TopTop
Begin typing your search above and press return to search.

കപിലിന്റെ റെക്കോര്‍ഡ് നേട്ടത്തെ അഭിനന്ദിച്ചു, പിന്നെ നടന്നത് വിരമിക്കല്‍ ചര്‍ച്ച; മുന്‍ ഇന്ത്യന്‍ സെലക്ടറുടെ വെളിപ്പെടുത്തല്‍

കപിലിന്റെ റെക്കോര്‍ഡ് നേട്ടത്തെ അഭിനന്ദിച്ചു, പിന്നെ നടന്നത് വിരമിക്കല്‍ ചര്‍ച്ച; മുന്‍ ഇന്ത്യന്‍ സെലക്ടറുടെ വെളിപ്പെടുത്തല്‍

ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ കപില്‍ ദേവ്. 1983 ല്‍ ഇന്ത്യ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ലോകകപ്പ് നേടിയപ്പോള്‍ കപിലായിരുന്നു ഇന്ത്യന്‍ നായകന്‍. എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടു. 1994 ല്‍ ശ്രീലങ്കയ്ക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തില്‍ കപില്‍ ദേവ് തന്റെ 432-ാം വിക്കറ്റ് വീഴ്ത്തി. ഹസന്‍ തില്ലകരത്നെ പുറത്താക്കിയതോടെ ന്യൂസിലാന്റിലെ മഹാനായ റിച്ചാര്‍ഡ് ഹാഡ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ലോക റെക്കോര്‍ഡിനെ മറികടന്നു, ഇപ്പോള്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഈ റെക്കോര്‍ഡിനുടമ.

എന്നാല്‍ അന്ന് കപിലിന് അഭിന്ദനം അറിയിക്കാനെത്തിയ മുന്‍ സെലക്ടര്‍ അന്‍ഷുമാന്‍ ഗെയ്ക്വാദ് അദ്ദേഹത്തോട് ചോദിച്ചത് എന്ന് വിരമിക്കും എന്നായിരുന്നു. സ്പോര്‍ട്സ്‌കീഡയുടെ ഫേസ്ബുക്ക് ലൈവ് അഭിമുഖത്തില്‍ ആ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് അന്‍ഷുമാന്‍ ഗെയ്ക്വാദ്.

ആ സമയത്ത് കപില്‍ അത്ര ഫോമിലായിരുന്നില്ല. ഹാഡ്ലിയുടെ റെക്കോഡ് മറികടന്ന ശേഷം അന്‍ഷുമാന്‍ ഗെയ്ക്വാദും ഇന്ത്യന്‍ താരം ഗുണ്ടപ്പ വിശ്വനാഥും കപിലിനെ കാണാന്‍ ചെന്നു. അദ്ദേഹത്തിന്റെ വിരമിക്കല്‍ പദ്ധതിയെ കുറിച്ച് സംസാരിക്കാനായിരുന്നു ഇത്.

സെലക്ടര്‍മാരുടെയും കോച്ചിംഗ് സ്റ്റാഫുകളുടെയും ബിസിസിഐയുടെ പ്രായ നിയന്ത്രണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഗെയ്ക്വാദ് ഒരു ഫേസ്ബുക്ക് ലൈവ് അഭിമുഖത്തില്‍ സ്‌പോര്‍ട്‌സ്‌കീഡയോട് പറഞ്ഞു: ''ഇത് ഇന്ത്യയ്ക്കായി കളിക്കുന്ന ഏതൊരു കളിക്കാരനെയും പോലെയാണ്. അത് കപില്‍ ദേവ്, അനില്‍ കുംബ്ലെ, അല്ലെങ്കില്‍ സച്ചിന്‍, ആരെങ്കിലും ആകട്ടെ, നിങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ നിങ്ങളുടെ ജോലി എന്താണോ അത് ചെയ്യണം. ഒരു ബാധ്യതയായി മാറരുത്. അങ്ങനെയായാല്‍ നിങ്ങള്‍ക്കിവിടെ സ്ഥാനമില്ല.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994 ല്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിനുശേഷം കപില്‍ ദേവുമായുള്ള സംഭാഷണം അദ്ദേഹം ഓര്‍മിച്ചു. ''അഹമ്മദാബാദിലെ റിച്ചാര്‍ഡ് ഹാഡ്ലിയുടെ റെക്കോര്‍ഡ് കപില്‍ തകര്‍ത്തപ്പോള്‍, അദ്ദേഹത്തിന് ടീമില്‍ തുടരാന്‍ ഞങ്ങള്‍ സമയം നല്‍കിയിരുന്നു. പതുക്കെയാണ് ഞങ്ങള്‍ ആ തീരുമാനത്തിലേക്കെത്തിയത്. ഞാനും വിഷിയും (ഗുണ്ടപ്പ വിശ്വനാഥ്) അദ്ദേഹത്തോടെ സംസാരിക്കാന്‍ ചെന്നു. റെക്കോഡ് നേട്ടത്തില്‍ ഞങ്ങള്‍ കപിലിന് അഭിനന്ദനം അറിയിച്ചു. വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ആരാഞ്ഞു. കപിലിനോട് അങ്ങനെ ചോദിച്ചതില്‍ ആരും അദ്ഭുതപ്പെട്ടില്ല. കാരണം ഇങ്ങനെയാണ് സംസാരിക്കേണ്ടതത്.'' - അന്‍ഷുമാന്‍ ഗെയ്ക്വാദ് പറഞ്ഞു. ഒരു മാസത്തിനുശേഷം ന്യൂസിലന്‍ഡിനെതിരായ ഹാമില്‍ട്ടണില്‍ കപില്‍ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചത്. ആ വര്‍ഷം അവസാനം 1994 ഒക്ടോബറില്‍, ഇന്ത്യയുടെ 1983 ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍ കളിയുടെ രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

Next Story

Related Stories