ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യ ബില്ല്യനയറായി യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫോര്‍ബ്സ് പുറത്തുവിട്ട പ്രതിഫല കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 105 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോ നേടിയത്. മെസിയെ പിന്നിലാക്കിയാണ് ക്രിസ്റ്റിയാനോയുടെ നേട്ടം.
ബില്യണ്‍ ഡോളര്‍ സമ്പാദ്യത്തിലേക്ക് എത്തുന്ന മൂന്നാമത്തെ കായിക താരമാണ് ക്രിസ്റ്റ്യാനോ. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സും ബോക്സര്‍ ഫ്ലോയ്ഡ് മെയ്വെതറും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. നിലവില്‍ 650 മില്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം. 2022 വരെ യുവന്റുമായുള്ള കരാറിലെ പ്രതിഫലം കൂടി ഇതിനൊപ്പം ചേര്‍ക്കുമ്പോള്‍ 765 മില്യണ്‍ ഡോളറിലേക്ക് ഈ കണക്കുകളെത്തും. പിന്നെയുള്ള 350 മില്യണ്‍ ഡോളര്‍ സ്പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ വഴിയാണ് കണക്കാക്കുന്നത്. ഫോര്‍ബ്സിന്റെ 2020ലെ അതിസമ്പന്നരായ സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ.
പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മെസി. 2005ല്‍ കരിയര്‍ ആരംഭിച്ചതിന് ശേഷം 605 മില്യണ്‍ ഡോളര്‍ വരുമാനമാണ് മെസി നേടിയത്. ബാഴ്സയുമായുള്ള മെസിയുടെ നിലവിലെ കരാര്‍ അവസാനിക്കുമ്പോള്‍ മെസിയും ബില്യണ്‍ ഡോളര്‍ മാര്‍ക്ക് മറികടക്കും. കരിയര്‍ പ്രതിഫലം 450 മില്യണ്‍ ഡോളറുമായി ബേസ്ബോള്‍ താരം അലക്സ് റോഡ്രിഗ്സ് ആണ് മൂന്നാമതുള്ള താരം.