TopTop
Begin typing your search above and press return to search.

കോവിഡ് 19 പിടിപെട്ട താരങ്ങളുടെ നിര നീളുന്നു, അടച്ചിട്ട സ്‌റ്റേഡിയങ്ങളിലും മത്സരം വേണ്ട, കായിക മേഖല നിശ്ചലം

കോവിഡ് 19 പിടിപെട്ട താരങ്ങളുടെ നിര നീളുന്നു, അടച്ചിട്ട സ്‌റ്റേഡിയങ്ങളിലും മത്സരം വേണ്ട, കായിക മേഖല നിശ്ചലം

കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കായിക മേഖല നിശ്ചലമാകുകയാണ്. വൈറസ് കായിക താരങ്ങളെയും ബാധിച്ചതോടെ കാണികളില്ലാതെ മത്സരങ്ങള്‍ നടത്താമെന്ന തീരുമാനവും അധികൃതര്‍ ഉപേക്ഷിക്കുകയാണ്. ഫുട്‌ബോള്‍ ലോകത്ത് ഇംഗ്ലണ്ടിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വക്കാനാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി. ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടീം ഉടമകളുടെ അടിയന്തരയോഗം ചേര്‍ന്നാണ് ഏപ്രില്‍ മൂന്നുവരെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്സ് പറഞ്ഞു.

ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ് എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവെക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയത്.

ജര്‍മ്മനിയില്‍ ഏപ്രില്‍ 2 വരെ എല്ലാ മത്സരങ്ങളും സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രീമിയര്‍ ഡിവിഷനായ ബുണ്ടസ് ലീഗയും സെക്കന്റ് ഡിവിഷനും അടക്കം എല്ലാ മത്സരങ്ങളും മാറ്റിവെച്ചു. ബുണ്ടസ് ലീഗയില്‍ ഈ ആഴ്ച്ചയില്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് ആരാധകരില്‍ നിന്നും മറ്റും ജര്‍മ്മനിയില്‍ നിന്നുമുയര്‍ന്നത്.

ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും അവസ്ഥ ഇങ്ങനെ ആയ സ്ഥിതിക്ക് പ്രീമിയര്‍ ലീഗ് ഇനി പുനരാരംഭിച്ച് തീര്‍ക്കുക സാധ്യമല്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കൊറോണ നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വന്നേക്കും. ഇപ്പോള്‍ രണ്ടാഴ്ചത്തേക്കാണ് പ്രീമിയര്‍ ലീഗ് റദ്ദാക്കിയിരിക്കുന്നത് എങ്കിലും അത് ഇനിയും നീണ്ടേക്കും. കൊറോണ ഭീതി ഒഴിഞ്ഞാല്‍ മാത്രമെ യൂറോപ്പിലാകെ ഇനി ഫുട്‌ബോള്‍ നടക്കാന്‍ സാധ്യതയുള്ളൂ. അതേസമയം ഇറ്റലിയില്‍ സീരി എ കൊറോണ കാരണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പ്ലേ ഓഫ് നടത്തി ഇറ്റലിയിലെ ചാമ്പ്യന്മാരെ കണ്ടെത്താം എന്ന ആശയം ഇറ്റാലിയന്‍ ക്ലബുകള്‍ തള്ളി. ഇറ്റലിയില്‍ ഫുട്‌ബോള്‍ കലണ്ടര്‍ ആകെ തകിടം മറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഒരു മാസത്തിലധികം കാലം ലീഗ് റദ്ദാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒരുമാസം കഴിഞ്ഞ് കളി നടത്തിയാല്‍ ഫിക്‌സ്ചര്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് അധികൃതര്‍ പറയുന്നു. യുവന്റസ് ക്ലബും റയല്‍ മാഡ്രിഡ് ക്ലബും ഇപ്പോള്‍ കൊറോണ കാരണം നിരീക്ഷണത്തിലാണ്. യുവന്റസില്‍ പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റയല്‍ മാഡ്രിഡ് ക്ലബില്‍ അവരുടെ ബാസ്‌കറ്റ്ബോള്‍ താരത്തിനാണ് വൈറസ് സ്ഥിതീകരിച്ചത്. ഇത് കാരണം റയല്‍ മാഡ്രിഡ് പരിശീലനം ഉള്‍പ്പെടെ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്കും ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ് 19 എന്ന് സ്ഥിരീകരിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസുലേഷനിലാണ്. ടീമിന്റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു.ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും കര്‍ശന നിരീക്ഷണത്തിലാണ്.

കൊറോണ ഭീതിയില്‍ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും ഉപേക്ഷിക്കാനാണ് ലാ ലിഗ ഭരണസമിതിയുടെ തീരുമാനം. സ്‌പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളിലെ മത്സരം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം വന്നിരുന്നു.ഫ്രാന്‍സില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഇന്ത്യയില്‍ കൊറോയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിലായത്തില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് റദ്ദാക്കിയതായി അറിയിച്ചു.ഐപിഎല്‍ മാറ്റിവെച്ചു.മാര്‍ച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15 ന് ആരംഭിക്കാനാണ് ബിസിസിഐ തീരുമാനം. ഇതിനിടെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഐ എസ് എല്‍ ഫൈനലും കാണികള്‍ ഇല്ലാതെ കൊച്ചിയില്‍ നടത്തും.

കൊറോണതെ തുടര്‍ന്ന് ശ്രീലങ്കയ്ക്കെതിരായ പരമ്പര മാറ്റിവച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നാട്ടിലേക്ക് മടങ്ങുകയാണ്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഇപ്പോള്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്താന്‍ ഒരുങ്ങുന്നു. ടെന്നീസില്‍ എടിപി ടൂര്‍ ആറ് ആഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. മേജര്‍ ലീഗ് സോക്കര്‍, നാഷണല്‍ ഹോക്കി ലീഗ്, മേജര്‍ ലീഗ് ബേസ്‌ബോള്‍, നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ യുഎസിലെ മറ്റ് നിരവധി കായിക വിനോദങ്ങള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ബോസ്റ്റണ്‍ മാരത്തണ്‍ സെപ്റ്റംബറിലേക്ക് മാറ്റി.

ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സ്, ബഹ്റൈന്‍, വിയറ്റ്‌നാം ഗ്രാന്‍ഡ് പ്രിക്‌സ് എന്നിവ മാറ്റി. ഫോര്‍മുല 1 ഉം എഫ്‌ഐഎയും മെയ് അവസാനം യൂറോപ്പില്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം, ഫോര്‍മുല ഇ അതിന്റെ സീസണ്‍ മെയ് വരെ നിര്‍ത്തിവച്ചു, അതായത് പാരീസ്, സിയോള്‍, ജക്കാര്‍ത്ത എന്നിവിടങ്ങളിലെ മല്‍സരങ്ങളെ ഇത് ബാധിക്കുമെന്നും ഉറപ്പായി. ആഗോള തലത്തില്‍ ബോക്‌സിംഗ്, റഗ്ബി, ഹോഴ്‌സ് റേസിംഗ്, ഡാര്‍ടസ്, സൈക്ലിംഗ്, ഗോള്‍ഫ്, എന്ന് വേണ്ട എല്ലാ കായിക ഇനങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായി.


Next Story

Related Stories