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ രഞ്ജി സീസണില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും നേടി താരം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ താരത്തിന് ദേശീയ ടീമിലേക്കുള്ള വഴി എളുപ്പമാക്കുകയാണ്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും ധോണി വിരമിക്കല്‍ അറിയിച്ചതോടെ സീനിയര്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളുടെ പട്ടികയില്‍ കിഷനും ഉണ്ട്. എന്നാല്‍ ഈ സ്ഥാനത്തേക്ക് റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ മത്സര രംഗത്തുള്ളതിനാല്‍ ടീം ഇന്ത്യയില്‍ സ്ഥാനം ഉറപ്പിക്കുന്നത് കിഷനെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതാണ്. 2017 ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്ന കിഷന്‍ 11 മത്സരങ്ങളില്‍ നിന്ന് 277 റണ്‍സ് സ്‌കോര്‍ ചെയ്തു മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അന്ന് 35 ലക്ഷം വില ഉണ്ടായിരുന്ന താരത്തെ 2018 ല്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഈ സീസണില്‍ 6.2 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ നിലനിര്‍ത്തിയത്. 2018 സീസണില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും കിഷന്റെ വലിയ ഹിറ്റിംഗ് ശേഷിയും വിചിത്രമായ ഫ്‌ലാഷുകളും പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ 2019 സീണില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. അന്ന് താരത്തിന് നേടാനായത് 101 റണ്‍സായിരുന്നു. എന്നാല്‍ ഈ സീസണിലേക്ക് എത്തുമ്പോള്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് മാത്രം 158 റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പത്താം സ്ഥാനത്തുള്ള താരത്തില്‍ നിന്ന് സീസണില്‍ ഇനിയും മികച്ച പ്രകടനങ്ങള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 99 റണ്‍സ് നേടിയാണ് താരം തന്റെ ഐപിഎല്ലിലെ മികച്ച സ്‌കോര്‍ തിരുത്തി കുറിച്ചത്.

1998 ജൂലൈ 18 ന് ബീഹാറിലെ പാട്‌നയില്‍ പ്രണവ് കുമാര്‍ പാണ്ഡെ, സുചിത്ര സിംഗ് എന്നിവരുടെ മകനായി ഇഷാന്‍ കിഷന്‍ ജനിച്ചു. കിഷന്റെ പിതാവ് പ്രണവ് കുമാര്‍ പാണ്ഡെ ഒരു ബില്‍ഡറായിരുന്നു. ക്രിക്കറ്റിലെത്തിക്കാന്‍ താരത്തെ സഹോദരന്‍ രാജ് കിഷനാണ് പിന്തുണച്ചത്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും തമ്മിലുള്ള രജിസ്‌ട്രേഷന്‍ പ്രശ്നം കാരണം, ഇഷാന്‍ അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

.


Next Story

Related Stories