TopTop
Begin typing your search above and press return to search.

ഏഴു വര്‍ഷത്തെ മിന്നുന്ന ഫുട്ബോള്‍ ജീവിതം ഉപേക്ഷിച്ചു രഞ്ജി ട്രോഫിയില്‍ ക്യാപ്റ്റന്‍ പദവി അലങ്കരിച്ച ആ താരം ആരാണ്?

ഏഴു വര്‍ഷത്തെ മിന്നുന്ന ഫുട്ബോള്‍ ജീവിതം ഉപേക്ഷിച്ചു രഞ്ജി ട്രോഫിയില്‍ ക്യാപ്റ്റന്‍ പദവി അലങ്കരിച്ച ആ താരം ആരാണ്?

തന്റെ ജീവിത യാത്രയില്‍ നിരവധി പേരുടെ മനസില്‍ ഇടം പിടിച്ച വ്യക്തി ആയിരുന്നു അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി. ഫുട്‌ബോള്‍ താരമെന്നതിലുപരി ദേശീയ ക്രിക്കറ്റ് താരം, പ്രാദേശിക ക്ലബ്ബുകളിലെ ടെന്നീസ്, ഹോക്കി താരം, എന്നി മേഖലയിലും അദ്ദേഹം പ്രതിഭ തെളിയിച്ചു. ഒടുവില്‍ ബംഗാളി സിനിമയിലും അഭിനയിച്ച് കൊല്‍ക്കത്തയിലെ ഷെരീഫായി മാറിയ ചുനി ഗോസ്വാമി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെയും ബംഗാള്‍ ക്രിക്കറ്റ് ടീമിനെയും നയിച്ച അപൂര്‍വ റെക്കോര്‍ഡുള്ള ഇതിഹാസ താരമാണ് ചുനി ഗോസ്വാമി. ജീവിതത്തിന്റെ വിവിധ മേഖലകളിലെ ശ്രദ്ധേയമായ കഴിവുകള്‍ ഉണ്ടായിരുന്നിട്ടും സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം മറ്റെല്ലാറ്റിനേക്കാളും മുന്നിലായിരുന്നു.

1957 ലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം നടത്തുന്നത്. 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് ചുനി ഗോസ്വാമിയായിരുന്നു. 1963ല്‍ അര്‍ജുന അവാര്‍ഡും 1983ല്‍ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന്റെ 82ാം ജന്മദിനത്തില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ചുനി ഗോസ്വാമി 1956-1964 കാലഘട്ടത്തില്‍ ഇന്ത്യയ്ക്കായി 50 മത്സരങ്ങള്‍ കളിച്ചു. 1962ലെ ഏഷ്യന്‍ കപ്പ് സ്വര്‍ണത്തിനു പുറമെ 1964ല്‍ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോഴും ചുനി ഗോസ്വാമിയായിരുന്നു ഇന്ത്യന്‍ നായകന്‍. 1960ലെ റോം ഒളിംപിക്‌സിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ക്ലബ് തലത്തില്‍ എക്കാലവും മോഹന്‍ ബഗാന്റെ താരമായിരുന്നു. 1960 മുതല്‍ 1964 വരെ മോഹന്‍ ബഗാന്റെ നായകനുമായി. 2005ല്‍ മോഹന്‍ ബഗാന്‍ രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു.

തന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ ഏഴാം വര്‍ഷം ഇരുപത്തേഴാം വയസില്‍ ചുനി ഗോസ്വാമി രാജ്യാന്തര ഫുട്ബോള്‍ അവസാനിപ്പിച്ചു. പിന്നീട് ക്രിക്കറ്റിലേക്കുള്ള ചുവട് മാറ്റമായിരുന്നു അദ്ദേഹം നടത്തിയത്. 1966 ല്‍ ഗാരി സോബേഴ്സിന്റെ വെസ്റ്റിന്‍ഡീസിനെ നേരിട്ട സെന്‍ട്രല്‍-ഈസ്റ്റ് സോണ്‍ ടീമില്‍ ചുനി ഗോസ്വാമി കളിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ എട്ട് വിക്കറ്റും വീഴ്ത്തി. 1971-72 ല്‍ ബംഗാള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. ആ സീസണില്‍ ബംഗാള്‍ ഫൈനല്‍ കളിച്ചു. ബ്രാബണ്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ കരുത്തരായ ബോംബെയോടു തോറ്റില്ലായിരുന്നെങ്കില്‍ രഞ്ജി ട്രോഫി കിരീടം നേടിയ ക്യാപ്റ്റന്‍ എന്നും ചരിത്രം ചുനി ഗോസ്വാമിയെ അടയാളപ്പെടുത്തുമായിരുന്നു.

വൈവിധ്യമാര്‍ന്ന കായികതാരം ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരിക്കാം, ഒരുപക്ഷേ അക്കാലത്ത് ഏഷ്യയിലും ആയിരിക്കാം, എന്നാല്‍ ഏറ്റവും മികച്ചത് ചെയ്യുന്നതിന് അദ്ദേഹത്തിന് ഒരിക്കലും പ്രതിഫലം ലഭിച്ചിരുന്നില്ല. മോഹന്‍ ബഗാനുമായുള്ള 14 വര്‍ഷത്തെ കരാറില്‍ അദ്ദേഹത്തിന് ഒരിക്കലും ശമ്പളം ലഭിച്ചില്ല. കരിയറില്‍ പിന്നീട് ക്ലബ് അദ്ദേഹത്തിന് ഒരു തുക വാഗ്ദാനം ചെയ്തപ്പോഴും അദ്ദേഹം വിസമ്മതിച്ചു.

1965 ല്‍ മുംബൈയില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോസ്വാമിയുടെ തീരുമാനം മാറ്റാന്‍ അദ്ദേഹത്തെ രണ്ട് ആരാധകര്‍ അദ്ദേഹത്തെ സമീപിച്ചു. ബോളിവുഡ് താരങ്ങളായ ദിലീപ് കുമാര്‍, പ്രാണ്‍ എന്നിവരായിരുന്നു ആ രണ്ടുപേര്‍.

Next Story

Related Stories