ഐപിഎല്ലില്‍ മുംബൈയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷം ചെന്നൈ നായകന് എംഎസ് ധോണി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ഈ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വര്‍ഷമല്ലെന്നും ടീമിന്റെ മോശം പ്രകടനം തന്നെയും താരങ്ങളെയും ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു. ഈ വര്‍ഷം ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഒഴികെ ബാക്കി മത്സരങ്ങളില്‍ ഒന്നും മികച്ച ബാറ്റിംഗും ബൗളിംഗും പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും ധോണി പറഞ്ഞു. ഇതു വരെ നടന്ന എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന സിഎസ്കെയുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നിരുന്നു. നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ മുംബൈയ്ക്കെതിരേ സിഎസ്കെയ്ക്കു മികച്ച മാര്‍ജിനില്‍ ജയം അനിവാര്യമാരിന്നു. പക്ഷെ ഏകപക്ഷീയമായ തോല്‍വിയിലേക്കാണ് എംഎസ് ധോണിയുടെ ടീം കൂപ്പുകുത്തിയത്.
ഈ മോശം അവസ്ഥയില്‍ ടീമിന് ഭാഗ്യവും തുണയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തവണ സിഎസ്കെക്ക് ആ ഭാഗ്യം ലഭിച്ചില്ലെന്നും ധോണി പറഞ്ഞു. ഇത്തവണ സി.എസ്.കെക്ക് ടോസുകള്‍ ലഭിച്ചില്ലെന്നും രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞ് ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ സിഎസ്കെ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് മഞ്ഞ് ഉണ്ടായിരുന്നെന്നും ധോണി പറഞ്ഞു. അടുത്ത മൂന്നു കളികള്‍ സിഎസ്കെയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കേണ്ടതുണ്ട്. ലേലം എപ്പോഴാവും, വേദികള്‍ എവിടെയായിരിക്കും എന്നിവയടക്കം ഒരുപാട് കാര്യങ്ങള്‍ സിഎസ്കെയ്ക്കു മുന്നിലുണ്ട്. പുതിയ താരങ്ങള്‍ക്കു തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കണം. ഇനിയുള്ള മൂന്നു കളികളില്‍ ഇത് പരമാവധി മുതലെടുത്ത് അടുത്ത സീസണിന് മുമ്പ് നല്ല തയ്യാറെടുപ്പ് നടത്താനായിരിക്കും സിഎസ്കെയുടെ ശ്രമം.
ബാറ്റ്സ്മാന്മാരെ തിരിച്ചറിയണം, ഡെത്ത് ഓവര്‍ ബൗളര്‍മാര്‍മാര്‍ ആരൊക്കെയെന്നു കണ്ടെത്തണം. താരങ്ങള്‍ക്കു സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. താന്‍ ടീമിന്റെ ക്യാപ്റ്റനാണ്. നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സിഎസ്കെയുടെ ശേഷിച്ച എല്ലാ മല്‍സരങ്ങളിലും താന്‍ കളിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.