ഐപിഎല്ലിന്റെ ആദ്യ സീസണ് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനാണ് ധോണി. മൂന്ന് തവണ ചെന്നൈയെ ഐപിഎല്ലില്‍ ചാമ്പ്യന്മാരാക്കി ധോണി. എല്ലാ സീസണിലും ടീമിനെ ആദ്യ നാലില്‍ എത്തിക്കാനും ധോണിക്ക് കഴിഞ്ഞു. ഇപ്പോള്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയുടെ സ്ഥാനം എന്തായിരിക്കും. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ധോണി ചെന്നൈ ടീമിന്റെ ബോസ് ആയിരിക്കുമെന്ന് കാശി വിശ്വനാഥന് പറഞ്ഞു.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ധോണിക്ക് ചെന്നൈയില്‍ സ്ഥിരം സ്ഥാനമുണ്ടാകും. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബോസ് എന്ന നിലയിലായിരിക്കും അത്-സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഷോയില്‍ പങ്കെടുത്ത് കാശി വിശ്വനാഥന് പറഞ്ഞു. അടുത്ത രണ്ട് സീസണില്‍ ധോണി ചെന്നൈക്ക് വേണ്ടി കളിക്കുമെന്ന് ഉറപ്പാണ്. അതിന് ശേഷം എന്താവും എന്നതിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ ഇപ്പോള്‍ സൂചന നല്‍കുന്നത്. ചെന്നൈ ടീം ഉടമ എന്‍ ശ്രീനിവാസനുമായുള്ള ധോണിയുടെ അടുത്ത ബന്ധം ഉള്‍പ്പെടെ നോക്കുമ്പോള്‍ ഇന്ത്യന്‍ മുന്‍ നായകന് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അവിഭാജ്യ ഘടകമായി വരും വര്‍ഷങ്ങളിലും തുടരുമെന്നും ഉറപ്പാണ്.
എങ്ങനെയാണ് ധോണി ടീമിന്റെ 'തല' ആയതെന്നും കാശി വിശ്വനാഥന് വിശദീകരിക്കുന്നുണ്ട്. ഒരുകാര്യമെ എനിക്കറിയൂ, ടീമില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. ടീമിലെ ഓരോ അംഗത്തില്‍ നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം ധോണി ഉറപ്പുവരുത്തും. അതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ തലയെന്ന് വിളിക്കുന്നത്-കാശി വിശ്വനാഥന് പറഞ്ഞു.