TopTop
Begin typing your search above and press return to search.

രാജ്യത്തിനായി നൂറടിച്ച് റൊണാള്‍ഡോ; ലോകഫുട്‌ബോളില്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം,യൂറോപ്പിലെ ആദ്യതാരം

രാജ്യത്തിനായി നൂറടിച്ച് റൊണാള്‍ഡോ; ലോകഫുട്‌ബോളില്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം,യൂറോപ്പിലെ ആദ്യതാരം

ദേശീയ ടീമിനായി നൂറു ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ പുരുഷതാരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്പില്‍ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകള്‍ നേടുന്നത്. സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിലാണ് റൊണാള്‍ഡോ നൂറാം ഗോള്‍ നേടിയത്.

ലോക ഫുട്‌ബോളില്‍ റൊണാള്‍ഡോയ്ക്ക് മുന്നെ നേട്ടം സ്വന്തമാക്കിയത് ഇറാന് വേണ്ടി 109 തവണ ഗോള്‍ നേടിയ അലി ഡെയ്ക്കാണ്. സ്വീഡനെതിരായ മത്സരത്തിന്റെ 45ാം മിനുറ്റിലാണ് റോണോ തന്റെ നൂറാം അന്താരാഷ്ട്ര ഗോള്‍ നേടിയത്. എതിരില്ലാത്ത രണ്ട് ഗോളിന് പോര്‍ച്ചുഗല്‍ സ്വിഡനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ടാംഗോള്‍ നേടിയതും റോണോ ആയിരുന്നു. 72ാം മിനുറ്റില്‍ നേടിയ ആ ഗോളോട് കൂടി റോണോയുടെ കരിയറിലെ ആകെ രാജ്യാന്തര ഗോളുകളുടെ എണ്ണം 101 ആയി.

യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍സ്‌കോറര്‍ ആയ റൊണാള്‍ഡോ 165 മത്സരങ്ങളില്‍ നിന്നാണ് ഈ 100 ഗോള്‍ നോട്ടത്തില്‍ എത്തിയത് . യൂറോപ്പില്‍ ഹംഗറിയുടെ ഇതിഹാസ താരം പുഷ്‌കാസ് നേടിയ 84 ഗോളുകള്‍ ആണ് റൊണാള്‍ഡോക്ക് പിറകില്‍ ഉള്ളത്.

2019 നവംബറില്‍ ലക്‌സംബര്‍ഗിനെതിരെയാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ഇതിനു മുന്‍പ് ഗോള്‍ നേടിയത്. 99ാം ഗോളിന് ശേഷമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ റോണോ തന്റെ നൂറാം ഗോള്‍ നേടി.

ഫ്രീ കിക്കില്‍ നിന്ന് റോണോ തന്റെ കരിയറില്‍ നേടിയ 57-ാമത്തെയും ദേശീയ ടീമിനായുള്ള പത്താമത്തേയും ഗോളാണിത്. കരിയറില്‍ ആറ് അന്താരാഷ്ട്ര ഹാട്രിക്കുകളുള്ള റൊണാള്‍ഡോ ഫിഫ ലോകകപ്പ് ഘട്ടത്തില്‍ ഏഴ് ഗോളുകളും യുവേഫ യൂറോയില്‍ ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് താരവും അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവുമായ റോണോ നിലവില്‍ ഫുട്‌ബോള്‍ രംഗത്തുള്ള താരങ്ങളില്‍ ഗോളുകളുടെ എണ്ണത്തില്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 ഗോളുമായി ഇന്ത്യയുടെ സുനില്‍ ഛേത്രിയും 70 ഗോളുമായി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമാണ് റോണോക്ക് പുറകിലുള്ളത്.


Next Story

Related Stories